ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണായക മാറ്റങ്ങൾക്ക് വഴിയൊരുക്കാവുന്ന മണ്ഡല പുനർനിർണയ ബില്ലിന്റെ പ്രധാന വിവരങ്ങൾ പുറത്തുവന്നു. ലോക്സഭയിലെയും സംസ്ഥാന നിയമസഭകളിലെയും സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാനും മണ്ഡലങ്ങളുടെ അതിർത്തികൾ പുനർനിശ്ചയിക്കാനും ലക്ഷ്യമിട്ടാണ് ബിൽ തയ്യാറാക്കിയിരിക്കുന്നത്. സംസ്ഥാനങ്ങളിലെ ജനസംഖ്യയും ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങളും പരിഗണിച്ച്, ജനസംഖ്യയ്ക്ക് ആനുപാതികമായ പ്രാതിനിധ്യം ഉറപ്പാക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
പ്രധാന വ്യവസ്ഥകളും ഘടനയും
നിലവിൽ ലോക്സഭയിലുള്ള 543 സീറ്റുകൾ പരമാവധി 850 വരെ ആക്കാനാണ് ബില്ലിലെ നിർദ്ദേശം. എല്ലാ സംസ്ഥാനങ്ങളിലും ലോക്സഭാ സീറ്റുകളിൽ 50 ശതമാനം വർദ്ധനവ് വരുത്താനാണ് ആലോചന. അങ്ങനെയെങ്കിൽ ലോക്‌സഭയിലെ ആകെ സീറ്റുകളുടെ എണ്ണം 543 ൽ നിന്ന് 815 ആയി ഉയരും. സംസ്ഥാന നിയമസഭകളിലെ പരമാവധി സീറ്റുകളുടെ എണ്ണം 500-ൽ നിന്നും 650 ആയി ഉയർത്താൻ ബിൽ വ്യവസ്ഥ ചെയ്യുന്നു.
മണ്ഡലങ്ങൾ മാറ്റി വരയ്ക്കുന്ന പ്രക്രിയയ്ക്ക് 2011-ലെ സെൻസസ് അടിസ്ഥാനമാക്കും. സീറ്റുകളുടെ മൂന്നിലൊന്ന് ഭാഗം സ്ത്രീകൾക്കായി സംവരണം ചെയ്യും. എസ്സി/എസ്ടി വിഭാഗത്തിലെ സ്ത്രീകളും ഇതിൽ ഉൾപ്പെടും. വനിതാ സംവരണം 2027-ലെ സെൻസസുമായി ബന്ധിപ്പിക്കില്ല, കൂടാതെ ഇത് 15 വർഷത്തേക്കായിരിക്കും നിലനിൽക്കുക. ഈ സംവരണ മണ്ഡലങ്ങൾ സുതാര്യമായ രീതിയിൽ മാറിയും മറിഞ്ഞും വരും. കേരളത്തിൽ 20 ലോക്‌സഭാ സീറ്റുകൾ എന്നത് 30 ആയി ഉയരും. ഇതിൽ 10 എണ്ണം വനിതാ സംവരണ മണ്ഡലങ്ങളായിരിക്കും. കേരളത്തിലെ നിയമസഭാ സീറ്റുകളുടെ എണ്ണം 140 ൽ നിന്ന് 210 ആയി ഉയരും. ഇതിൽ 70 സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്തവയായിരിക്കും. പുതിയ മണ്ഡല ഭൂപടം 2029-ലെ പൊതു തിരഞ്ഞെടുപ്പിനു മുൻപായി തയ്യാറാക്കും.
ബില്ലിന്റെ ഭാഗമായി പുതിയ ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിക്കും. സിറ്റിംഗ് ജഡ്ജിയോ അല്ലെങ്കിൽ വിരമിച്ച സുപ്രീം കോടതി ജഡ്ജിയോ ആയിരിക്കും കമ്മീഷന്റെ അധ്യക്ഷൻ. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറോ അല്ലെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷണർമാരിൽ ഒരാളോ, അതത് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഓഫീസറോ കമ്മീഷനിൽ അംഗങ്ങളായിരിക്കും. കമ്മീഷന് സിവിൽ കോടതിയുടെ അധികാരങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
രാഷ്ട്രീയ പ്രത്യാഘാതങ്ങളും ആശങ്കകളും
ജനസംഖ്യാ വളർച്ച കൂടുതലുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ ലോക്സഭാ സീറ്റുകൾ ലഭിക്കുമ്പോൾ, ജനസംഖ്യാ നിയന്ത്രണത്തിൽ മുന്നിൽ നിന്ന കേരളം, തമിഴ്നാട് തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ദേശീയ രാഷ്ട്രീയത്തിലെ സ്വാധീനം കുറയുമോ എന്ന ശക്തമായ ആശങ്ക ഉയർന്നിട്ടുണ്ട്. ഇത് കേവലം അതിർത്തി നിർണ്ണയം മാത്രമല്ലെന്നും രാജ്യത്തെ സംസ്ഥാനങ്ങൾ തമ്മിലുള്ള രാഷ്ട്രീയ പ്രാതിനിധ്യത്തിന്റെ സന്തുലിതാവസ്ഥയെ ബാധിക്കുന്ന ഭരണഘടനാ വിഷയമാണെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, 2026 ഏപ്രിലിൽ അവതരിപ്പിച്ച 131-ാം ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭയിൽ പാസ്സായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ ഭേദഗതികളോടെ കേന്ദ്രസർക്കാർ ബിൽ വീണ്ടും കൊണ്ടുവരുന്നത്. ബില്ലിനെ പിന്തുണയ്ക്കുമെന്ന് എൻസിപി ശരദ് പവാർ പക്ഷവും ഡിഎംകെയും പ്രഖ്യാപിച്ചിട്ടുണ്ട്. വൈഎസ്ആർ കോൺഗ്രസും പിന്തുണയ്ക്കുമെന്നാണ് വിവരം. കഴിഞ്ഞ തവണ ബിൽ കൊണ്ടുവന്നപ്പോൾ കേന്ദ്രസർക്കാരിന് അഞ്ച് വോട്ടുകൾ അധികം കിട്ടിയിരുന്നു. അതിൽ വൈഎസ്ആർ കോൺഗ്രസിന്റെ നാലുപേരുടെ പിന്തുണയുണ്ടായിരുന്നു. അങ്ങനെ വന്നാൽ ബില്ലിന് 354 അനുകൂല വോട്ട് ലഭിക്കും. ഝാർഖണ്ഡ് മുക്തി മോർച്ച, വിസികെ, ആർ.എൽ.പി എന്നീ പാർട്ടികളുമായും കേന്ദ്രസർക്കാർ ചർച്ചകൾ നടത്തിയിരുന്നു. ഇതിൽ ഇവരുടെ നിലപാട് അനുകൂലമാകുമെന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്. നിലവിൽ ഈ കക്ഷികൾ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാണ്. ഭരണഘടനാ ഭേദഗതി ആയതിനാൽ 360 വോട്ടുകളെങ്കിലും ലഭിച്ചാൽ മാത്രമേ ബിൽ പാസാക്കാനാകൂ. ലോക്‌സഭയിലെ മറ്റ് ചെറുകക്ഷികളുടെയും സ്വതന്ത്രരുടെയും വോട്ട് ബില്ലിന് ലഭിക്കുമെന്നാണ് കേന്ദ്രസർക്കാരിന്റെ പ്രതീക്ഷ.
Content Highlights: The delimitation bill aims to increase Lok Sabha seats from 543 to 815, ensuring proportional representation based on population and geography.
Published: 28 Nov 2026, 12:33 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented