ന്യൂഡൽഹി: കേസുകളിൽ പ്രതികളാകുന്ന ധനികർ നിയമത്തിന്റെ സാധുത ചോദ്യംചെയ്യുന്ന പ്രവണത കൂടിവരുകയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും സുപ്രീംകോടതി. അഗസ്ത വെസ്റ്റ്‌ലൻഡ് ഹെലികോപ്റ്റർ ഇടപാടിൽ പ്രതിയായ അഭിഭാഷകൻ കള്ളപ്പണം വെളുപ്പിക്കൽ തടയൽ (പിഎംഎൽഎ) നിയമത്തിലെ 44(ഒന്ന്)(സി) വകുപ്പിന്റെ സാധുത ചോദ്യംചെയ്തപ്പോഴാണ് സുപ്രീംകോടതിയുടെ പരാമർശമുണ്ടായത്.
വിചാരണ തുടങ്ങിക്കഴിഞ്ഞാൽ നിയമവകുപ്പുകളുടെ സാധുത ചോദ്യംചെയ്യുന്നത് പണക്കാരായ പ്രതികൾക്ക് ഒരു പ്രവണതയായിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. സാധാരണ പൗരരെപ്പോലെ വിചാരണ നേരിടാനും അഭിഭാഷകനോട് ആവശ്യപ്പെട്ടു.
അഗസ്ത വെസ്റ്റ്‌ലൻഡ് ഹെലികോപ്റ്റർ ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കലിൽ പ്രതിയായ അഡ്വ. ഗൗതം ഖെയ്താന്റെ ഹർജിയാണ് സുപ്രീംകോടതി തള്ളിയത്. പിഎംഎൽഎ നിയമത്തിലെ പട്ടികയിൽ പറയുന്ന കുറ്റകൃത്യങ്ങളിൽ മറ്റ് കോടതികൾ കേസെടുത്താൽ അത് പിഎംഎൽഎ പ്രത്യേക കോടതിക്ക് കൈമാറിയിരിക്കണം എന്നാണ് 44(ഒന്ന്)(സി) വകുപ്പ് പറയുന്നത്.
പിഎംഎൽഎ വകുപ്പുകളുടെ സാധുതയുമായി ബന്ധപ്പെട്ട വിഷയം നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. മറ്റൊരു കേസിലെ വിധി ചോദ്യംചെയ്യുന്ന പുനഃപരിശോധനാ ഹർജിയിലാണ് ഈ വിഷയവും സുപ്രീംകോടതി പരിശോധിക്കുന്നത്. അതിനാൽ ഹർജിക്കാരന് വേണമെങ്കിൽ അതിൽ കക്ഷിചേരാമെന്നും ബെഞ്ച് വ്യക്തമാക്കി.
Content Highlights: Supreme Court slams trend of wealthy defendants questioning laws. Demands end to delaying trials, urging fair process for all
Published: 07 Jan 2026, 09:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented