ഭോപ്പാൽ (മധ്യപ്രദേശ്): യാചകരെ നിരത്തുകളിൽനിന്ന് പൂർണമായും ഒഴിവാൻ കടുത്ത നടപടി സ്വീകരിക്കാനൊരുങ്ങി രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള നഗരമായ ഇന്ദോർ. യാചകർക്ക് പണം നൽകുന്നവർക്കെതിരെ കേസെടുക്കാനാണ് നീക്കം. ജനുവരി ഒന്നുമുതൽ ഇത്തരത്തിൽ കേസെടുത്ത് തുടങ്ങുമെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്.
ഇന്ദോറിൽ ഭിക്ഷാടനം നിരോധിച്ചുകൊണ്ട് നേരത്തെതന്നെ ഉത്തരവ് ഇറക്കിയിട്ടുള്ളതാണ്. നടപടികൾ കടുപ്പിക്കുന്നതിന് മുന്നോടിയായി ഈമാസം അവസാനംവരെ ജില്ലാ ഭരണകൂടം ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. അതിനുശേഷമാകും ജനുവരി ഒന്നുമുതൽ കേസെടുക്കലിലേക്ക് കടക്കുക. യാചകർക്ക് ആരെങ്കിലും പണം നൽകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അവർക്കെതിരെ പ്രഥമവിവര റിപ്പോർട്ട് (എഫ്.ഐ.ആർ) രജിസ്റ്റർചെയ്ത് അന്വേഷണം തുടങ്ങും. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രവർത്തനങ്ങളിൽനിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്ന് അഭ്യർഥിക്കുന്നതായി ജില്ലാ കളക്ടർ ആശിഷ് സിങ് മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്ര സർക്കാർ പദ്ധതിയുടെ തുടക്കമെന്ന നിലയിലാണ് കടുത്ത നടപടികൾക്ക് ഇന്ദോറിൽ തുടക്കം കുറിക്കുന്നത്. ഡൽഹി, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഇന്ദോർ, ലഖ്‌നൗ, മുംബൈ, നാഗ്പുർ, പട്‌ന, അഹമ്മദാബാദ് നഗരങ്ങൾ ഉൾപ്പെടുന്നതാണ് കേന്ദ്ര സർക്കാരിന്റെ പദ്ധതി.
അതിനിടെ, യാചകരെ ഒഴിവാക്കാൻ നടത്തിയ നീക്കത്തിനിടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചതെന്ന് പ്രോജക്ട് ഓഫീസർ ദിനേശ് മിശ്ര പറയുന്നു. നല്ല വീട് സ്വന്തമായി ഉള്ളവരാണ് യാചകരിൽ പലരും. ചിലരുടെ മക്കൾ ബാങ്കിൽ ജോലിചെയ്യുന്നു. ഒരിക്കൽ ഒരു യാചകനിൽനിന്ന് 29,000 രൂപ കണ്ടെത്തി. ചിലർ പണം വായ്പനൽകി പലിശ വാങ്ങുന്നവരാണ്. ഒരിക്കൽ ഭിക്ഷാടക സംഘത്തിലെ കുട്ടികളെ രക്ഷപ്പെടുത്താനായി അധികൃതർ എത്തിയപ്പോൾ കാണാൻ കഴിഞ്ഞത് സംഘം ഹോട്ടലിൽ താമസിക്കുന്നതാണ്.
ഇന്ദോർ കേന്ദ്രമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയുടെ സഹകരണത്തോടെയാണ് ഭിക്ഷാടനം പൂർണമായും ഇല്ലാതാക്കാനുള്ള നീക്കം നടത്തുന്നതെന്ന് മധ്യപ്രദേശ് സാമൂഹികക്ഷേമ മന്ത്രി നാരായൺ സിങ് കുശ്വാഹ പറയുന്നു. യാചകർക്ക് സംഘടന താമസ സൗകര്യം നൽകുകയും തൊഴിൽ ചെയ്യാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യും. ഭിക്ഷാടനത്തിൽനിന്ന് ആളുകളെ മോചിപ്പിക്കാനുള്ള അക്ഷീണ പരിശ്രമമാണ് നടത്തുന്നതെന്നും മന്ത്രി അവകാശപ്പെട്ടു.
Content Highlights: those who give money to beggars will face police case in indore
Published: 16 Dec 2024, 05:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented