
മുംബൈ: 2022-ൽ പഞ്ചാബി ഗായകനായ സിദ്ധു മൂസവാലയുടെ കൊലപാതകത്തോടെയാണ് ലോറന്‍സ് ബിഷ്ണോയ് എന്ന ഗുണ്ടാനേതാവിനെ രാജ്യത്തെ കുപ്രസിദ്ധ ഗ്യാങ്സ്റ്റര്‍മാരുടെ പേരിനൊപ്പം എഴുതിചേര്‍ത്ത് തുടങ്ങുന്നത്. ബിഷ്ണോയ് എന്ന വ്യക്തി ഒരു കൂട്ടമായി വളര്‍ന്ന് ഇപ്പോള്‍ ബിഷ്ണോയ് ഗ്യാങ് എന്നാണ് അറിയപ്പെടുന്നത്. ബോളിവുഡ് സൂപ്പര്‍താരം സല്മാന് ഖാന്റെ ജീവനെടുക്കുമെന്ന് പരസ്യമായി ഭീഷണി മുഴക്കുന്ന സംഘം കഴിഞ്ഞ ദിവസം നടത്തിയ മറ്റൊരു കൊലപാതകത്തിലൂടെ വീണ്ടും രാജ്യത്തെ ഒന്നാകെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. എന്‍.സി.പി. നേതാവ് ബാബ സിദ്ദിഖിയാണ് ബിഷ്ണോയ് ഗ്യാങിന്റെ ക്രൂരതയുടെ ഒടുവിലത്തെ ഇര.
എന്‍.സി.പി നേതാവും മുന്‍ മന്ത്രിയുമായിരുന്ന സിദ്ദിഖിയെ കഴിഞ്ഞ ശനിയാഴ്ച രാത്രി മുംബൈയിലെ ഈസ്റ്റ് ബാന്ദ്രയിലുള്ള മകന്റെ ഓഫീസില്‍ നിന്ന് ഇറങ്ങിവരുമ്പോഴാണ് വെടിവെച്ചുകൊന്നത്. ബിഷ്ണോയ് ഗ്യാങിലെ മൂന്നുപേരാണ് പലതവണയായി അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തതെന്നാണ് പോലീസ് റിപ്പോര്‍ട്ട്. ബിഷ്ണോയ് ഗ്യാങിന്റെ പേരില്‍ ആക്രമണങ്ങള്‍ അരങ്ങേറുമ്പോള്‍ ഈ ഗുണ്ടാകൂട്ടത്തിന്റെ തലവന്‍ ലോറന്‍സ് ബിഷ്ണോയ് ഇപ്പോഴും ഗുജറാത്തിലെ സബര്‍മതി ജയിലില്‍ തടവുപുള്ളിയായി കഴിയുകയാണ്.
കൊലപാതകം ഉള്‍പ്പെടെയുള്ള ആക്രമണങ്ങള്‍ ജയിലിനുള്ളില്‍ വെച്ച് തന്നെ ആസൂത്രണം ചെയ്യാനും ഇത് നടപ്പാക്കാനും മാത്രം കരുത്തനാണ് ലോറന്‍സ് ബിഷ്ണോയ് എന്നാണ് നിലവിലെ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ഫോണിലൂടെയാണ് ബിഷ്ണോയ് തന്റെ ഓപ്പറേഷന്‍സ് എല്ലാം നടപ്പാക്കുന്നത്. സബര്‍മതി ജയിലിലായാലും തീഹാര്‍ ജയിലിലായാലും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ലോറന്‍സ് ബിഷ്ണോയ് തന്റെ ഗ്യാങ്ങിലുള്ളവരുമായി ആശയവിനിമയം നടത്തുന്നുണ്ട്. പലതവണയായി ജയിലുകള്‍ മാറ്റിയിട്ടും ഏകാന്ത തടവില്‍ പാര്‍പ്പിച്ചിട്ടും അയാളുടെ നീക്കങ്ങള്‍ പൊളിക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല. പാകിസ്ഥാന് ഗുണ്ടാനേതാവ് ഷഹ്സാദ് ഭാട്ടിയയുമായി ലോറന്‍സ് ബിഷ്ണോയ് സംസാരിക്കുന്നതിന്റെ വീഡിയോ പോലും മുമ്പ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ലോറന്‍സ് ബിഷ്ണോയ് ആശയവിനിമയം നടത്തുന്ന ആളുകളുടെ ഐ.പി. അഡ്രസ്, ലോക്കേഷന്‍ തുടങ്ങിയ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതിന് ഹൈഎൻഡ് വി.പി.എന്‍. നെറ്റുവര്‍ക്കുകളാണ് ഉപയോഗിക്കുന്നത്. സിഗ്നല്‍, ടെലിഗ്രാം തുടങ്ങിയ ആപ്പുകളുടെ സഹായത്തോടെയാണ് വിദേശത്തും ഇന്ത്യയിലുമുള്ള തന്റെ സഹപ്രവര്‍ത്തകരുമായുള്ള ബിഷ്ണോയ്യുടെ ആശയവിനിമയം. നോര്‍ത്ത് അമേരിക്കയിൽ ഉള്‍പ്പെടെ ബിഷ്ണോയ് ഗ്യാങ്ങിന്റെ സാന്നിധ്യമുള്ളതിനാല്‍ തന്നെ ലോറന്‍സ് തന്റെ സഹോദരന് അന്മോലു, സംഘാംഗങ്ങളായ ഗോള്‍ഡ് ബ്രാര്‍, രോഹിത് ഗോദാര എന്നിവരുമായും ആശയവിനിമയം നടത്താറുണ്ട്. ഖലിസ്ഥാന്‍ ഭീകരരുമായും ഖലിസ്ഥാന്‍ വിഘടനവാദികളുമായും അടുത്ത ബന്ധമാണ് ബിഷ്ണോയ് ഗ്യാങിനുള്ളത്.
700-ല്‍ അധികം ഷാര്‍പ്പ് ഷൂട്ടര്‍മാര്‍ അടങ്ങുന്ന സംഘമാണ് ഇന്ത്യയില്‍ മാത്രം ബിഷ്ണോയ് ഗ്യാങിനായി പ്രവര്‍ത്തിക്കുന്നത്. ഇതിനുപുറമെ, പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ചെറിയ ഗ്യാങ്ങുകളുമായി ബന്ധപ്പെട്ടാണ് ബിഷ്ണോയ് ഗ്യാങ് ആക്രമണങ്ങള്‍ പ്ലാന്‍ ചെയ്യുന്നത്. ബിഷ്ണോയ്യുടെ സംഘത്തിലുള്ളവര്‍ ഏറ്റെടുക്കുന്ന ക്വട്ടേഷനുകള്‍ ഇത്തരം പ്രാദേശിക ഗുണ്ടകള്‍ക്ക് നല്‍കുകയാണ് ചെയ്യുന്നത്. ഇവര്‍ക്ക് ഇത് നടപ്പാക്കുന്നതിനുള്ള ആയുധ പരിശീലനം നല്‍കുകയും കൈനിറയെ പ്രതിഫലം നല്‍കുകയും ചെയ്യുന്നതാണ് ബിഷ്ണോയ് ഗ്യാങിന്റെ രീതി. കോര്‍പറേറ്റ് കമ്പനികളുടെ കാര്‍ക്കശ്യം പിന്തുടരുന്ന ഇവരെ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായി പോലും താരതമ്യം ചെയ്യാറുണ്ട്.
ചെറിയ കുറ്റകൃത്യങ്ങളില്‍ തുടങ്ങി സ്വന്തമായി ഒരു സംഘം കെട്ടിപ്പടുത്താണ് ബിഷ്ണോയ് ഗ്യാങ്ങായി വളര്‍ന്നത്. ഉത്തരേന്ത്യയില്‍ വ്യക്തമായ ആധിപത്യമാണ് ഈ ഗ്യാങ്ങിനുള്ളത്. കനേഡിയന്‍ പോലീസും ഇന്ത്യന്‍ ഏജന്‍സികളും അന്വേഷിക്കുന്ന കുപ്രസിദ്ധ കുറ്റവാളി സത്വീന്ദര് സിങ് എന്ന ഗോള്‍ഡി ബ്രാര്‍ ആണ് ബിഷ്ണോയ് ഗ്യാങ്ങിനെ ഇപ്പോള്‍ പുറത്തുനിന്ന് നയിക്കുന്നത്. 11 സംസ്ഥാനങ്ങളില്‍ നിന്നുള്ള 700 ഷാര്‍പ്പ് ഷൂട്ടര്‍മാരാണ് ഈ സംഘത്തിലുള്ളതെങ്കിലും ഇതിലെ 300-ല്‍ അധികം പേരും പഞ്ചാബില്‍ നിന്നുള്ളവരാണെന്നാണ് എന്‍.ഐ.എ. വെളിപ്പെടുത്തിയിട്ടുള്ളത്.
ഉത്തരേന്ത്യയിലെ പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹരിയാന, ഡല്‍ഹി, രാജസ്ഥാന്, ജാര്‍ഖണ്ഡ് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലാണ് ബിഷ്ണോയ് ഗ്യാങ്ങിന്റെ വേര് ആഴത്തില്‍ പതിഞ്ഞിരിക്കുന്നത്. കാനഡയിലേക്കുള്ള കുടിയേറ്റം ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങളാണ് ബിഷ്ണോയ് ഗ്യാങില്‍ ചേരുന്നവര്‍ക്ക് നല്‍കുന്നത്. രാജ്യാതിര്‍ത്തികള്‍ കടന്നുള്ള ആക്രമണങ്ങള്‍ക്ക് പോലും ബിഷ്ണോയ് ഗ്യാങ് ഇറങ്ങാറുണ്ടെന്നാണ് റിപ്പോര്‍ട്ട്. പാകിസ്താനിലെ ഖലിസ്ഥാന്‍ ഭീകരവാദിയായ ഹര്‍വിന്ദര്‍ സിങ് റിന്‍ഡ കൊലപാതകങ്ങള്‍ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് ബിഷ്ണോയ് ഗ്യാങിനെയാണ് ഉപയോഗിക്കുന്നതെന്നും എന്‍.ഐ.എ. റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.
ബിഷ്ണോയ് ഗ്യാങിന്റെ ഏറ്റവും പ്രധാന ടാര്‍ഗെറ്റുകളില്‍ ഒന്നാണ് ബോളിവുഡ് നടന് സല്മാന് ഖാനെ വധിക്കുക എന്നുള്ളത്. പരസ്യമായ വധഭീഷണിയാണ് ഈ ഗ്യാങ് മുഴക്കിയിരിക്കുന്നത്. കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസുമായി ബന്ധപ്പെട്ട വൈര്യമാണ് ബിഷ്ണോയ് ഗ്യാങിന് സല്മാന് ഖാനോടുള്ളത്. സല്മാന് ഖാനെ വധിക്കുന്നതിനായി ബിഷ്ണോയ് ഗ്യാങ് 25 ലക്ഷം രൂപയാണ് പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ 14-ന് മോട്ടോര്‍സൈക്കിളില്‍ എത്തിയ രണ്ടുപേര്‍ സല്മാന് ഖാന്റെ വീടിനെ നേരെ പലതവണ വെടിയുതിര്‍ത്തിരുന്നു.
Content Highlights: The mode of operation by Lawrence Bishnoi and his 700 member group Bishnoi gang
Published: 14 Oct 2024, 08:53 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented