പെരുമ്പാവൂർ: മലവെള്ളപ്പാച്ചിലിൽ രാത്രി മുഴുവൻ പെരിയാറിലെ തുരുത്തിൽ കുടുങ്ങിയ മൂന്നുയുവാക്കളെ രക്ഷപ്പെടുത്തി. കോടനാട്-മലയാറ്റൂർ പാലത്തിന് ഒരു കിലോമീറ്റർ മുകളിലായി പുഴയിലെ തുരുത്തിലാണ് കോടനാട് സ്വദേശികളായ അനന്തു (30), ആഷിക് (22), തോമസ് (40) എന്നിവർ കുടുങ്ങിയത്. രക്ഷകനായെത്തിയത് അഗ്നിരക്ഷാസേനയുടെ ഡിഫൻസ് ടീം അംഗം തോട്ടുവ സ്വദേശി വിനോദ്.

To advertise here,

ഞായറാഴ്ച വൈകീട്ടാണ് മൂവർസംഘം പെരിയാറിൽ മീൻ പിടിക്കാനെത്തിയത്. വെള്ളം കുറവായതിനാൽ പുഴയിലെ പാറക്കെട്ടുകളിലൂടെ നടന്നായിരുന്നു വലയിൽ മീൻപിടിത്തം. ഇതിനിടെ ഭൂതത്താൻകെട്ട് ഡാം തുറന്ന് അപ്രതീക്ഷിതമായി പുഴയിൽ വെള്ളമുയർന്ന് കുത്തൊഴുക്കായി. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇവരുടെ കൈയിലുണ്ടായിരുന്ന ഫോണും വലയും ടോർച്ചുമെല്ലാം നഷ്ടപ്പെട്ടു. ഒരുവിധം മൂവരും പുഴയുടെ നടുവിലെ തുരുത്തിൽ കയറിപ്പറ്റി. രാത്രി മുഴുവൻ കനത്ത മഴയും തണുപ്പും സഹിച്ച് അവിടെ കഴിച്ചുകൂട്ടി.

നാട്ടുകാരെയോ കുടുംബാംഗങ്ങളെയോ ബന്ധപ്പെടാൻ യാതൊരുമാർഗവുമുണ്ടായിരുന്നില്ല. തിങ്കളാഴ്ച രാവിലെ ഇവരുടെ ശബ്ദം കേട്ട് കരയിലുണ്ടായിരുന്നവർ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. പുഴയിൽ രക്ഷാപ്രവർത്തനത്തിൽ പരിചിതനായ വിനോദ് ഉടനടി യന്ത്രം ഘടിപ്പിച്ച തന്റെ വള്ളവുമായി തുരുത്തിലെത്തി ഇവരെ കരയിലെത്തിച്ചു. ഭയവും തണുപ്പും മൂലം വിറയ്ക്കുന്ന അവസ്ഥയിലാണ് ഇവരെ കരയ്ക്കെത്തിച്ചതെന്ന് വിനോദ് പറഞ്ഞു.