ചെന്നൈ: നയപ്രഖ്യാപനപ്രസംഗം നടത്താതെ തമിഴ്നാട് ഗവർണർ ആർ.എൻ. രവി ഇറങ്ങിപ്പോയതിനുപിന്നാലെ സംസ്ഥാനത്തെ ജനങ്ങളെ ഗവർണർ അവഹേളിച്ചെന്ന് കുറ്റപ്പെടുത്തി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഗവർണർ നയപ്രഖ്യാപനപ്രസംഗം ഒഴിവാക്കുന്നതിന് ഭരണഘടനാഭേദഗതി കൊണ്ടുവരാൻ ശ്രമിക്കുമെന്ന് സ്റ്റാലിൻ പ്രഖ്യാപിച്ചു.

To advertise here,

തയ്യാറാക്കിയ നയപ്രഖ്യാപനം വായിച്ചതായി കണക്കാക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം ഗവർണർ പോയതിനുപിന്നാലെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അവതരിപ്പിച്ചു. പ്രസംഗത്തിന്റെ തമിഴ്‌പതിപ്പ് നിയമസഭാസ്പീക്കർ എം. അപ്പാവു വായിച്ചു.

ആർ.എൻ. രവി തമിഴ്‌നാട് ഗവർണറായി സ്ഥാനമേറ്റശേഷം 2022-ൽമാത്രമാണ് സംസ്ഥാനസർക്കാർ തയ്യാറാക്കിയ നയപ്രഖ്യാപനപ്രസംഗം അതേപോലെ വായിച്ചത്. 2023-ൽ ചില ഭാഗങ്ങൾ ഒഴിവാക്കിയും ചിലത് കൂട്ടിച്ചേർത്തുമായിരുന്നു പ്രസംഗം. തുടർന്നുള്ള മൂന്നുസമ്മേളനങ്ങളിലും അദ്ദേഹം പ്രസംഗം വായിക്കാതെ ഇറങ്ങിപ്പോവുകയായിരുന്നു.

ഗവർണറുടെ നടപടി വിശദീകരിച്ചുകൊണ്ട് ലോക്ഭവൻ പിന്നീട് വിശദമായ പത്രക്കുറിപ്പ് പുറത്തിറക്കി. സഭാനടപടികൾ തുടങ്ങുമ്പോൾ ദേശീയഗാനം ആലപിച്ചില്ലെന്നതാണ് ഗവർണറുടെ പ്രധാന പരാതി. തുടക്കത്തിൽ സംസ്ഥാനഗീതമായ തമിഴ്തായ് വാഴ്ത്തും അവസാനിക്കുമ്പോൾ ദേശീയഗാനവും ആലപിക്കുന്നതാണ് പതിവെന്ന് സ്പീക്കർ വിശദീകരിച്ചു.

തന്റെ പ്രസംഗം തടസ്സപ്പെടുത്താൻ പല തവണ മൈക്ക് ഓഫ് ചെയ്തതായി ഗവർണർ കുറ്റപ്പെടുത്തി. സ്പീക്കർ സംസാരിക്കുമ്പോൾ മറ്റുള്ളവരുടെ മൈക്ക് ഓഫ് ചെയ്യുന്നത് സാധാരണമാണെന്നാണ് സ്പീക്കർ പറയുന്നത്. നിയമസഭയുടെ നടപടിക്രമങ്ങൾ ഗവർണർ പാലിച്ചില്ലെന്നും ഇത് ഭരണഘടനാ ലംഘനമാണെന്നും മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കുറ്റപ്പെടുത്തി. ബിജെപിയും അണ്ണാ ഡിഎംകെയും ഗവർണറെ ന്യായീകരിച്ചപ്പോൾ മറ്റു കക്ഷികൾ വിമർശിച്ചു.