കൊൽക്കത്ത: ബംഗ്ലാദേശിൽ നിന്നും പുറത്താക്കപ്പെട്ട എഴുത്തുകാരി തസ്ലീമ നസ്റിൻ ഏതാണ്ട് രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം കൊൽക്കത്തയിലേക്ക് മടങ്ങിയെത്തി. തന്റെ ഓർമ്മക്കുറിപ്പായ 'ദ്വിഖണ്ഡിതോ' എന്ന പുസ്തകത്തെച്ചൊല്ലി ഉണ്ടായ പ്രതിഷേധങ്ങളെത്തുടർന്ന് 2007-ലാണ് അവർ നഗരം വിടാൻ നിർബന്ധിതയായത്.
ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാനാണ് തസ്ലീമ കൊൽക്കത്തയിൽ എത്തിയിരിക്കുന്നത്. വെള്ളിയാഴ്ച പശ്ചിമ ബംഗാൾ തലസ്ഥാനത്തെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മളമായ സ്വീകരണം ഏറ്റുവാങ്ങിയ തസ്ലീമ, ഇവിടെ തന്റെ രണ്ടാം വീടാണെന്നും ഈ നഗരത്തിലേക്കുള്ള തിരിച്ചുവരവിൽ ഏറെ സന്തോഷമുണ്ടെന്നും മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് അന്നത്തെ സിപിഎം നേതൃത്വത്തിലുള്ള ബംഗാൾ സർക്കാർ 2003-ൽ അവരുടെ പുസ്തകം നിരോധിച്ചിരുന്നു. 63-കാരിയായ തസ്ലീമ നാളെ രവീന്ദ്ര സദനിൽ നടക്കുന്ന ഒരു പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കും. ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയും പ്രശസ്ത എഴുത്തുകാരൻ ശീർഷേന്ദു മുഖോപാധ്യായയും പരിപാടിയിൽ പങ്കെടുത്തേക്കും.
ഇസ്ലാമിനെ അവഹേളിച്ചുവെന്ന് ബംഗ്ലാദേശ് സർക്കാർ ഒരുകാലത്ത് ആരോപിച്ചിരുന്ന എഴുത്തുകാരി, തനിക്ക് നൽകുന്ന പൗരസ്വീകരണത്തിന് ശേഷം ചില കവിതകൾ ആലപിക്കുകയും ചർച്ചയിൽ പങ്കുചേരുകയും ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.
താൻ ഒരിക്കലും മനസ്സോടെയല്ല കൊൽക്കത്ത വിട്ടുപോയതല്ലെന്നും എന്നെങ്കിലും തിരിച്ചുവരുമെന്ന് എപ്പോഴും പ്രതീക്ഷിച്ചിരുന്നുവെന്നും വാർത്താ ഏജൻസിയായ പിടിഐയോട് തസ്ലീമ പറഞ്ഞു.
'ഞാൻ ഒരിക്കലും മനസ്സോടെയല്ല കൊൽക്കത്ത വിട്ടുപോയത്. അന്നത്തെ പശ്ചിമ ബംഗാൾ സർക്കാർ എന്നെ സംസ്ഥാനം വിടാൻ നിർബന്ധിക്കുകയായിരുന്നു. എങ്കിലും ഒരു ദിവസം എനിക്കിവിടെ തിരിച്ചുവരാനാകുമെന്ന പ്രതീക്ഷ ഞാൻ ഒരിക്കലും കൈവിട്ടില്ല. വർഷങ്ങൾ കടന്നുപോയി, സർക്കാരുകൾ മാറി, എന്നിട്ടും വാതിൽ അടഞ്ഞുകിടന്നു.' അവർ പറഞ്ഞു.
അവരുടെ സന്ദർശന വാർത്ത രാഷ്ട്രീയ വിവാദങ്ങൾക്കും തിരികൊളുത്തിയിട്ടുണ്ട്. എഴുത്തുകാരി പലപ്പോഴും മുസ്ലീങ്ങൾക്കെതിരെ സംസാരിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് 'ഡബിൾ എഞ്ചിൻ സർക്കാർ' അവരെ സ്വാഗതം ചെയ്യുന്നതെന്നും തൃണമൂൽ എംഎൽഎ അഖ്റുസ്സമാൻ അവകാശപ്പെട്ടു.
അതേസമയം, ബംഗാൾ മന്ത്രി അഗ്നിമിത്ര പോൾ എഴുത്തുകാരിയുടെ സന്ദർശനത്തെ സ്വാഗതം ചെയ്തു. 'മുൻ സർക്കാരിന്റെ കാലത്ത് അവർക്ക് തിരിച്ചുവരാൻ ഒരിക്കലും അവസരം നൽകിയിരുന്നില്ല. പ്രതിപക്ഷം മതേതരത്വത്തെക്കുറിച്ച് വളരെയധികം സംസാരിക്കുന്നു, എന്നാൽ അവർ തന്റെ പുസ്തകത്തിൽ സത്യം എഴുതിയപ്പോൾ അവർ അവർക്ക് സുരക്ഷ നിഷേധിച്ചു.' അഗ്നിമിത്ര പറഞ്ഞു.
'തൃണമൂൽ സർക്കാരിന് കീഴിൽ വിവിധ സമുദായങ്ങളിലെ ആളുകൾ വെറും രാഷ്ട്രീയ ഉപകരണങ്ങളായി മാത്രം ഉപയോഗിക്കപ്പെട്ടു. ഇന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ സർക്കാരിന് കീഴിൽ ഓഗസ്റ്റ് ഒന്നിന് തസ്ലീമ നസ്‌റീൻ വരുന്നു; ഇത് ഞങ്ങൾക്ക് അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും നിമിഷമാണ്.' മന്ത്രി പറഞ്ഞു.
Content Highlights: Taslima Nasreen makes her first public appearance in Kolkata since 2007. The author returned to the city 19 years after being forced to leave. She is scheduled to attend an anti-fundamentalism program at Rabindra Sadan. Her visit has triggered a political debate between the state government and opposition leaders.
Published: 31 Jul 2026, 02:21 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented