ലഖ്നൗ: ഈയിടെനടന്ന രണ്ട് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി. ബോധപൂർവം തോറ്റതാണെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളെ(ഇ.വി.എം.)ക്കുറിച്ചുള്ള പ്രതിപക്ഷ വിമർശനത്തെ പ്രതിരോധിക്കാനും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമാണ് ബി.ജെ.പി.യുടെ ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു. ബിഹാറിലെ ബങ്കിപുർ, മധ്യപ്രദേശിലെ ദതിയ എന്നീ നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലെ ബി.ജെ.പി.യുടെ പരാജയത്തെക്കുറിച്ചായിരുന്നു അഖിലേഷിന്റെ പരാമർശം. സോഷ്യലിസ്റ്റ് നേതാവ് ജനേശ്വർ മിശ്രയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

''ഉത്തർപ്രദേശ്, പശ്ചിമബംഗാൾ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി. ഉപയോഗിച്ച 'മോഡൽ' ഈ ഉപതിരഞ്ഞെടുപ്പുകളിൽ മനഃപൂർവം ഒഴിവാക്കി. ക്രമക്കേടു നടത്താതെ തിരഞ്ഞെടുപ്പിൽ ജയിക്കാൻ കഴിയുമോയെന്ന് പരിശോധിക്കാനും തിരഞ്ഞെടുപ്പു പ്രക്രിയ സുതാര്യമാണെന്ന് വരുത്തിത്തീർക്കാനും ബി.ജെ.പി. തോറ്റുകൊടുക്കുകയായിരുന്നു'' -അഖിലേഷ് ആരോപിച്ചു.

ഇ.വി.എമ്മുകളെക്കുറിച്ച് പ്രതിപക്ഷ പാർട്ടികളുടെ ചോദ്യങ്ങളെ ചെറുക്കാനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അയോധ്യ രാമക്ഷേത്രത്തിലെ ഭക്തരുടെ സംഭാവനയിൽ മോഷണവും തട്ടിപ്പും നടത്തിയ ബി.ജെ.പി.യെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ശ്രീരാമൻതന്നെ തോൽപ്പിക്കുമെന്നും അഖിലേഷ് പറഞ്ഞു.