
പട്ന: ബിഹാർ നിയമസഭയിലെ പ്രതിപക്ഷ നേതാവാകാൻ വിസമ്മതിച്ച് തേജസ്വി യാദവ്. തിരഞ്ഞെടുപ്പിൽ ആർജെഡിയുടെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടാണ് തേജസ്വി വിസമ്മതം അറിയിച്ചത്. എന്നാൽ പിതാവും ആർജെഡി സ്ഥാപകനുമായ ലാലു പ്രസാദ് യാദവ് നിർബന്ധിച്ചതിനെത്തുടർന്ന് സ്ഥാനം ഏറ്റെടുക്കാമെന്ന് തേജസ്വി പിന്നീട് അറിയിച്ചു. ചൊവ്വാഴ്ച നടന്ന അവലോകന യോഗത്തിൽ താൻ ഇനി ഒരു എംഎൽഎയായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നില്ലെന്നുമാണ് തേജസ്വി പറഞ്ഞത്. ഈ തിരഞ്ഞെടുപ്പിലെ ആർജെഡിയുടെ കനത്ത തോൽവിയുടെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുകയാണെന്നും തേജസ്വി പറഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനം ഉപേക്ഷിക്കാനുള്ള തേജസ്വിയുടെ വാഗ്ദാനം തള്ളിക്കളയുകയും, സഭയിൽ പാർട്ടിയെ അദ്ദേഹം തന്നെ നയിക്കണമെന്ന് ലാലു യാദവ് നിർബന്ധിക്കുകയും ചെയ്തതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
മുതിർന്ന രാഷ്ട്രീയക്കാരനും മുൻ മുഖ്യമന്ത്രിയുമായ തൻ്റെ പിതാവ് ലാലു യാദവാണ് ആർജെഡി സ്ഥാപിച്ചതെന്ന് തേജസ്വി യോഗത്തിൽ പറഞ്ഞു. "അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് ഞാൻ പാർട്ടി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. ഈ തിരഞ്ഞെടുപ്പിൽ ഞാൻ കഠിനമായി പരിശ്രമിച്ചു, പക്ഷേ വിജയിക്കാനായില്ല," അദ്ദേഹം പറഞ്ഞതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. യോഗത്തിൽ പങ്കെടുത്ത മുതിർന്ന പാർട്ടി നേതാക്കൾ യുവനേതാവിന് പിന്തുണ പ്രഖ്യാപിക്കുകയും തങ്ങൾ അദ്ദേഹത്തോടൊപ്പം നിൽക്കുന്നുവെന്ന് പറയുകയും ചെയ്തു.
യോഗത്തിൽ തേജസ്വി യാദവ് തൻ്റെ സഹായിയും ആർജെഡിയുടെ രാജ്യസഭാ എംപിയുമായ സഞ്ജയ് യാദവിനെ പ്രതിരോധിച്ചു. ആർജെഡി കുടുംബത്തിലെ പ്രശ്നങ്ങൾക്കിടയിൽ സഞ്ജയ് യാദവിൻ്റെ പേര് ഉയർന്നുവന്നിരുന്നു. തന്നെ കുടുംബത്തിൽ നിന്ന് പുറത്താക്കിയത് അദ്ദേഹമാണെന്ന് തേജസ്വിയുടെ സഹോദരി രോഹിണി ആചാര്യ ആരോപിച്ചിരുന്നു. ആർജെഡിയുടെ മോശം പ്രകടനത്തിന് സഞ്ജയ് യാദവിനെ ലക്ഷ്യമിടുന്നത് തെറ്റാണെന്നും അതിന് അദ്ദേഹം ഉത്തരവാദിയല്ലെന്നും യോഗത്തിൽ തേജസ്വി പറഞ്ഞു. തേജസ്വിയുടെ ഏറ്റവും വിശ്വസ്തരായ സഹായികളിൽ ഒരാളായ സഞ്ജയ് യാദവ് പ്രചാരണ തന്ത്രങ്ങൾ രൂപവത്കരിക്കുന്നതിലും പാർട്ടി സ്ഥാനാർഥികളെ അന്തിമമാക്കുന്നതിലും ഉൾപ്പെടെ ആർജെഡിയുടെ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളിൽ മുഖ്യ പങ്കുവഹിക്കുകയും ചെയ്തിരുന്നു.
തേജസ്വി യാദവിൻ്റെ മൂത്ത സഹോദരി രോഹിണി താൻ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്നും എൻ്റെ കുടുംബത്തെ തള്ളിപ്പറയുകയാണെന്നും പ്രഖ്യാപിച്ചപ്പോഴാണ് സഞ്ജയ് യാദവിൻ്റെ പേര് ഉയർന്നുവന്നത്. ആർജെഡിയുടെ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം, "ഇതാണ് സഞ്ജയ് യാദവും റമീസും എന്നോട് ചെയ്യാൻ ആവശ്യപ്പെട്ടത്. ഞാൻ എല്ലാ കുറ്റവും ഏറ്റെടുക്കുന്നു," എന്ന് രോഹിണി പറഞ്ഞു. തേജസ്വിക്കും അദ്ദേഹത്തിൻ്റെ സഹായികളായ സഞ്ജയ് യാദവിനും റമീസ് ഖാനും ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആഗ്രഹമില്ലെന്നും അവർ പറഞ്ഞു. തേജസ്വി ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ലെങ്കിലും ഇതൊരു ആഭ്യന്തര കുടുംബ പ്രശ്നമാണ്, അത് കുടുംബത്തിനുള്ളിൽ തന്നെ പരിഹരിക്കും. അത് താൻ കൈകാര്യം ചെയ്തോളും എന്ന് പറയുകയും ചെയ്തു.
Content Highlights: Tejashwi Yadav initially refused the Bihar Opposition Leader post, taking responsibility for RJD`s election defeat. He later agreed after his father Lalu Prasad Yadav`s insistence.
Published: 18 Nov 2025, 08:54 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented