ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ചട്ടങ്ങളുടെ നിയമ സാധുത ചോദ്യം ചെയ്ത് രാജ്യസഭാംഗം പി. സന്തോഷ് കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചത്. പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള മറ്റ് ഹര്‍ജികള്‍ക്ക് ഒപ്പം ഈ ഹര്‍ജിയും കേള്‍ക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

To advertise here,

പാര്‍ലമെന്റ് പാസാക്കിയ 2019-ലെ പൗരത്വ ഭേദഗതി നിയമം മതേതരം ആക്കാന്‍ സന്തോഷ് കുമാര്‍ രാജ്യസഭയില്‍ സ്വകാര്യ ബില്ല് അവതരിപ്പിച്ചിരുന്നു. സ്വകാര്യ ബില്ലിലെ നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. പൗരത്വം അനുവദിക്കുന്നതിലെ മതപരമായ വേര്‍തിരിവ് ഭരണഘടനയുടെ 14-ാം അനുച്ഛേദം ഉറപ്പ് നല്‍കുന്ന തുല്യതയുടെ ലംഘനമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

പി. സന്തോഷ് കുമാറിന് പുറമെ സാമൂഹിക പ്രവര്‍ത്തകരായ അശ്വിനി ജിതേന്ദ്ര കാംബ്ലെ, വൈഭവ് വി. കാംബ്ലെ, അനികേത് കുട്ടര്‍മാരെ എന്നിവരാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.