ന്യൂഡൽഹി: ഹരിയാനയിലെ ഗുരുഗ്രാമിൽ വനിതാ ബൈക്കറെ കാറിടിച്ച് വീഴ്ത്തിയ സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ. യുവതിയെ അപകടത്തിൽപ്പെടുത്തിയ കാർ ഓടിച്ചത് തന്റെ സുഹൃത്താണെന്ന് കാറിന്റെ ഉടമസ്ഥനായ മനീഷ് പറഞ്ഞു. നിലവിൽ അസമിൽ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന താൻ സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നില്ല. സുഹൃത്തായ കല്ല്യാൺ കഴിഞ്ഞദിവസം വാഹനം ഓടിക്കാനായി വാങ്ങിയിരുന്നുവെന്നും മനീഷ് വിശദീകരിച്ചു.

To advertise here,

ഞായറാഴ്ച തന്റെ വീട്ടിലെത്തിയാണ് കല്ല്യാൺ താക്കോൽ വാങ്ങിയത്. അപകടത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ആളുകൾ ഫോണിൽ വിളിക്കാൻ തുടങ്ങുകയും ചെയ്ത ശേഷമാണ് താൻ വിവരമറിയുന്നതെന്നും മനീഷ് പറഞ്ഞു.

ഗുരുഗ്രാമിലെ ഗോൾഫ് കോഴ്സ് റോഡിൽ സ്പോർട്സ് ബൈക്കിൽ ഗ്രൂപ്പംഗങ്ങൾക്കൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു സിയ എന്ന പേരുള്ള വനിതാ ബൈക്കറെ കാർ ഇടിച്ചിട്ടത്. ബൈക്കിൽ നിന്ന് യുവതി തെറിച്ചുവീണിരുന്നു. ബൈക്കിന്റെ ആക്ഷൻ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ സിയ തന്റെ ഇൻസ്റ്റഗ്രം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.

അകലം പാലിക്കാൻ ആവശ്യപ്പെട്ട ബൈക്കറായ യുവതിയെ കാറിടിപ്പിച്ചുവീഴ്ത്തി, നിർത്താതെ പോയി

മദ്യപിച്ച നിലയിൽ കാറിലുണ്ടായിരുന്നവർ സിയയോട് അക്രമസ്വഭാവത്തോടെ പെരുമാറുകയും വാഹനം നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു. സിയ മുന്നോട്ട് പോകാൻ ശ്രമിച്ചെങ്കിലും കാറിലുണ്ടായിരുന്നവർ പിന്തുടരുകയും ബൈക്കിലേക്ക് വാഹനം വെട്ടിച്ച് മാറ്റിയ ശേഷം ഇടിച്ചു വീഴ്ത്തി നിർത്താതെ പോവുകയുമായിരുന്നു.ബൈക്കിന്റെ ആക്ഷൻ ക്യാമറയിൽ ഈ ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. വാഹനത്തിന്റെ നമ്പറും ആർസി ഉടമസ്ഥന്റെ പേരും വിവരങ്ങളും സിയ വീഡിയോയ്‌ക്കൊപ്പം പങ്കുവെച്ചിരുന്നു. ഇതേതുടർന്നാണ് മനീഷ് വിശദീകരണവുമായി രംഗത്തെത്തിയത്.

ഗുരുഗ്രാമിലെ റോഡുകളിൽ തനിക്ക് സുരക്ഷിതത്വം തോന്നുന്നില്ലെന്നും ഇത്തരം അശ്രദ്ധമായി വാഹനം ഓടിച്ച് ആളുകളുടെ ജീവന് ഭീഷണിയാകുന്നവർക്കെതിരെ ഗുരുഗ്രാം പോലീസ് കർശന നടപടി സ്വീകരിക്കണമെന്നും സിയ ആവശ്യപ്പെട്ടിരുന്നു.