
ന്യൂഡല്‍ഹി: പഞ്ചാബിലെ നാല് മുന്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിടുമെന്ന് വിവരം. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് ഇപ്പോള്‍ കണ്ടതെന്ന് കോണ്‍ഗ്രസ് വിട്ട മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് മുന്നറിയിപ്പ് നല്‍കി.
അധികാരം നഷ്ടപ്പെട്ടതിന് പിന്നാലെ പഞ്ചാബില്‍ കോണ്‍ഗ്രസിന് അടിപതറുകയാണ്. ഒടുവില്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന നാല് പേര്‍ കളിഞ്ഞ സര്‍ക്കാരിലാണ് മന്ത്രിമാരായത്. ബല്‍ബിര്‍ സിദ്ദു ആരോഗ്യം, ഗുര്‍പ്രീത് കണ്‍ങ്കര്‍ റവന്യു, ദളിത് നേതാവ് വെര്‍ക്ക സാമൂഹ്യ നീതി, സുന്ദര്‍ അറോറ വ്യവസായം വകുപ്പുകള്‍ കൈകാര്യം ചെയ്തു. എല്ലാവര്‍ക്കും കോണ്‍ഗ്രസ് വീണ്ടും സ്ഥാനാര്‍ത്ഥിത്വം നല്‍കിയെങ്കിലും തോല്‍ക്കുകയായിരുന്നു.
ഒരു നിര നേതാക്കളാകെ ബിജെപിയില്‍ ചേര്‍ന്നത് കണ്ട് ഞെട്ടലിലായ കോണ്‍ഗ്രസിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാഴ്ത്തുന്ന പ്രസ്താവനയാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്റേത്. ഇനിയും കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലെത്തും എന്ന് പറഞ്ഞതിനൊപ്പം ബിജെപിയില്‍ ചേര്‍ന്ന കോണ്‍ഗ്രസുകാരെ അഭിനന്ദിക്കുകയും ചെയ്തു അമരീന്ദര്‍.
നേരത്തേ കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ച അമരീന്ദര്‍ സിങ് ബിജെപിയുമായി സഖ്യം ചേരുകയായിരുന്നു. പുതിയ സാഹചര്യത്തില്‍ അമരീന്ദറും ബിജെപിയുമായി കൂടുതല്‍ അടുക്കുന്നതായാണ് സൂചന. കോണ്‍ഗ്രസിന്റെ മുന്‍ പിസിസി അധ്യക്ഷന്‍ സുനില്‍ ഝാഖര്‍ ആഴ്ചകള്‍ മുന്‍പാണ് ബിജെപിയില്‍ ചേര്‍ന്നത്. മുന്‍ പിസിസി അധ്യക്ഷനായ നവ്ജോത് സിംഗ് സിദ്ദു ജയിലിലുമാണ്. ചെറുപ്പക്കാരനായ പുതിയ പാര്‍ട്ടി അധ്യക്ഷന്‍ അമരീന്ദര്‍ സിംഗ് രാജാ വാറങ്ങിന്റെ നേതൃത്വത്തില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പഞ്ചാബ് കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധികള്‍ ഉടലെടുക്കുന്നത്.
അതേ സമയം കോണ്‍ഗ്രസ് വിട്ട നേതാക്കള്‍ക്ക് അമരീന്ദര്‍ സിംഗ് രാജാ വാറങ്ങ് ആശംസകളറിയിച്ചു. പാര്‍ട്ടിയുടെ എല്ലാ ആനുകൂല്യങ്ങളും പറ്റിയ ശേഷം യുവനേതാക്കള്‍ക്ക് വേണ്ടി സ്ഥാനങ്ങള്‍ ഒഴിച്ചിട്ടുപോകുന്നതിന് നന്ദിയുണ്ടെന്ന് അദ്ദേഹം പരിഹാസ രൂപേണെ പറഞ്ഞു.
'കോണ്‍ഗ്രസ് പാര്‍ട്ടി ഒരു അമ്മ മക്കളെ പരിചരിക്കുന്നത് പോലെയാണ് ഈ നേതാക്കളെ പരിചരിച്ചിരുന്നത്. ഇപ്പോള്‍ പ്രത്യുപകാരം ചെയ്യേണ്ട ഒരു ഘട്ടമെത്തിയപ്പോള്‍ കുങ്കുമ മേച്ചില്‍പ്പുറങ്ങള്‍ക്കായി അമ്മയെ ഒറ്റിക്കൊടുത്തിരിക്കുകയാണിവര്‍' കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.
Content Highlights: Tip Of The Iceberg- Amarinder Singh After 5 Congress Leaders Join BJP-punjab congress
Published: 05 Jun 2022, 01:02 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented