ഛണ്ഡീഗഢ്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ പാര്‍ട്ടികള്‍ക്ക് അഭിമാനപ്പോരാട്ടം. മുന്‍മുഖ്യമന്ത്രിയും മുന്‍മുഖ്യമന്ത്രിയുടെ ഭാര്യയും മുന്‍ഉപമുഖ്യമന്ത്രിയും മറ്റൊരു മുന്‍ഉപമുഖ്യമന്ത്രിയുടെ ഭാര്യയും പാര്‍ട്ടി അധ്യക്ഷനുമടക്കം മുന്‍നിരനേതാക്കളുടെ വലിയ നിരയാണ് സംസ്ഥാനത്ത് ജനവിധി തേടുന്നത്. ഭരണത്തിന്റെ വിലയിരുത്തല്‍ കൂടെയാവുന്ന തിരഞ്ഞെടുപ്പില്‍ നിലവിലെ മുഖ്യമന്ത്രിക്കും തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്.

To advertise here,

2014-ലും 2019-ലും സംഗ്രൂരില്‍നിന്ന് ലോക്‌സഭയിലെത്തിയ ഭഗവന്ത് മാന്‍, ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയതിന് പിന്നാലെ മുഖ്യമന്ത്രിയായി. ഇതേത്തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ പക്ഷേ ആം ആദ്മി പാര്‍ട്ടിക്ക് സംഗ്രൂര്‍ നഷ്ടമായി. ഇത്തവണ സംസ്ഥാന മന്ത്രിസഭാംഗം ഗുര്‍മീത് സിങ് മീത് ഹയറാണ് ഇവിടെ ജനവിധി തേടുന്നത്. ഗുര്‍മീതിനെ വിജയിപ്പിച്ചെടുക്കുക എന്ന വലിയ ദൗത്യം മുന്‍ എം.പിയെന്ന നിലയില്‍ മുഖ്യമന്ത്രിക്കുണ്ട്.

കോണ്‍ഗ്രസിന്റെ മുന്‍മുഖ്യമന്ത്രി ചരണ്‍ജീത്ത് സിങ് ഛന്നി ജലന്ധറില്‍നിന്നാണ് മത്സരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഛന്നി മത്സരിച്ച രണ്ടുസീറ്റിലും പരാജയപ്പെട്ടിരുന്നു. പട്യാലയില്‍ മുന്‍മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരിന്ദര്‍ സിങ്ങിന്റെ ഭാര്യയും രണ്ടുതവണ എം.പിയുമായ പ്രണീത് കൗര്‍ ജനവിധി തേടും. നാലുതവണ കോണ്‍ഗ്രസ് എം.പിയായ പ്രണീത് ഇത്തവണ ബി.ജെ.പി. ടിക്കറ്റിലാണ് ജനവിധി തേടുന്നത്. കൂറുമാറിയതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പെന്ന നിലയില്‍ പ്രണീതിന് ഇത്തവണത്തെ തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്.

മുന്‍ഉപമുഖ്യമന്ത്രി സുഖ്ബിര്‍ സിങ് ബാദലിന്റെ ഭാര്യയും സിറ്റിങ് എം.പിയുമായ ഹര്‍സിമ്രത് ബാദല്‍ ഭട്ടിന്‍ഡയില്‍നിന്നാണ് മത്സരിക്കുന്നത്. എന്‍.ഡി.എ. സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ഇവര്‍ കേന്ദ്രത്തിന്റെ കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് രാജിവെച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പുകളിലെ പരാജയത്തില്‍നിന്ന് തിരിച്ചുവരവിനൊരുങ്ങുന്ന ശിരോമണി അകാലിദളിന് ഭട്ടിന്‍ഡയിലെ വിജയം നിലനില്‍പ്പിന് അനിവാര്യമാണ്.

പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമരിന്ദര്‍ സിങ് രാജ വാറിങ് നേരിടുന്നത് മുന്‍ സഹപ്രവര്‍ത്തകനും സിറ്റിങ് എം.പിയുമായ രവ്‌നീത് സിങ് ബിട്ടുവിനെതിരെയാണ്. ലുധിയാന എം.പിയായ ബിട്ടു, തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. മുന്‍ഉപമുഖ്യമന്ത്രിയായ സുഖ്‌വിന്ദര്‍ സിങ് റണ്‍ധാവ ഗുര്‍ദാസ് പുരിലാണ് മത്സരിക്കുന്നത്.