ന്യൂഡല്‍ഹി: രാജ്യസഭാ എംപിയും ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) നേതാവുമായ പ്രിയങ്ക ചതുര്‍വേദിയെക്കുറിച്ച് മാധ്യമപ്രവര്‍ത്തക നടത്തിയ 'സാരിയുടുത്ത ശശി തരൂര്‍' പരാമര്‍ശത്തില്‍ പ്രതികരിച്ച് ശശി തരൂര്‍. സഹ എം.പി.യുമായുള്ള ഈ താരതമ്യത്തില്‍ താന്‍ അഭിമാനം കൊള്ളുന്നുവെന്ന് തരൂര്‍ പ്രതികരിച്ചു. എഎന്‍ഐ പോഡ്കാസ്റ്റിനിടെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക സ്മിത പ്രകാശാണ് സാരിയുടുത്ത ശശി തരൂര്‍ എന്ന് പ്രിയങ്കയെ വിശേഷിപ്പിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പ്രിയങ്ക ചതുര്‍വേദി ഈയടുത്ത് നടത്തിയ കൂടിക്കാഴ്ചയേക്കുറിച്ച് ചോദിക്കുകയായിരുന്നു സ്മിത. ഈ കൂടിക്കാഴ്ചയ്ക്കു പിന്നാലെ പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി മാറിയേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ചിലപ്പോള്‍ ആളുകളെ ദേഷ്യം പിടിപ്പിക്കാന്‍ തനിക്കിഷ്ടമാണെന്ന് പ്രിയങ്ക ചോദ്യത്തിന് മറുപടി നല്‍കി. കാരണം അവര്‍ തന്റെ ജീവിതത്തില്‍ അത്രയധികം ശ്രദ്ധിക്കുന്നു. താന്‍ അടുത്തതായി എവിടേക്കാണ് പോകുന്നത് എന്നൊക്കെയാണ് അവര്‍ ചിന്തിക്കുന്നത്.
ഇതിനിടെ 'അടിസ്ഥാനപരമായി നിങ്ങള്‍ സാരിയുടുത്ത ശശി തരൂര്‍' ആണെന്ന് സ്മിത പ്രകാശ് തമാശയായി പറഞ്ഞു. ഇത് ശശി തരൂരിനുള്ള പ്രശംസയാണോ അതോ തനിക്കുള്ള പ്രശംസയാണോ എന്നറിയില്ലെന്ന് പ്രിയങ്ക ചെറുചിരിയോടെ മറുപടി നല്‍കുകയും ചെയ്തു. ഇക്കാര്യം തരൂരിനോട് പറയുമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. ഇതിലാണ് ഇപ്പോള്‍ തരൂരിന്റെ പ്രതികരണം. 'നന്ദി പ്രിയങ്ക, എല്ലാനിലക്കും ഇതിനെ ഒരു പ്രശംസയായി കാണുന്നു' എന്ന് വീഡിയോ പങ്കുവെച്ച് സാമൂഹിക മാധ്യമമായ എക്‌സില്‍ തരൂർ കുറിച്ചു.
ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യയുടെ നിലപാട് വ്യക്തമാക്കാന്‍ വിദേശത്തേക്ക് പോയ പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെട്ട വ്യക്തിയാണ് പ്രിയങ്ക ചതുര്‍വേദി. ഇതേക്കുറിച്ചും അവര്‍ പ്രതികരിച്ചു. രാജ്യത്തായിരിക്കുമ്പോള്‍ പ്രതിപക്ഷത്തെ ശക്തമായി പിന്തുണയ്ക്കുമെന്ന് അവര്‍ പറഞ്ഞു. എന്നാല്‍, പുറത്തായിരിക്കുമ്പോള്‍ ഞാനെന്റെ രാജ്യത്തിന്റെ അംബാസഡറാണ്. പ്രധാനമന്ത്രിയുമായി 20 മിനിറ്റ് മികച്ച ഒരു സംഭാഷണം നടത്തി. ആദ്യമായാണ് വിദേശത്തേക്കുള്ള ഒരു പാര്‍ലമെന്ററി പ്രതിനിധി സംഘത്തില്‍ അംഗമാകുന്നതെന്ന് മോദിയോട് പറഞ്ഞെന്നും പ്രിയങ്ക പോഡ്കാസ്റ്റില്‍ വ്യക്തമാക്കി.
Content Highlights: Shashi Tharoor reacts to Priyanka Chaturvedi being called `Shashi Tharoor in a saree`
Published: 18 Aug 2025, 05:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented