കോയമ്പത്തൂർ: കേരളത്തിലെ ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ തമിഴ്‌നാട് അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കി. രോഗപ്പകർച്ച തടയുന്നതിനായി കോയമ്പത്തൂർ ജില്ലയുടെ അതിർത്തി മേഖലകളിൽ വാഹന പരിശോധനയും പ്രതിരോധ നടപടികളും ഊർജിതമാക്കാൻ അധികൃതർ തീരുമാനിച്ചു.

To advertise here,

രോഗബാധ തടയുന്നതിന്റെ ഭാഗമായി വാളയാർ, വേലന്താവളം, മുള്ളി, ആനക്കട്ടി എന്നിവയ്‌ക്ക് പുറമെ പൊള്ളാച്ചിയിലെ അതിർത്തി പ്രദേശങ്ങളിലും വെറ്ററിനറി വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക ചെക്‌പോസ്റ്റുകൾ തുറന്നു.

കേരളത്തിലേക്ക് വൻതോതിൽ കോഴികളെ വിതരണം ചെയ്യുന്ന മേഖലയാണ് പൊള്ളാച്ചി. ഈ സാഹചര്യത്തിൽ കേരളത്തിലേക്ക് കോഴികളെ കൊണ്ടുപോകാൻ എത്തുന്ന മുഴുവൻ വാഹനങ്ങളും കൃത്യമായ അണുനശീകരണത്തിന് വിധേയമാക്കിയ ശേഷം മാത്രമാണ് അതിർത്തി കടത്തിവിടുന്നത്.

നിലവിൽ കോയമ്പത്തൂർ ജില്ലയിൽ പക്ഷിപ്പനി സംബന്ധിച്ച ആശങ്കകൾ ഇല്ലെന്ന് ജില്ലാ വെറ്ററിനറി വകുപ്പ് അധികൃതർ അറിയിച്ചു. പ്രദേശത്ത് രോഗം വരാനുള്ള സാധ്യത വളരെ കുറവാണെങ്കിലും മുൻകരുതൽ നടപടികൾ എന്നനിലയിൽ പരിശോധനകളും കർശനമായ നിരീക്ഷണവും തുടരുമെന്നും അവർ വ്യക്തമാക്കി.