സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ നിറവിലാണ് ഇന്ത്യ. ത്രിവര്‍ണ അലങ്കാരങ്ങള്‍ നാടെങ്ങും നിറഞ്ഞ് നില്‍ക്കുകയാണ്. ത്രിവര്‍ണങ്ങളില്‍ തെളിയുള്ള അലങ്കാര വിളക്കുകളും ബലൂണുകളുമെല്ലാം നാടെങ്ങളും നിറഞ്ഞിരുന്നു. ഇതിനിടെയില്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധനേടിയത് ഒരു ആഡംബര വാഹനമാണ്. ത്രിവര്‍ണങ്ങളില്‍ അലങ്കരിച്ച ജാഗ്വാര്‍ XF ആണ് അലങ്കാരങ്ങളിലൂടെ സാമൂഹിക മാധ്യമങ്ങളിലും മറ്റും വൈറലായി നിറഞ്ഞുനിന്നത്. 

To advertise here,

ഗുജറാത്തിലെ സൂറത്ത് സ്വദേശിയായി സിദ്ധാര്‍ഥ് ധോഷി എന്നയാളാണ് തന്റെ വാഹനം ത്രിവര്‍ണം നല്‍കി അലങ്കരിച്ചത്. രണ്ട് ലക്ഷം രൂപ ചെലവിലായിരുന്നു ഈ അലങ്കാരപ്പണിയെന്നാണ് റിപ്പോര്‍ട്ട്. ഹര്‍ ഘര്‍ തിരംഗ കാമ്പയിനിന്റെ ഭാഗമായി പതാകയുടെ നിറത്തില്‍ അലങ്കരിച്ച തന്റെ ജാഗ്വാര്‍ എക്‌സ്.എഫുമായി അദ്ദേഹം ഗുജറാത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് യാത്ര ചെയ്യുകയും ചെയ്തിരുന്നു. 1300 കിലോമീറ്ററുള്ള യാത്ര രണ്ട് ദിവസമെടുത്താണ് അദ്ദേഹം പൂര്‍ത്തിയാക്കിയത്.

ത്രിവര്‍ണങ്ങളില്‍ അലങ്കരിച്ച വാഹനവുമായുള്ള യാത്ര എന്നതിലുപരി പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും കാണണമെന്ന ആഗ്രഹവും ഈ യാത്രയ്ക്ക് പ്രേരണയായതായി സിദ്ധാര്‍ഥിനെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. പാര്‍ലമെന്റ് മന്ദിരത്തിന് സമൂപത്ത് കൂടി ഈ വാഹനം സഞ്ചരിക്കുന്നതിന്റെ വീഡിയോയും എ.എന്‍.ഐ. സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍, മന്ത്രിമാരെ കാണാന്‍ അനുമതി ലഭിച്ചോയെന്ന് വ്യക്തമല്ല.

അതേസമയം, വാഹനത്തില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നല്‍കിയിട്ടുള്ള നിറം മാറ്റുന്നത് ഇന്ത്യയില്‍ നിയമവിരുദ്ധമാണ്. എന്തെങ്കിലും കാരണത്താല്‍ നിറം മാറ്റുകയാണെങ്കില്‍ ഇത് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിലും രേഖപ്പെടുത്തണം. കറുത്ത നിറത്തിലുള്ള വാഹനത്തില്‍ മൂന്ന് നിറത്തിലുള്ള സ്റ്റിക്കറുകള്‍ പതിപ്പിച്ചാണ് നിറം മാറ്റിയിരിക്കുന്നത്. ഇത് സ്ഥിരമായി വരുത്തിയിട്ടുള്ള മാറ്റമല്ലെന്നാണ് വിലയിരുത്തല്‍. ഫിലിംഷോപ്പി എന്ന സ്ഥാപനമാണ് വാഹനം അലങ്കരിച്ച് നല്‍കിയത്.