കൊൽക്കത്ത: ഖുദിറാം അനുശീലൻ കേന്ദ്രയിൽ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ്ങ് റൂം രാഷ്ട്രീയപ്പാർട്ടികളെ അറിയിക്കാതെ തുറന്നെന്നും തിരിമറി നടത്തിയെന്നും തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. പാർട്ടി വക്താവ് കുനാൽ ഘോഷും മന്ത്രി ശശി പാഞ്ജയും ഇവിടെ ധർണനടത്തി. ഭവാനിപ്പൂരിലെ സ്ട്രോങ് റൂമുള്ള സഖാവത് സ്‌കൂളിൽ എത്തിയ മമതാ ബാനർജി അർധരാത്രി കഴിഞ്ഞും അവിടെ തുടർന്നു. ഖുദിറാം അനുശീലൻ കേന്ദ്രയിലെ സ്‌ട്രോങ്ങ് റൂമിൽ തിരിമറിനടക്കുന്നതിന്റെ സൂചന കിട്ടിയതുകൊണ്ടാണ് താൻ പരിശോധനക്കെത്തിയതെന്ന് മമത പറഞ്ഞു. സ്‌ട്രോങ്ങ് റൂമിലേക്ക് ആരെയും പ്രവേശിപ്പിച്ചിട്ടില്ലെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ മനോജ് അഗർവാൾ അറിയിച്ചു.

To advertise here,

ബി.ജെ.പി.യും തിരഞ്ഞെടുപ്പ് കമ്മിഷനും കൂടി ജനവിധി അട്ടിമറിക്കുന്നുവെന്ന ആരോപണത്തോടെ ഒരു വീഡിയോ എക്‌സ് ഹാൻഡിലിൽ പങ്കുവെച്ചാണ് തൃണമൂൽ കോൺഗ്രസ് പ്രതിഷേധം തുടങ്ങിയത്. സ്‌ട്രോങ്ങ് റൂമിൽ നടക്കുന്ന നിയമവിരുദ്ധ നടപടി എന്നനിലയിലാണ് ഈ ദൃശ്യങ്ങളെ വിശേഷിപ്പിച്ചിട്ടുള്ളത്.

തൃണമൂൽ നേതാക്കൾ സ്‌ട്രോങ് റൂം കേന്ദ്രത്തിൽ ധർണയിരുന്നതറിഞ്ഞ് ബി.ജെ.പി. സ്ഥാനാർഥികളും ഇവിടെയെത്തി പ്രതിഷേധിച്ചതോടെ സംഘർഷാവസ്ഥയുണ്ടായി.

ഭവാനിപ്പൂരിലെ സ്ട്രോങ് റൂം പ്രവർത്തിക്കുന്ന സഖാവത് സ്‌കൂളിൽ മുഖ്യമന്ത്രി മമതാ ബാനർജി കയറിയതിനെതിരേ പ്രതിഷേധിക്കാൻ ബി.ജെ.പി. പ്രവർത്തകരും ഒത്തുകൂടിയതോടെ സംഘർഷം രൂക്ഷമായിരുന്നു. പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ച് പ്രതിഷേധക്കാരെ നീക്കി.

പോസ്റ്റൽ ബാലറ്റുകൾ തരംതിരിക്കുന്ന ജോലിയാണ് ഖുദിറാം കേന്ദ്രയിൽ നടന്നതെന്നും സ്‌ട്രോങ്ങ് റൂമിൽ വൈദ്യുതിപാടില്ലെന്ന് നിയമമുള്ളതിനാലാണ് ടോർച്ചിന്റെ വെളിച്ചത്തിൽ ഈ ജോലി നടത്തിയതെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ നൽകിയ വിശദീകരണം.

സ്‌ട്രോങ്ങ് റൂമിന്റെ സുരക്ഷിതത്വം ഉറപ്പാക്കാൻ തങ്ങൾ ആവശ്യപ്പെട്ട നടപടികൾ കമ്മിഷൻ അംഗീകരിച്ചതിനാൽ ധർണ പിൻവലിക്കുകയാണെന്ന് പിന്നീട് തൃണമൂൽ നേതാക്കൾ അറിയിച്ചു. രാത്രി മുഴുവൻ ഉറങ്ങാതെ സ്‌ട്രോങ്ങ് റൂമുകൾ നിരീക്ഷിക്കാൻ മുഖ്യമന്ത്രി മമതാ ബാനർജി തൃണമൂൽ പ്രവർത്തകരോട് നിർദേശിച്ചു. മൂന്നാംനിലയിലെ സ്‌ട്രോങ്ങ് റൂം കാണത്തക്ക വിധത്തിൽ സി.സി.ടി.വി. ഒരുക്കണമെന്നും നിരീക്ഷിക്കാൻ ഏജന്റുമാരെ സുരക്ഷിതമായി ഇരുത്തണമെന്നും കമ്മിഷൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സ്‌ട്രോങ് റൂമിന് പുറത്തുവെച്ച് മമത പറഞ്ഞു. ജനവിധി അട്ടിമറിക്കാൻ അനുവദിക്കില്ല. ചില 'സൂപ്പർ പവറു'കൾ ദിവസവും ഉദ്യോഗസ്ഥരെ വിരട്ടി സമ്മർദം ചെലുത്തുന്നതായി വിവരമുണ്ട്. തന്നെ ആദ്യം കേന്ദ്രസേന തടഞ്ഞു. ബി.ജെ.പി. ഗുജറാത്തിൽ നിന്ന് ആളെ ഇറക്കിയിരിക്കുകയാണ്. ഞങ്ങൾക്ക് അതിന്റെ ആവശ്യമില്ല. മിനിറ്റുകൾക്കുള്ളിൽ രണ്ടായിരം പേരെ ഇവിടെ എത്തിക്കാനാവും -മമത പറഞ്ഞു.