ന്യൂഡൽഹി: രാജ്യത്തെ വഖഫ് ഭൂമികളുടെ വിശദാംശങ്ങൾ ഉമീദ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്നതിനുള്ള സമയപരിധി നീട്ടിക്കൊണ്ട് പൊതു ഉത്തരവ് ഇറക്കണമെന്ന ആവശ്യം തള്ളി. ജസ്റ്റിസുമാരായ ദിപാങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ആവശ്യം തള്ളിയത്. കേരള സംസ്ഥാന വഖഫ് ബോർഡ്, സമസ്ത എന്നിവരുൾപ്പെടെ നൽകിയ ഹർജികളാണ് സുപ്രീം കോടതി തള്ളിയത്. എന്നാൽ, സമയം നീട്ടിക്കിട്ടാൻ ബന്ധപ്പെട്ട ട്രിബ്യൂണലുകളെ സമീപിക്കാൻ അവകാശമുണ്ടായിരിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
2025 ഏപ്രിൽ എട്ടിനാണ് വഖഫ് ഭേദഗതി നിയമം നിലവിൽവന്നത്. വഖഫ് രേഖകൾ അപ്ലോഡ് ചെയ്യേണ്ട ഉമീദ് പോർട്ടൽ ജൂൺ ആറിന് നിലവിൽവന്നെങ്കിലും ചട്ടങ്ങൾ നിലവിൽവന്നത് ജൂലൈ മൂന്നിനാണ്. ഉമീദ് പോർട്ടലിൽ രേഖകൾ അപ്ലോഡ് ചെയ്യേണ്ടതിന്റെ തീയതി ഡിസംബർ അഞ്ചിന് അവസാനിക്കും. എന്നാൽ, ആറ് മാസത്തെ സമയപരിധി വളരെ കുറവാണ് എന്നായിരുന്നു സമസ്ത ഉൾപ്പടെയുള്ള ഹർജിക്കാരുടെ പരാതി. വിവിധ ഹർജിക്കാർക്കുവേണ്ടി സീനിയർ അഭിഭാഷകരായ കപിൽ സിബൽ, അഭിഷേക് മനു സിങ്‌വി, പി വി ദിനേശ്, അഭിഭാഷകൻ സുൽഫിക്കർ അലി തുടങ്ങിയവർ ഹാജരായി.
അതേസമയം, വഖഫ് ഭേദഗതി നിയമത്തിന്റെ 3 ബി പ്രകാരം സമയപരിധി നീട്ടിനൽകാൻ ട്രിബ്യൂണലുകൾക്ക് അധികാരമുണ്ടെന്ന് കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി. ഈ വാദം കണക്കിലെടുത്താണ് ഹർജിക്കാരോട് സമയപരിധി നീട്ടിക്കിട്ടാൻ ബന്ധപ്പെട്ട ട്രിബ്യൂണലുകളെ സമീപിക്കാൻ സുപ്രീം കോടതി നിർദേശിച്ചത്.
Content Highlights: Supreme Court Rejects Waqf Land Data Upload Extension Plea, Directs Tribunals for Relief
Published: 01 Dec 2025, 02:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented