ന്യൂഡൽഹി: എംബ്രയർ ജെറ്റ് വിമാനവും അഗസ്റ്റ വി.ഐ.പി. ഹെലികോപ്റ്ററും വാങ്ങാൻ പാർട്ടി ഫണ്ടിൽനിന്നും തൃണമൂൽ കോൺഗ്രസ് വിമാന കമ്പനിക്ക് 160 കോടി നൽകിയെന്ന് എൻഫോഴ്‌സ്‌മെന്റ്ഡയറക്ടറേറ്റ്. ഈ വിമാനവും ഹെലികോപ്റ്ററും ഉയർന്ന നിരക്കിൽ തൃണമൂൽ കോൺഗ്രസ് വാടകയ്ക്കെടുക്കുകയും ചെയ്തതായും ഇഡി കണ്ടെത്തി. 187 കോടി രൂപയാണ് വാടകയായി തൃണമൂൽ കോൺഗ്രസ് ഈ കമ്പനിക്ക് നൽകിയത്.

To advertise here,

കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന വിമാന കമ്പനിയായ കെയർവെൽ ഏവിയേഷൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് ആണ് തൃണമൂൽ കോൺഗ്രസ് കോടികൾ നൽകിയത്. കമ്പനിയും ആയി ബന്ധപ്പെട്ട കള്ളപണ ഇടപാടുകളെ സംബന്ധിച്ച് ഇഡി നടത്തുന്ന അന്വേഷണത്തിലാണ് നിർണ്ണായകമായ കണ്ടെത്തലുകൾ.

വിമാനവും ഹെലികോപ്റ്ററും വാങ്ങാൻ സ്വന്തമായി തുകയില്ലാതിരുന്ന ഈ ഏവിയേഷൻ കമ്പനിക്ക് തൃണമൂൽ കോൺഗ്രസ് 88.5 കോടി രൂപ പലിശരഹിത സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകിയെന്ന് ഇഡി കണ്ടെത്തി.

സെക്യൂരിറ്റി ഡെപ്പോസിറ്റ് ലഭിച്ച ഉടൻ തന്നെ, കെയർവെൽ ഏവിയേഷൻ ഈ തുക ഗുജറാത്തിലെ ഇന്റർനാഷണൽ ഫിനാൻസ് ടെക്-സിറ്റിയിൽ (ഗിഫ്റ്റ് സിറ്റി) രജിസ്റ്റർ ചെയ്തിട്ടുള്ള 'കെയർവെൽ ഫ്‌ലൈജെറ്റ് ഐ.എഫ്.എസ്.സി. പ്രൈവറ്റ് ലിമിറ്റഡ്' എന്ന സ്ഥാപനത്തിന് കൈമാറുകയായിരുന്നു.

ഗിഫ്റ്റ് സിറ്റിയിലെ സ്ഥാപനങ്ങൾ ഓഫ്ഷോർ സ്ഥാപനങ്ങളായാണ് പ്രവർത്തിക്കുന്നത്. ഗുജറാത്തിലെ സ്ഥാപനത്തിന് കെയ്മാൻ ദ്വീപുകളിൽ നിന്ന് ലഭിച്ച 16 കോടിയോളം രൂപയെ കുറിച്ചും ഇഡി അന്വേഷിക്കുന്നുണ്ട്.

വിമാനവും ഹെലികോപ്റ്ററും വാടകയ്ക്കെടുക്കുന്നതിന് തൃണമൂൽ കോൺഗ്രസ് 88.5 കോടി രൂപ പലിശരഹിത സെക്യൂരിറ്റി ഡെപ്പോസിറ്റ് ബാൽകിയത് സംശയാസ്പദമായ ഇടപാടാണ് എന്നാണ് ഇഡിയുടെ നിലപാട്. വിമാനത്തിന് പ്രതിമാസം കുറഞ്ഞത് 90 ലക്ഷം രൂപയും ഹെലികോപ്റ്ററിന് 60 ലക്ഷം രൂപയും തൃണമൂൽ നൽകണമെന്നായിരുന്നു കരാർ.

ജെറ്റ് വിമാനം 72 മാസത്തേക്കും ഹെലികോപ്റ്റർ 56 മാസത്തേക്കും ഉപയോഗിക്കുന്നതിന് ജി.എസ്.ടി. തുക കൂടാതെ 186.9 കോടി രൂപയാണ് തൃണമൂൽ കോൺഗ്രസ് നൽകേണ്ടിയിരുന്നത്. എന്നാൽ കരാർ പ്രകാരമുള്ള കുറഞ്ഞ യാത്രാസമയം പോലും പൂർണ്ണമായി വിനിയോഗിക്കാതിരുന്നിട്ടും, 2021-'26 കാലയളവിൽ മറ്റ് കമ്പനികളിൽനിന്ന് വിമാനങ്ങളും ഹെലികോപ്റ്ററുകളും വാടകയ്ക്കെടുക്കുന്നതിനായി തൃണമൂൽ കോൺഗ്രസ് 149 കോടി രൂപ വേറെയും ചെലവഴിച്ചിരുന്നു.

2021 ഏപ്രിലിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം തൃണമൂൽ കോൺഗ്രസ് മൂന്നാം തവണയും അധികാരത്തിലെത്തി മാസങ്ങൾക്ക് ശേഷമാണ് കെയർവെൽ ഏവിയേഷൻ രൂപീകൃതമാകുന്നത്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് പരാജയപ്പെട്ട ശേഷവും 2026 സെപ്റ്റംബർ വരെയുള്ള കാലയളവിലേക്ക് മുൻകൂറായി മൂന്ന് മാസത്തെ വാടക തുക പാർട്ടി കമ്പനിക്ക് നൽകിയതായും അന്വേഷണത്തിൽ കണ്ടെത്തിയിയിട്ടുണ്ട്.

കെയർവെൽ ഏവിയേഷൻ ഡയറക്ടർമാരെ ഇഡി ചോദ്യം ചെയ്യുകയും അവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സെക്യൂരിറ്റി ഡെപ്പോസിറ്റ് പോലെ വലിയ സാമ്പത്തിക സഹായങ്ങൾ നൽകാത്ത മറ്റുള്ളവരിൽനിന്ന് എംബ്രയർ വിമാനത്തിന് മണിക്കൂറിന് 7.6 ലക്ഷം രൂപ മാത്രം ഈടാക്കുമ്പോൾ, തൃണമൂൽ കോൺഗ്രസിൽനിന്ന് എന്തുകൊണ്ട് പറക്കൽ മണിക്കൂറിന് 16.5 ലക്ഷം രൂപ നിരക്കിൽ ഈടാക്കി എന്നതിലടക്കം അന്വേഷണ ഏജൻസി വ്യക്തത തേടിയിട്ടുണ്ട്.

2021 ജൂലൈയ്ക്കും 2026 ജൂണിനും ഇടയിൽ എംബ്രയർ വിമാനത്തിന്റെയും അഗസ്റ്റ ഹെലികോപ്റ്ററിന്റെയും ചാർട്ടർ സർവീസുകൾക്കായി 160 കോടിയിലധികം രൂപ കെയർവെൽ ഏവിയേഷനും അനുബന്ധ സ്ഥാപനങ്ങൾക്കുമായി കൈമാറിയെന്നാണ് പണമിടപാട് വിവരങ്ങൾ വ്യക്തമാക്കുന്നത്.

മറ്റൊരു ചാർട്ടർ സർവീസായ വിൻഡ്ബോൺ ഏവിയേഷനിൽനിന്ന് ഫാൽക്കൺ 2000 വിമാനം വാടകയ്ക്കെടുത്ത വകയിൽ മണിക്കൂറിന് 75 ലക്ഷം രൂപ നിരക്കിൽ തൃണമൂൽ പണം നൽകിയതായും അന്വേഷണത്തിൽ കണ്ടെത്തി. വെറും 11-12 മണിക്കൂർ മാത്രമാണ് ഈ വിമാനം ഉപയോഗിച്ചതെങ്കിലും 9.1 കോടി രൂപയാണ് തൃണമൂൽ കോൺഗ്രസ് നൽകിയത്.