കൊൽക്കത്ത: അറസ്റ്റ് ചെയ്ത തൃണമൂൽ കോൺഗ്രസ് നേതാവ് ജഹാംഗീർ ഖാനുൾപ്പെടെയുള്ള നേതാക്കളെ തെരുവിലൂടെ നടത്തിച്ച് ബംഗാൾ പോലീസ്. പാർട്ടിക്കും ജഹാംഗീറിനും ഏറെ സ്വാധീനമുള്ള മണ്ഡലമായ ഫാൽത്തയിലെ റോഡിലൂടെയാണ് തൃണമൂൽ കോൺഗ്രസ് നേതാക്കളെ പോലീസ് നടത്തിച്ചത്. വിലങ്ങണിയിച്ച് അടിവസ്ത്രം മാത്രം ധരിപ്പിച്ച് അരയിലൂടെ കയർ കെട്ടിയ നിലയിൽ ജഹാംഗീറിനെയും മറ്റ് നേതാക്കളേയും നടത്തിച്ചതിൽ പാർട്ടി അണികൾക്കിടയിൽ വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്. പോലീസ് സ്‌റ്റേഷന് നേരെ പ്രതിഷേധവുമായി ജഹാംഗീറിന്റെ ഭാര്യയും കൂട്ടാളികളുമെത്തി.

To advertise here,

ആകാശ് സിങ്, അഭിജിത് റോയ്, ജഹാംഗീർ ഖാൻ, ഗുദ്ദു അൻസാരി, ഷമിം അഹമ്മദ്, ഷാഹിൻ മൊല്ല എന്നിവരെയാണ് പോലീസ് തെരുവിലൂടെ നടത്തിയത്. ടിഎംസി നേതാക്കളെ തെരുവിലൂടെ നടത്തിക്കുന്നതിന്റെ നിരവധി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോയിൽ ഒരു നേതാവ് കൈ ചെവിയിൽവെച്ച് മാപ്പ് പറയുന്നതും കാണാം. പോലീസ്-പാരാമിലിട്ടറി സംഘം ആണ് ഇവർക്കൊപ്പമുള്ളത്.

സംഭവത്തിന്റെ ദൃശ്യം പുറത്തുവന്നതോടെ കൽക്കട്ട ഹൈക്കോടതി ബെഞ്ച് സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. പ്രതികളെ ഈ രീതിയിൽ നടത്തിക്കാനുണ്ടായ സാഹചര്യവും നിയമവശവുമാണ് കോടതി ആരാഞ്ഞത്. പ്രതികളെ ബോധപൂർവം പൊതുമധ്യത്തിൽ അപമാനിക്കാനുള്ള ശ്രമങ്ങൾ പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവരുതെന്ന് കോടതി നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, പ്രതികളെ തെരുവിലൂടെ നടത്തിച്ചത് അന്വേഷണത്തിന്റെ ഭാഗമായാണെന്ന് പോലീസ് പറഞ്ഞു. നേരത്തേയുണ്ടായ സംഭവങ്ങൾ പുനരാവിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് അത്തരത്തിൽ ചെയ്തതെന്നും പോലീസ് വിശദീകരിക്കുന്നു. അതേസമയം, ഇത്തരത്തിൽ ചെയ്യുന്നതിന് നിയമസാധുത ഇല്ലെന്നാണ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരിൽ ചിലർ പ്രതികരിച്ചത്.

സംഭവത്തിൽ അതിരൂക്ഷമായ പ്രതികരണവുമായി തൃണമൂൽ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. പോലീസിനെതിരേ നിയനടപടിക്ക് ഒരുങ്ങുകയാണെന്ന് ടിഎംസി നേതാവ് കല്ല്യാൺ ബാനർജി പ്രതികരിച്ചു. ആർട്ടിക്കിൾ 21-ന്റെയും മനുഷ്യാവകാശങ്ങളുടേയും ലംഘനമാണുണ്ടായിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, ഇതാണ് രാമരാജ്യം എന്നാണ് ബിജെപി ഹൗറ ഉത്തർ എംഎൽഎ ഉമേഷ് റായി പറഞ്ഞത്. അറസ്റ്റിലായ ആകാശ് സിങ് ഇതേ തെരുവിലൂടെ നൂറുകണക്കിന് അനുയായികൾക്കൊപ്പം ബൈക്കിൽ സഞ്ചരിച്ച് ആളുകളെ ഭയപ്പെടുത്തിയ കാലമുണ്ടായിരുന്നു. ഇന്ന് അതേ ആകാശ് സിങ് അരയിൽ കയറും കൈയിൽ വിലങ്ങും കെട്ടി അതേ തെരുവിലൂടെ നടക്കുകയാണ്. യഥാർഥ രാമരാജ്യം ഇങ്ങനെയാണെന്നും അദ്ദേഹം പ്രതികരിച്ചു.