ന്യൂഡല്‍ഹി: ഇത്തവണ ഹോളി ആഘോഷത്തില്‍ താന്‍ പങ്കെടുക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ആളുകള്‍ കൂട്ടം ചേരുന്നത് പരമാവധി ഒഴിവാക്കണമെന്ന് ലോകമെമ്പാടുമുള്ള വിദഗ്ധര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഹോളി ആഘോഷത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പ്രധാനമന്ത്രി തീരുമാനിച്ചിരിക്കുന്നത്. 

ആഘോഷങ്ങളില്‍ നിന്ന് പ്രധാനമന്ത്രി തന്നെ സ്വയം വിട്ടുനില്‍ക്കുന്നത് സംഘംചേര്‍ന്നുള്ള ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ജനങ്ങളെയും പ്രേരിപ്പിക്കുമെന്ന ചിന്തയിലാണ് ഇത്തരമൊരു നീക്കത്തിന് പ്രധാനമന്ത്രി മുതിര്‍ന്നിരിക്കുന്നത്. 

ഇറ്റലിയില്‍ നിന്ന് ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ 15 വിനോദ സഞ്ചാരികള്‍ ഉള്‍പ്പടെ പതിനെട്ട് പേര്‍ക്കാണ് ഇന്ത്യയില്‍ കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ ഒരാള്‍ ഡല്‍ഹി നിവാസിയാണ്‌. 

പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമെന്ന നിലയില്‍ ധാരാളം വിനോദസഞ്ചാരികളെത്തുന്നതിനാല്‍ ഡല്‍ഹിയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന ആശങ്കയുണ്ട്‌.

രാജ്യത്ത് കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്‍ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. 

Content Highlights:this year I have decided not to participate in any Holi Milan programme:PM Modi