കോഴിക്കോട്: കോഴിവിഭവങ്ങൾ കോഴിക്കോട്ടുകാർക്ക് എന്നും പ്രിയപ്പെട്ടതാണ്. പൊരിച്ചും കറിവെച്ചും പലതരത്തിൽ അത് മനസ്സും വയറും നിറച്ചുകൊണ്ടിരിക്കയാണ് കാലങ്ങളായി. എന്നാൽ, ഇറച്ചിയുടെ രുചിയോടൊപ്പം അതിന്റെ ഗുണമേന്മയും ചർച്ചചെയ്യേണ്ടതുണ്ട്. തലക്കുളത്തൂർ അണ്ടിക്കോട്ട് പ്രവൃത്തിക്കുന്ന സി.പി.ആർ. ചിക്കൻ സ്റ്റാളിൽ ബുധനാഴ്ച 36 കിലോ ചത്തകോഴി പിടികൂടിയതോടെ കോഴിയിറച്ചിയുടെ ഗുണമേന്മ സംബന്ധിച്ചുള്ള ആശങ്ക വർധിച്ചിരിക്കയാണ്.
ലൈസൻസും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് പ്രവർത്തിക്കേണ്ട കടകളിൽ പലതും അവ പാലിക്കാത്ത സാഹചര്യമാണുള്ളത്. പലയിടത്തും രോഗമുള്ള കോഴികളെയടക്കം വിലകുറച്ച് വിൽപ്പന നടത്തുന്നുമുണ്ട്. മാന്യമായി കച്ചവടംനടത്തുന്നവർക്കുപോലും അപമാനമാവുകയാണ് ഇത്തരം സ്ഥാപനങ്ങൾ.
വിലക്കുറവിന്പിന്നാലെ...
കോഴിയിറച്ചി സാധാരണയിലും വിലകുറച്ച് കിട്ടുമ്പോൾ പലരും ഇതെങ്ങനെ കിട്ടുന്നുവെന്ന് ചിന്തിക്കുന്നില്ല. തമിഴ്നാട്ടിലെ ഫാമുകളിൽനിന്ന് അസുഖം ബാധിച്ച കോഴികളെ നിസ്സാരവിലയ്ക്ക് ഇവിടെയെത്തിക്കുന്ന സംഘമുണ്ട്. ഈ കോഴിയെയാണ് കുറഞ്ഞവിലയ്ക്ക് വിൽക്കുന്നത്. പൊതുവിപണിയിലെ വിലയിൽ നിന്ന് 60 രൂപവരെ കുറച്ചാണ് വിൽപ്പന.
ഇത്തരം കോഴികളിൽ പലതും കേരളത്തിലെത്തുമ്പോഴേക്കും ചത്തുപോകുകയും ചെയ്യും. കുറഞ്ഞ വിലയ്ക്ക് ചിക്കൻവിഭവങ്ങൾ നൽകുന്ന ചില ഭക്ഷണശാലകളും ഇത്തരത്തിലുള്ള കോഴി ഉപയോഗിക്കുന്നുണ്ട്. പ്രത്യേക സീരീസിലുള്ള 100 രൂപയുമായി എത്തുന്നവർക്ക് 12 കഷ്ണം ബ്രോസ്റ്റ് വാഗ്ദാനംചെയ്ത പന്നിയങ്ങരയിലെ ‘കോകോ കൂപ്പ’ എന്ന കടയിൽനിന്ന് കഴിഞ്ഞ ജൂലായ് 31-ന് ഇത്തരത്തിൽ പഴകിയ കോഴിയിറച്ചി പിടിച്ചെടുത്തിരുന്നു.ലാഭത്തിനുപിറകെ പോകുമ്പോൾ സ്വന്തം ആരോഗ്യത്തിനാണ് നമ്മൾ വിലയിടുന്നത്.
ഇറച്ചി സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കണം
കോഴിയിറച്ചി സൂക്ഷിമ്പോൾ ശ്രദ്ധ പുലർത്തമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് അധികൃതർ പറഞ്ഞു. രണ്ടുമണിക്കൂറിൽ കൂടുതൽ കോഴിയിറച്ചി സാധാരണ താപനിലയിൽ വെച്ചാൽ കേടുവരും. രണ്ടുദിവസംവരെ സൂക്ഷിക്കുന്നുണ്ടെങ്കിൽ മൈനസ് നാല് താപനിലയിലും രണ്ടുദിവസത്തിൽ കൂടുതലാണെങ്കിൽ മൈനസ് 17 ഡിഗ്രി താപനിലയിലും വേണം സൂക്ഷിക്കാൻ.
കടയിൽനിന്ന് ഫ്രോസൺ ചിക്കൻ വാങ്ങുന്നവർ ലേബലിൽ കമ്പനിയുടെ പേര്, പാക്കുചെയ്ത തീയതി, കാലാവധി എന്നിവയുണ്ടെന്ന് ഉറപ്പാക്കണം.
ലൈസൻസ് വേണം
തദ്ദേശസ്ഥാപനങ്ങളുടെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും ലൈസൻസുകളാണ് കോഴിക്കടകൾക്ക് പ്രധാനമായും വേണ്ടത്. മലനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റും അറവുമാലിന്യം കൈമാറുന്നതിന് കോഴിമാലിന്യസംസ്കരണ പ്ലാന്റുമായുള്ള കരാറും ഉണ്ടെങ്കിലേ തദ്ദേശസ്ഥാപനങ്ങൾ അനുമതി നൽകൂ. ജീവനക്കാർക്ക് മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റും വേണം. മതിയായ പരിശോധനയില്ലാതെയാണ് പല തദ്ദേശസ്ഥാപനങ്ങളും ലൈസൻസ് നൽകുന്നതെന്ന് ആക്ഷേപമുണ്ട്.
Content Highlights: 36 kg of dead chicken seized from chicken stall
Published: 30 Aug 2024, 09:08 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented