ചെന്നൈ: ന്യൂനമര്‍ദ്ദത്തെതുടര്‍ന്ന് തമിഴ്നാട്ടിലും പുതുച്ചേരിയും ഡിസംബര്‍ ഒന്‍പത് വരെ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ന്യൂനമര്‍ദ്ദം ഒരേ സ്ഥലത്ത് തുടരുന്നതിലാണ് മഴ തുടരാന്‍ സാധ്യതയുള്ളതെന്നും അറിയിച്ചു. ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി മാറാന്‍ സാധ്യതയുള്ളതിനാല്‍ പുതുച്ചേരിയ്ക്ക് പുറമെ ചെന്നൈ, ചെങ്കല്‍പ്പെട്ട്, കാഞ്ചീപുരം, കൃഷ്ണഗിരി, ധര്‍മപുരി, തൂത്തുക്കുടി, രാമനാഥപുരം, തിരുനെല്‍വേലി, കന്യാകുമാരി എന്നീ ജില്ലകളിലും വരും ദിവസങ്ങളില്‍ ശക്തമായ മഴ പെയ്യും.

To advertise here,

വ്യാഴാഴ്ച രാവിലെ 11.30 മുതല്‍ ചെന്നൈയിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും മഴ പെയ്തു. ചെന്നൈയില്‍ മൈലാപ്പൂര്‍, റോയപ്പേട്ട, നുങ്കമ്പാക്കം, ആള്‍വാര്‍പ്പേട്ട, രാജഅണ്ണാമലൈപുരം, അഡയാര്‍, തിരുവാണ്‍മിയൂര്‍, മണലി, റോയപുരം, പുതുവണ്ണാരപ്പേട്ട, എഗ്മോര്‍, മന്ദവേലി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ മഴ പെയ്തു. കഴിഞ്ഞദിവസം തമിഴ്നാട്ടില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ചെന്നൈയിലെ എന്നൂരിലായിരുന്നു. 15 സെന്റീമീറ്റര്‍ മഴയാണ് ലഭിച്ചത്. തിരുവണ്ണാമലൈയിലെ ചെട്ട്പ്പെട്ടില്‍ 13-സെന്റീമീറ്ററും, പുതുക്കോട്ടൈ ജില്ലയിലെ തിരുമയം, തിരുവള്ളൂര്‍ ജില്ലയിലെ താമരൈപ്പാക്കം എന്നിവിടങ്ങളില്‍ 12 സെന്റീമീറ്റര്‍ വീതം മഴ ലഭിച്ചു. ഷോളിങ്കനല്ലൂര്‍, മണലി പുതുനഗര്‍, തിരുക്കഴുകുണ്ട്ര്റം, തിരുവാരൂര്‍, പുതുക്കോട്ടൈ എന്നിവിടങ്ങളില്‍ 11 സെന്റീമീറ്റര്‍ വീതവും മഴ പെയ്തു. ന്യൂനമര്‍ദ്ദം അതേ സ്ഥലത്ത് തുടരുന്നതിനാല്‍ ഇടിമിന്നലോടെ ഒന്‍പതാം തീയതിവരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വെള്ളക്കെട്ട് : വടക്കന്‍ ചെന്നൈയുടെയും തെക്കന്‍ ചെന്നൈയുടെയും ഭാഗങ്ങള്‍ ഒറ്റപ്പെട്ടു

ചെന്നൈ: കഴിഞ്ഞ ദിവസങ്ങളിലായി പെയ്യുന്ന മഴയില്‍ വടക്കന്‍ ചെന്നൈയുടെ ഭാഗങ്ങളായ എര്‍ണാവൂര്‍, കത്തിവാക്കം, തിരുവട്ടിയൂര്‍, മാധവരം എന്നിവിടങ്ങളില്‍ വെള്ളം കയറി. വെള്ളം കയറിയ ഭാഗങ്ങളില്‍ ജനജീവിതം സ്തംഭിച്ചു. വെള്ളക്കെട്ട് കാരണം കത്തിവാക്കം ഹൈറോഡ്, മാധവരം-റെഡ്ഹില്‍സ് റോഡ് എന്നിവയിലൂടെ വാഹന ഗതാഗതം ദുരിത പൂര്‍ണമായി. യാത്ര സുരക്ഷിതമല്ലാത്തതിനാല്‍ വാഹനഗതാഗതം നാമമാത്രമായി. മഴ വെള്ളം ഒഴുകിപോകാനായി നിര്‍മിക്കുന്ന ഓടകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാത്തതാണ് വെള്ളം കെട്ടിനില്‍ക്കാന്‍ കാരണമെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ എന്നൂരില്‍ മാത്രം 60 സെന്റീമീറ്റര്‍ മഴ പെയ്തിരുന്നു. എര്‍ണാവൂര്‍ മസ്ജിദ് മുതല്‍ കത്തിവാക്കം വരെ വെള്ളം ഒഴുകിപ്പോകാനായുള്ള ഓടയുടെ നിര്‍മാണം ഇനിയും പൂര്‍ത്തിയാക്കാത്തത് കാരണമാണ് വെള്ളക്കെട്ടിന് കാരണമായതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി.

പവര്‍ കോര്‍പറേഷന്റെ കീഴിലുള്ള വടക്കന്‍ ചെന്നൈയിലെ ഏക്കറുകളില്‍ വ്യാപിച്ച് കിടക്കുന്ന എന്നൂര്‍ താപനിലയത്തിന് മതില്‍ കെട്ടാത്തതും വെള്ളക്കെട്ടിന് കാരണമാണെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. താപനിലയത്തില്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തുനിന്ന് ഒഴുകിയെത്തുന്ന മഴവെള്ളം സമീപത്തുള്ള 200 വീടുകളിലേക്ക് കയറി.

തുടര്‍ച്ചയായ മഴ കാരണം തിരുവട്ടിയൂര്‍, ജ്യോതി നഗര്‍, കാര്‍ഗില്‍ നഗര്‍ എന്നീ പ്രദേശങ്ങളിലെ വീടുകളിലും ചെങ്കല്‍പ്പെട്ട്, ഗുഡുവാന്‍ഞ്ചേരി, കാട്ടാന്‍കുളത്തൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളിലും വെള്ളം കയറി. വിംകോനഗര്‍ മെട്രോ റെയില്‍വേ സ്റ്റേഷന്റെ വാഹന പാര്‍ക്കിങ് സ്ഥലത്തും മാധവരത്തെ വടപെരുംമ്പാക്കം, മാധവരം -റെഡ്ഹില്‍സ് റോഡിലും വെള്ളം കയറി. വെള്ളം നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കാത്തതിനാല്‍ സമീപവാസികള്‍ ഒത്തുചേര്‍ന്ന് പ്രതിഷേധിച്ചിരുന്നു. മഴ അവസാനിച്ചാല്‍ മാത്രമേ വെള്ളം പമ്പ് ചെയ്ത് മാറ്റാന്‍ സാധിക്കുവെന്ന് പോലീസ് പറഞ്ഞു.

ആവഡി, ചെങ്കുണ്ട്രംമേഖലകളിലെ വീടുകളില്‍ വെള്ളം കയറി; രക്ഷാപ്രവര്‍ത്തനം തുടങ്ങി

ചെന്നൈ: ആവഡി, ചെങ്കുണ്ട്ര്റം പ്രദേശങ്ങളിലെ നൂറ് കണക്കിന് വീടുകളില്‍ വെള്ളം കയറി. മാലിന്യം കലര്‍ന്ന വെള്ളമാണ് വീടുകളില്‍ കയറിയതെന്ന് ചെങ്കുണ്ട്രം സേത്തുപ്പാക്കത്തെ ഗ്രാമവാസികള്‍ പറഞ്ഞു. ആവഡിയിലെ നിരവധി വീടുകളിലും വെള്ളം കയറി. വെള്ളം നീക്കം ചെയ്യാന്‍ പമ്പ് സെറ്റുകള്‍, മണ്ണുമാന്ത്രി യന്ത്രം എന്നിവ ഉപയോഗിക്കും. വെള്ളം കയറിയ പ്രദേശങ്ങളിലെ വീടുകളില്‍ കഴിയുന്നവര്‍ക്ക് കുടിവെള്ളവും ഭക്ഷണവും വിതരണം ചെയ്ത് വരുന്നുണ്ടെന്ന് ഉപ മുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. വെള്ളം കയറിയ വീടുകള്‍ പോയി ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ ഉത്തരവിട്ടു. തിരുവള്ളൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ വീടുകളിലും വെള്ളം കയറി. പുഴല്‍, പൂണ്ടി ജലസംഭരണികളില്‍നിന്ന് വെള്ളം തുറന്ന് വിട്ടതും ഈ മേഖലകളിലെ ദുരിതം രൂക്ഷമാക്കാന്‍ കാരണമായിട്ടുണ്ടെന്ന് ഗ്രാമവാസികള്‍ പറഞ്ഞു.