ന്യൂഡൽഹി:  കേരളത്തിലെ ഓർത്തോഡോക്സ്, യാക്കോബായ വിഭാഗങ്ങളിലെ  പള്ളികളുടെയും വിശ്വാസികളുടെയും കണക്കെടുക്കണമെന്ന തടയണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. ഓർത്തഡോക്സ് വിഭാഗത്തിന്റെ ആവശ്യമാണ് സുപ്രീംകോടതി നിരാകരിച്ചത്. അതേസമയം കണക്കെടുപ്പ് സംബന്ധിച്ച വിശദാംശങ്ങൾ കോടതിക്ക് മാത്രമേ ബെഞ്ച് കൈമാറാവൂ എന്ന് സംസ്ഥാന സർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചു. വിശദാംശങ്ങൾ ഓർത്തോഡോക്സ്, യാക്കോബായ വിഭാഗങ്ങൾക്ക് കൈമാറരുത് എന്നും സുപ്രീം കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്.

To advertise here,

ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങളിൽ എത്ര പേരുണ്ട് എന്ന് പഞ്ചായത്തുതല കണക്കുകൾ നൽകാൻ ഡിസംബറിൽ സുപ്രീംകോടതി സർക്കാരിനോട് നിർദേശിച്ചിരുന്നു ഇരുവിഭാഗത്തിന്റെയും നിയന്ത്രണത്തിലുള്ള പള്ളികളുടെ കണക്കുകൾ നൽകണം എന്നായിരുന്നു നിർദേശം. ഈ ഉത്തരവ് ഭേദഗതി ചെയ്യണം എന്നാവശ്യപ്പെട്ടാണ് ഓർത്തഡോക്സ് വിഭാഗം സുപ്രീം കോടതിയെ സമീപിച്ചത്.

പള്ളികളുടെ അവകാശം സംബന്ധിച്ച എല്ലാ വിഷയങ്ങളിലും സുപ്രീംകോടതി തീർപ്പാക്കിയതാണെന്നും, അതിനാൽ പള്ളികളിലെ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ ആ വിഷയം വീണ്ടും പരിഗണിക്കരുത് എന്നും ഓർത്തഡോക്സ് വിഭാഗം സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. മതപരമായ വിഷയത്തിൽ തങ്ങൾ അതീവ ജാഗ്രതയോടെയാണ്‌ സമീപിക്കുന്നത് എന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ.കെ.സിംഗ് എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. മുൻ വിധികൾ പുനഃപരിശോധിക്കാൻ അല്ല, മറിച്ച് ഇരു വിഭാഗങ്ങളും തമ്മിൽ ഉള്ള പ്രശ്‌നം പരിഹരിക്കാനുള്ള സാധ്യത തേടിയാണ് കണക്കെടുപ്പിന് നിർദേശം നൽകിയത് എന്നും സുപ്രീംകോടതി വ്യക്തമാക്കി.

മലങ്കര സഭയുടെ  പള്ളികളിൽ ഇപ്പോൾ നടക്കുന്ന കണക്കെടുപ്പ് ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന് ഓർത്തഡോക്സ് വിഭാഗം സുപ്രീം കോടതിയെ അറിയിച്ചു. എന്നാൽ ക്രമസമാധാന പ്രശ്നം ഉണ്ടെങ്കിൽ അത് കോടതിയെ അറിയിക്കേണ്ടത് സംസ്ഥാന സർക്കാർ ആണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കണക്കെടുപ്പിൽ ക്രമക്കേട് നടക്കുന്നുവെന്നും ഓർത്തഡോക്സ് വിഭാഗം ആരോപിച്ചു. കണക്കെടുപ്പിലെ വിവരങ്ങൾ ഇപ്പോൾ പരസ്യപ്പെടുത്തിയാൽ അത് ക്രമസമാധാന പ്രശ്നങ്ങൾക്ക് വഴിവെയ്ക്കുമെന്നും അതിനാൽ സംസ്ഥാന സർക്കാരിനോട് അവ മുദ്ര വെച്ച കവറിൽ കൈമാറാൻ നിർദേശിക്കണമെന്നും ഓർത്തഡോക്സ് സഭ സുപ്രീം കോടതിയിൽ ആവശ്യപെട്ടു. ഇതേ തുടർന്നാണ് കണക്കെടുപ്പിന്റെ വിശദാംശങ്ങൾ കോടതിക്ക് മാത്രം കൈമാറിയാൽ മതിയെന്ന് സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചത്.

മലങ്കര സഭാ തർക്കവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി ഉദ്യോഗസ്ഥർക്ക് എതിരെ എടുത്ത കോടതി അലക്ഷ്യ നടപടിക്ക് എതിരായ ഹർജിയിൽ ഈ മാസം 29, 30 തീയ്യതികളിൽ വിശദമായ വാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചിട്ടുണ്ട്. അന്ന് ഈ തർക്കവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും വിശദമായ വാദം കേൾക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

കേരളത്തിലെ ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങളിലെ പള്ളികളുടെയും വിശ്വാസികളുടെയും കണക്കെടുപ്പ് ഉടൻ പൂർത്തിയാക്കുമെന്ന സൂചനയാണ് സംസ്ഥാന സർക്കാർ ബുധനാഴ്ച സുപ്രീംകോടതിയിൽ വ്യക്തമാക്കിയത്. പത്ത് ജില്ലകളിലെ കണക്കെടുപ്പ് പൂർത്തിയായി. നാല് ജില്ലകളിൽ കണക്കെടുപ്പ് 90 ശതമാനത്തോളം ആയെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. കണക്കെടുപ്പ് തടയണം എന്ന ഓർത്തഡോക്സ് സഭയുടെ ആവശ്യത്തെ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കപിൽ സിബലും, സ്റ്റാന്റിംഗ് കോൺസൽ സി കെ ശശിയും എതിർത്തു

കമ്യൂണിസ്റ്റുകൾക്ക് വോട്ട് ചെയ്യാൻ യാക്കോബായ വിഭാഗം ആഹ്വാനം ചെയ്തു, ഇടതുപക്ഷം  വിജയിച്ചു - ഓർത്തോഡോക്സ് സഭ

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കമ്യൂണിസ്റ്റുകൾക്ക് വോട്ട് ചെയ്യാൻ യാക്കോബായ സഭ ആഹ്വാനം ചെയ്തിരുന്നുവെന്ന് ഓർത്തഡോക്സ് പക്ഷം.  തിരഞ്ഞെടുപ്പിൽ ഇടത് പക്ഷത്തിന്റെ വിജയത്തിന് ഇത് കാരണമായി എന്നും ഓർത്തോഡോക്സ് സഭയ്ക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കൃഷ്ണൻ വേണുഗോപാൽ സുപ്രീംകോടതിയിൽ പറഞ്ഞു. അതിനാൽ കേരളത്തിലെ ഇടതുപക്ഷ സർക്കാർ യാക്കോബായ വിഭാഗത്തിന് അനുകൂലമായ നിലപാട് മാത്രമേ സ്വീകരിക്കൂ എന്നും അദ്ദേഹം കോടതിയിൽ ചൂണ്ടിക്കാട്ടി.

ഓർത്തഡോക്സ് സഭയ്ക്ക് വേണ്ടി സീനിയർ അഭിഭാഷകരായ കെ.കെ. വേണുഗോപാൽ, സി.യു.സിംഗ്, കൃഷ്ണൻ വേണുഗോപാൽ എന്നിവരാണ് ബുധനാഴ്ച സുപ്രീംകോടതിയിൽ ഹാജരായത്. സംസ്ഥാന സർക്കാരിനു വേണ്ടി സീനിയർ അഭിഭാഷകൻ കപിൽ സിബൽ, സ്റ്റാൻഡിങ് കോൺസൽ സി.കെ.ശശി, അഭിഭാഷക മീന.കെ.പൗലോസ് എന്നിവർ ഹാജരായി. യാക്കോബായ വിഭാഗത്തിന് വേണ്ടി സീനിയർ അഭിഭാഷകൻ ശ്യാം ദിവാൻ, അഭിഭാഷകരായ പി.കെ.മനോഹർ, എ.രഘുനാഥ് എന്നിവർ ഹാജരായി.