ചെന്നൈ : തമിഴ്നാട്ടിൽ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ മുൻനിർത്തി 'സിങ്കപ്പെൺ' ദൗത്യസേന പടയൊരുക്കം തുടങ്ങി. ചൊവ്വാഴ്ച വൈകീട്ട് ചെന്നൈയിലെ രാജരത്നം സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ജോസഫ് വിജയ് സേനയെ തമിഴ്നാടിന് സമർപ്പിച്ചു. സ്ത്രീകൾക്ക് ബഹുമാനവും അന്തസ്സും സുരക്ഷയും ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വിജയ് പറഞ്ഞു.

To advertise here,

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും മുന്നറിയിപ്പു നൽകി. സേനയ്ക്കായി ആദ്യഘട്ടത്തിൽ 354 കോടി രൂപ അനുവദിച്ചു. രണ്ടാംഘട്ടത്തിൽ 2500 പുതിയ തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിങ്കപ്പെൺ ദൗത്യസേനയ്ക്കുള്ള പട്രോളിങ് വാഹനങ്ങളും അദ്ദേഹം പുറത്തിറക്കി.

നേവി ബ്ലൂ ഷർട്ടും കാക്കി പാന്റ്‌സുമാണ് യൂണിഫോം. രണ്ട്‌ േതാളുകളിൽ മുദ്രകളായി രണ്ടു വെള്ളിനക്ഷത്രങ്ങൾ. ഷർട്ടിൽ സേനാംഗത്തിന്റെ സ്വർണലിപികളിലെഴുതിയ നെയിം ബോർഡ്. മെറ്റൽ ബാഡ്ജോടുകൂടിയ കറുത്ത തൊപ്പി. കറുത്ത ബെൽറ്റ്... പുതിയ രൂപത്തിലും ഭാവത്തിലുമാണ് സിങ്കപ്പെൺ.

സൈബർ ക്രൈം വിഭാഗം, സോഷ്യൽ മീഡിയാ സെൽ, ഇന്റലിജൻസ് വിഭാഗം, തമിഴ്‌നാട് സ്‌പെഷ്യൽ പോലീസ് ബറ്റാലിയനുകൾ എന്നിവയിൽനിന്ന് തിരഞ്ഞെടുത്തവരെയാണ് വിന്യസിപ്പിച്ചത്. ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് കെ. ഭവാനീശ്വരി സേനയെ നയിക്കുന്നു. 18 സബ് ഇൻസ്‌പെക്ടർമാർ ഉൾപ്പെടെ സുരക്ഷയൊരുക്കാൻ വലിയൊരു നിരതന്നെയുണ്ട്. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് സേനയുടെ പ്രവർത്തനം.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ ദ്രുതഗതിയിൽ പ്രതികരിക്കുന്നതിനുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുക. മുഖ്യമന്ത്രിയായി ചുമതലയേറ്റയുടൻ വിജയ് ഒപ്പുവെച്ച ആദ്യ ഉത്തരവുകളിൽ ഒന്നായിരുന്നു 'സിങ്കപ്പെൺ'.