ശ്രീരംഗം: സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയാല്‍ ക്ഷേത്രങ്ങളുടെ പുറത്ത് സ്ഥാപിച്ചിട്ടുള്ള പെരിയാറിന്റെ പ്രതിമകള്‍ നീക്കംചെയ്യുമെന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈ. ശ്രീരംഗത്ത് സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

1967-ല്‍ ഡിഎംകെ പാര്‍ട്ടി അധികാരത്തിലെത്തിയപ്പോള്‍ ക്ഷേത്രങ്ങളുടെ പുറത്ത് ചില ഫലകങ്ങള്‍ സ്ഥാപിച്ചിരുന്നു. 'ദൈവത്തെ പിന്തുടരുന്നത് വിഢികളാണ്. ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ കബളിപ്പിക്കപ്പെടും. അതുകൊണ്ടുതന്നെ ദൈവത്തെ ആരാധിക്കരുത്' എന്ന് ഈ ഫലകങ്ങളില്‍ എഴുതിയിരുന്നതായി ചൂണ്ടിക്കാട്ടിയായിരുന്നു അണ്ണാമലൈയുടെ വിമർശനം.

'ബിജെപി അധികാരത്തിലെത്തിയാല്‍ ഞങ്ങളുടെ ആദ്യ ജോലി ഇത്തരം ഫലകങ്ങള്‍ എടുത്തുകളയുകയാവുമെന്ന് ശ്രീരംഗത്തുവെച്ച് തങ്ങള്‍ പ്രതിജ്ഞ ചെയ്യുകയാണ്. അതിനുപകരം അല്‍വാറുകളുടെയും നായനാര്‍മാരുടെയും പ്രതിമകള്‍ സ്ഥാപിക്കും. തിരുവള്ളുവരിന്റെ പ്രതിമയും സ്ഥാപിക്കും. നമ്മുടെ സ്വാതന്ത്രസമര സേനാനികളുടെ പ്രതിമകള്‍ ആദരിക്കപ്പെടും', അദ്ദേഹം വ്യക്തമാക്കി.

ബിജെപി അധികാരത്തിലെത്തിയാല്‍ ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റിബിള്‍ എന്‍ഡോവ്‌മെന്റ് (HR & CE) ഉണ്ടാകില്ലെന്നും ബിജെപി സര്‍ക്കാറിന്റെ ആദ്യ ദിവസം എച്ച്ആര്‍ ആൻഡ് സിഇയുടെ അവസാന ദിവസമാകുമെന്നും അണ്ണാമലൈ കൂട്ടിച്ചേര്‍ത്തു. 

പെരിയാറിന്റെ പ്രതിമകളില്‍ അദ്ദേഹത്തിന്റെ ഉദ്ധരണികളും ആലേഖനം ചെയ്യാറുണ്ട്. ഇവ ശ്രീരംഗത്തടക്കമുള്ള പല ക്ഷേത്രങ്ങളുടെ പുറത്തും സ്ഥാപിച്ചിട്ടുണ്ട്.