
ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്‍ ബുധനാഴ്ച ലോക്സഭയില്‍ അവതരിപ്പിക്കുമെന്ന സൂചന ഉയരുന്നതിനിടെ എന്‍ഡിഎയിലെ ഘടകകക്ഷികളുടെ നിലപാട് നിര്‍ണായകം. കേന്ദ്രത്തെ പിന്തുണയ്ക്കുന്ന ജെഡിയു, ടിഡിപി, എല്‍ജെപി, ആര്‍എല്‍ഡി പാര്‍ട്ടികള്‍ സമ്മര്‍ദത്തിലാണ്. ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലാണ് ആദ്യത്തെ അഗ്നിപരീക്ഷ. ബില്ലിനെ നിതീഷ് കുമാര്‍ പിന്തുണച്ചാല്‍ 17.6 ശതമാനം മുസ്ലിം സാന്നിധ്യമുള്ള ബിഹാറില്‍ ജെഡിയുവിന്റെ മുസ്ലിം വോട്ടുബാങ്കില്‍ വിള്ളല്‍വീഴാനിടയുണ്ട്.
ബില്ലിനെ എതിര്‍ക്കുന്നവര്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത് എന്‍ഡിഎ ഘടകകക്ഷികളിലാണ്. ചന്ദ്രബാബു നായിഡു, നിതീഷ് കുമാര്‍, ചിരാഗ് പാസ്വാന്, ജയന്ത് ചൗധരി എന്നിവര്‍ പറഞ്ഞാല്‍ ബില്‍ കൊണ്ടുവരില്ലെന്നായിരുന്നു കഴിഞ്ഞദിവസം മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് നേതാക്കള്‍ പറഞ്ഞത്.
കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ ജെഡിയു നേതാവും കേന്ദ്രമന്ത്രിയുമായ രാജീവ് രഞ്ജന്‍ സിങ് ബില്ലിനെ ആദ്യം പിന്തുണച്ചെങ്കിലും പ്രാദേശികരാഷ്ട്രീയം തിരിച്ചറിഞ്ഞ് ജെഡിയു നിലപാട് മാറ്റി. മുസ്ലിങ്ങളുടെ താത്പര്യം ഉള്‍ക്കൊണ്ടുമാത്രമേ ബില്ലുമായി മുന്നോട്ടുപോകാവൂ എന്ന സമീപനം സ്വീകരിച്ചു. മുസ്ലിംവോട്ട് നിര്‍ണായകമായ ആന്ധ്രയില്‍ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവും ആശയക്കുഴപ്പത്തിലാണ്.
അതേസമയം, ബില്ലിനെ പിന്തുണച്ച് പ്രമുഖ ക്രിസ്ത്യന്‍ സംഘടനകള്‍ രംഗത്തുവന്നത് കേന്ദ്രസര്‍ക്കാരിന് നേട്ടമായി. നിഷ്പക്ഷമായ സമീപനം സ്വീകരിക്കണമെന്ന് രാഷ്ട്രീയപ്പാര്‍ട്ടികളോടും പാര്‍ലമെന്റംഗങ്ങളോടും കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) അഭ്യര്‍ഥിച്ചു.
നിലവിലെ നിയമത്തിലെ ചില വ്യവസ്ഥകള്‍ ഭരണഘടനയോട് ചേര്‍ന്നു പോകുന്നതല്ലെന്നും മുനന്പം പ്രശ്നത്തിന് ശാശ്വത പരിഹാരത്തിന് ഭേദഗതി വേണമെന്നും സിബിസിഐ അഭിപ്രായപ്പെട്ടു. ബില്ലിനെ പിന്തുണച്ച് ഞായറാഴ്ച കേരള കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ എഴുതിയ കത്തിനെ സ്വാഗതംചെയ്ത് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമനും ന്യൂനപക്ഷ മന്ത്രി കിരണ്‍ റിജിജുവും രംഗത്തുവന്നു.
Content Highlights: Upcoming Waqf amendment bill puts NDA allies in a tough spot, particularly ahead of Bihar elections
Published: 01 Apr 2025, 06:40 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented