കൊൽക്കത്ത: പശ്ചിമ ബംഗാളിലെ രണ്ടാം ഘട്ട നിയമസഭാ തിരഞ്ഞെടുപ്പിനിടെ തൃണമൂൽ കോൺഗ്രസ് വ്യാപകമായ വോട്ടെടുപ്പ് ക്രമക്കേടുകൾ നടത്തുന്നുവെന്ന ആരോപണവുമായി ബിജെപി നേതാവും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി. വ്യാജ വോട്ടുകൾ രേഖപ്പെടുത്താനായി ഭരണകക്ഷി കൃത്രിമ വിരലുകൾ ശേഖരിച്ചതായും വോട്ടർ സ്ലിപ്പുകളുടെ വിതരണത്തിൽ അപാകതകൾ വരുത്തിയതായും അദ്ദേഹം കുറ്റപ്പെടുത്തി.

To advertise here,

ഭവാനിപുരിൽ വോട്ട് തട്ടിപ്പിനായി തൃണമൂൽ കോൺഗ്രസ് 750 വ്യാജ വിരലുകൾ വാങ്ങി എന്നാണ് സുവേന്ദുവിന്റെ ആരോപണം. സംസ്ഥാനത്തെ 142 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് ഈ വിവാദം ഉയർന്നുവന്നിരിക്കുന്നത്. 

ആരോപണങ്ങൾ അസംബന്ധമാണെന്ന് പറഞ്ഞ് തൃണമൂൽ കോൺഗ്രസ് തള്ളിക്കളഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തിയപ്പോൾ, ജനാധിപത്യത്തിൽ ഇത്തരം കാര്യങ്ങൾ അസാധ്യമാണെന്നാണ് ഭരണകക്ഷിയുടെ നിലപാട്. ഭവാനിപുരിൽ മുഖ്യമന്ത്രിയും ടിഎംസി അധ്യക്ഷയുമായ മമത ബാനർജിക്കെതിരെയാണ് സുവേന്ദു അധികാരി മത്സരിക്കുന്നത്.

ഹൈ പ്രൊഫൈൽ മണ്ഡലമായ ഭവാനിപുരിൽ കള്ളവോട്ട് നടത്തുന്നതിനായി ഒരു തൃണമൂൽ കോൺഗ്രസ് കൗൺസിലർ 'നൂറുകണക്കിന് കൃത്രിമ വിരലുകൾ' സജ്ജീകരിച്ചതായാണ് പ്രതിപക്ഷ നേതാവ് ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞത്. '700-ലധികം ഇത്തരം കൃത്രിമ വിരലുകൾ ക്രമീകരിച്ചിട്ടുണ്ട്. ഇത് തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കാനുള്ള ശ്രമമാണ്. ഇത്തരം നടപടികൾ ഞങ്ങൾ അനുവദിക്കില്ല.' അദ്ദേഹം പറഞ്ഞു.

ഭവാനിപുരിലെ ബൂത്ത് ലെവൽ ഓഫീസർമാർ വിതരണം ചെയ്ത 3,810 സ്ലിപ്പുകൾ വിതരണം ചെയ്യാനാകാതെ തിരിച്ചുവന്നതായും വോട്ടർ സ്ലിപ്പുകളുടെ വിതരണത്തിൽ ക്രമക്കേടുണ്ടെന്നും ബിജെപി നേതാവ് ആരോപിച്ചു. 'അത്തരം വോട്ടർമാരുടെ പട്ടിക അടയാളപ്പെടുത്തിയിട്ടുണ്ട്. ഭവാനിപുരിലെ ജനങ്ങൾ മാറ്റത്തിന് തയ്യാറാണ്, അവർ വോട്ടുകളിലൂടെ പ്രതികരിക്കും.' അദ്ദേഹം പറഞ്ഞു. തന്റെ അവകാശവാദത്തിന്റെ ഒരു 'സാമ്പിൾ' തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, ഭരണകക്ഷിയായ ടിഎംസി ഈ ആരോപണം അപ്രായോഗികവുമാണെന്ന് പറഞ്ഞ് ശക്തമായി നിഷേധിച്ചു. പാർട്ടി വക്താവ് അരൂപ് ചക്രവർത്തി ഈ അവകാശവാദങ്ങളെ 'തികച്ചും അടിസ്ഥാനരഹിതം' എന്നാണ് വിശേഷിപ്പിച്ചത്. 'ജനാധിപത്യ സംവിധാനത്തിൽ ഇത്തരമൊരു കാര്യം ഏതെങ്കിലും വിധത്തിൽ സാധ്യമാണോ? ഇത്തരം കാര്യങ്ങൾ സാധ്യവുമല്ല, നടപ്പാക്കാറുമില്ല. ഇവ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ്, ഇതിനോട് പ്രതികരിക്കാനൊന്നുമില്ല.' ചക്രവർത്തി പറഞ്ഞു

294 അംഗ നിയമസഭയിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് പശ്ചിമ ബംഗാളിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ബുധനാഴ്ച രാവിലെ ഏഴുമണിക്ക് തന്നെ 142 മണ്ഡലങ്ങളിലും വോട്ടെടുപ്പ് ആരംഭിച്ചു. ഇത് അവസാന റൗണ്ടും ടിഎംസിയുടെ ഏറ്റവും ശക്തമായ മേഖലയുമാണ്. 2021-ൽ ഈ 142 സീറ്റുകളിൽ 123 എണ്ണവും ഭരണകക്ഷി വിജയിച്ചിരുന്നു, ബിജെപിക്ക് 18 സീറ്റും ഐഎസ്എഫിന് ഒരു സീറ്റും മാത്രമാണ് ലഭിച്ചത്. മെയ് നാലിനാണ് വോട്ടെണ്ണൽ നടക്കുക.