ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന തേജസ് എം.കെ 2 യുദ്ധവിമാനങ്ങളെ വിമർശിച്ച് ഇന്ത്യൻ വ്യോമസേന മുൻ വൈസ് ചീഫ് എയർ മാർഷൽ നാഗേഷ് കപൂർ. ഈ തേജസ് വിമാനങ്ങൾ പ്രവർത്തനസജ്ജമാകുമ്പോഴേക്കും അവയുടെ സാങ്കേതികത്വം കാലഹരണപ്പെട്ടേക്കാമെന്നും ചൈനയെപ്പോലുള്ള അയൽരാജ്യങ്ങളുടെ ആധുനിക യുദ്ധവിമാനങ്ങളെ നേരിടാൻ ഇത് പര്യാപ്തമല്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

To advertise here,

തേജസ് വിമാനങ്ങൾ കൈമാറുന്നതിൽ പൊതുമേഖലാ സ്ഥാപനമായ എച്ച്എഎൽ വരുത്തുന്ന കാലതാമസത്തെയും അദ്ദേഹം വിമർശിച്ചു. ഇന്ത്യ സ്വന്തമായി അഞ്ചാം തലമുറ വിമാനങ്ങൾ വികസിപ്പിക്കുന്നതുവരെ കാത്തിരിക്കാതെ വിദേശ രാജ്യങ്ങളുമായുള്ള കൂട്ടായ സംരംഭങ്ങളിൽ പങ്കാളികളാകണം. തദ്ദേശീയ സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണെങ്കിലും രാജ്യത്തിന്റെ സുരക്ഷാകാര്യങ്ങളിൽ അനാവശ്യമായ താമസം വരുത്തുന്നത് അപകടകരമാണെന്നും നാഗേഷ് കപൂർ അഭിപ്രായപ്പെട്ടു.

“2030-കളുടെ പകുതിയോടെയാണ് തേജസ് മാർക്ക്-2 വിമാനങ്ങൾ വ്യോമസേനയുടെ ഭാഗമാവുക. എന്നാൽ, തേജസ് വിന്യസിക്കപ്പെടുമ്പോഴേക്കും മുന്നണി പോരാട്ടങ്ങളിൽ അവയെ ഉപയോഗിക്കാനായേക്കില്ല. സാങ്കേതിക പ്രശ്‌നങ്ങളുണ്ടാകാം.

ചൈന ആറാം തലമുറ യുദ്ധവിമാനങ്ങളിലേക്കും പാകിസ്താൻ അഞ്ചാം തലമുറ വിമാനങ്ങളിലേക്കും മാറുന്ന കാലഘട്ടത്തിൽ ഇന്ത്യ നാലാം തലമുറ വിമാനം ഉപയോഗിക്കുന്നത് ഒട്ടും പ്രായോഗികമല്ല. നിലവിൽ ഇന്ത്യയുടെ കൈവശം അഞ്ച്, ആറ് തലമുറകളിൽപ്പെട്ട യുദ്ധവിമാനങ്ങൾ ഇല്ല”, അദ്ദേഹം പറഞ്ഞു. 

യുദ്ധവിമാനങ്ങൾ നിർമിക്കുന്ന ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡിന്റെ സമീപനത്തെയും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു. ഏറെ വർഷങ്ങൾക്ക് മുൻപ് വാഗ്ദാനംചെയ്ത വിമാനങ്ങൾ ഇപ്പോഴും ലഭ്യമാക്കാത്തത് വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. തേജസ് മാർക്ക്-2 പ്രോട്ടോടൈപ്പ് നിർമാണം ആദ്യം 2022-ൽ പൂർത്തിയാക്കുമെന്ന് വാഗ്ദാനംചെയ്തിരുന്നെങ്കിലും ആ സമയപരിധി നീണ്ടുപോയി, ഇപ്പോൾ 2027-ലേക്ക് എത്തിനിൽക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നാലാം തലമുറ അല്ലെങ്കിൽ 4.5 തലമുറ വിമാനങ്ങൾക്കായി ഇനിയും കാത്തിരിക്കുന്നതിന് പകരം മികച്ച ട്രാക്ക് റെക്കോർഡുള്ള വിദേശ കൂട്ടായ്മകളുമായി സഹകരിച്ച് FCAS അല്ലെങ്കിൽ GCAP പോലുള്ള അത്യാധുനിക ആറാംതലമുറ യുദ്ധവിമാന പദ്ധതികളിൽ ഇന്ത്യ പങ്കാളിയാകണമെന്നും അദ്ദേഹം നിർദേശിക്കുന്നു.  യൂറോപ്യൻ രാജ്യങ്ങളുടെ നേതൃത്വത്തിൽ വികസിപ്പിച്ചെടുക്കുന്ന ലോകത്തിലെ ഏറ്റവും അത്യാധുനികമായ ആറാംതലമുറ യുദ്ധവിമാന പദ്ധതികളാണ് FCAS, GCAP എന്നിവ. 

യുദ്ധസാഹചര്യങ്ങളിൽ മുൻനിരയിൽ വിന്യസിക്കാൻ കഴിയില്ലെങ്കിലും തേജസ് മാർക്ക്-2 പോലുള്ള നാലാം തലമുറ വിമാനങ്ങൾക്ക് അതിർത്തികളിൽ നിലവിലുള്ള പ്രതിരോധ ദൗർബല്യങ്ങൾ പരിഹരിക്കാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

അതേസമയം, തേജസ് വിമാനങ്ങളുടെ വിതരണം വൈകുന്നതിൽ സാങ്കേതിക കാരണങ്ങളാണ് എച്ച്.എ.എൽ ചൂണ്ടിക്കാട്ടുന്നത്. യു.എസ് നിർമ്മിത ജനറൽ ഇലക്ട്രിക് F404-IN20 എഞ്ചിനുകൾ വിമാനങ്ങളുടെ നിർമാണ വേഗതയ്‌ക്കൊപ്പം ലഭ്യമാകുന്നില്ലെന്ന് എച്ച്.എ.എൽ വിശദീകരിക്കുന്നുണ്ട്. ഇതിനുപുറമേ വിമാനത്തിന്റെ റാഡാർ, ഏവിയോണിക്‌സ് ആയുധ സംവിധാനങ്ങൾ എന്നിവ വിജയകരമായി സംയോജിപ്പിക്കുന്നതിൽ നേരിടുന്ന സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അവർ പറയുന്നു.

തേജസ് Mk.1 വിമാനത്തിന്റെ ആദ്യ പ്രോട്ടോടൈപ്പ് (പരീക്ഷണ വിമാനം) പറന്നത് 2001-ലാണ്. തുടർന്ന് ഇന്ത്യൻ വ്യോമസേന ഇത്തരത്തിലുള്ള 40 വിമാനങ്ങൾക്ക് ഓർഡർ നൽകി. 2021-ൽ കൂടുതൽ സാങ്കേതികവിദ്യകളുള്ള 83 തേജസ് Mk-1A വിമാനങ്ങൾക്കായി ഏകദേശം 46,000 കോടി രൂപയുടെ കരാറിലും ഇന്ത്യ ഒപ്പുവെച്ചു. ഇതിനുപുറമെ, 2025 സെപ്റ്റംബർ 25-ന് 62,370 കോടി രൂപ ചിലവിൽ 97 തേജസ് Mk-1A വിമാനങ്ങൾ കൂടി വാങ്ങുമെന്ന് വ്യോമസേന പ്രഖ്യാപിച്ചു. എന്നാൽ, ഇതുവരെ ഒരു തേജസ് Mk-1A വിമാനം പോലും വ്യോമസേനയ്ക്ക് കൈമാറാൻ എച്ച്.എ.എല്ലിന് കഴിഞ്ഞിട്ടില്ല.

തേജസ് Mk-2 വിമാനം വികസിപ്പിക്കുന്ന തിരക്കിലാണ് അവർ. ഇതിന്റെ പ്രോട്ടോടൈപ്പ് 2022-ൽ പുറത്തിറക്കുമെന്നായിരുന്നു ആദ്യ വാഗ്ദാനം. എന്നാൽ 2026 ആയിട്ടും ഈ വാഗ്ദാനം പാലിക്കപ്പെട്ടിട്ടില്ല. 2026 ജൂലൈയിൽ നടന്ന ഫാംബറോ എയർഷോയിൽ എച്ച്.എ.എൽ നൽകിയ ഏറ്റവും പുതിയ വിവരമനുസരിച്ച്, തേജസ് Mk-2 വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കൽ 2027 മാർച്ചിനും ജൂലൈയ്ക്കും ഇടയിൽ മാത്രമേ ഉണ്ടാകൂ.

തദ്ദേശീയമായി നിർമിക്കുകയെന്നത് ഏറ്റവും മികച്ച തീരുമാനമാണെങ്കിലും രാജ്യസുരക്ഷയെ മുൾമുനയിൽ നിർത്തിക്കൊണ്ട് എത്രകാലം ഈ കാത്തിരിപ്പ് തുടരാൻ കഴിയുമെന്ന് നാഗേഷ് കുമാർ ചോദിക്കുന്നു.