
ന്യൂഡല്‍ഹി: ഗുരുവായൂരിലെ പൂജകള്‍ സംബന്ധിച്ച വിധികള്‍ പുറപ്പെടുവിക്കുന്നത് കേരള ഹൈക്കോടതിയിലെ ഒരേ ബെഞ്ചാണെന്ന് സുപ്രീംകോടതി. ഉദയാസ്തമയ പൂജ, ഇല്ലം നിറ പൂജ എന്നിവ സംബന്ധിച്ച വിധികള്‍ പുറപ്പെടുവിച്ച ബെഞ്ചുകളില്‍ ഒരേ ജഡ്ജി ഉണ്ടായിരുന്ന കാര്യം തങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഇല്ലം നിറ പൂജ കൊടിമരച്ചുവട്ടില്‍ നടത്താനുള്ള തീരുമാനം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ് അയച്ചു.
ഇല്ലം നിറ പൂജ കൊടിമരചുവട്ടില്‍ നടത്താനുള്ള തീരുമാനം ചോദ്യം ചെയ്ത് പുഴക്കര ചേന്നാസ് ഇല്ലത്തെ ചില അംഗങ്ങളാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഈ ഹര്‍ജി ഇന്ന് പരിഗണിച്ചത് ജസ്റ്റിസ്മാരായ ജെ കെ മഹേശ്വരി, വിജയ് ബിഷ്ണോയ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ വൃശ്ചിക മാസ ഏകാദശിയിലെ ഉദയാസ്തമയ പൂജ തുലാ മാസത്തിലേക്ക് മാറ്റിയതിന് എതിരെ ചേന്നാസ് ഇല്ലത്തെ അംഗങ്ങള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതും ജസ്റ്റിസ് ജെ കെ മഹേശ്വരി അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചാണ്.
ഇല്ലം നിറ പൂജ മാറ്റിയതിനെതിരായ ഹര്‍ജി ഇന്ന് പരിഗണിക്കുന്ന വേളയില്‍ ആണ് ഈ രണ്ട് വിഷയങ്ങളിലും ഹൈക്കോടതി പുറപ്പെടുവിച്ച വിധികളെഴുതിയ ബെഞ്ചില്‍ ഒരേ ജഡ്ജി ഉണ്ടായിരുന്ന കാര്യം ജസ്റ്റിസ് ജെ.കെ മഹേശ്വരി ചൂണ്ടിക്കാട്ടിയത്. ഈ രണ്ട് വിഷയങ്ങളിലും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് എടുത്ത തീരുമാനത്തില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. ഹൈക്കോടതിയില്‍ ഇതേ ബെഞ്ചാണ് വര്‍ഷങ്ങളായി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് എന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ സി എസ് വൈദ്യനാഥന്‍ ചൂണ്ടിക്കാട്ടി.
ഈ വര്‍ഷം ഇല്ലംനിറ കൊടിമരച്ചുവട്ടില്‍,ശാശ്വത പരിഹാരം ഉടനുണ്ടാക്കാം-ജസ്റ്റിസ് മഹേശ്വരി
ഗുരുവായൂരിലെ ഇല്ലംനിറ പൂജ കൊടിമരച്ചുവട്ടിലിലേക്ക് മാറ്റിയ ദേവസ്വം ബോര്‍ഡ് തീരുമാനം സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. മുമ്പ് ഒരു തവണ ഇതേ പൂജ കൊടിമരച്ചുവട്ടില്‍ നടത്തിയിട്ടുണ്ടെന്നും, അതിനാല്‍ ഇത്തവണകൂടി അവിടെ നടക്കട്ടെയെന്നും ജസ്റ്റിസ് ജെ.കെ മഹേശ്വരി പറഞ്ഞു. ഗുരുവായൂരിലെ പൂജകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും താന്‍ പരിശോധിച്ചുവെന്നും, പൂജകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശാശ്വത പരിഹാരം ഉടന്‍ ഉണ്ടാക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഇല്ലം നിറ പൂജ, ഉദയാസ്തമയ പൂജ എന്നിവയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ മൂന്ന് ആഴ്ചയ്ക്ക് ശേഷം പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സീനിയര്‍ അഭിഭാഷകരായ സി എസ് വൈദ്യനാഥന്‍, കെ പരമേശ്വര്‍, അഭിഭാഷകന്‍ എ കാര്‍ത്തിക് എന്നിവരാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഇന്ന് സുപ്രീം കോടതിയില്‍ ഹാജരായത്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ആര്യാമ സുന്ദരം, അഭിഭാഷകന്‍ എം ആര്‍ അഭിലാഷ് എന്നിവർ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യുന്നതിനെ ശക്തമായി എതിര്‍ത്തു.
ഗുരുവായൂര്‍ ക്ഷേത്രത്തിലെ വൃശ്ചിക മാസ ഏകാദശിയിലെ ഉദയാസ്തമയ പൂജ തുലാ മാസത്തിലേക്ക് മാറ്റിയത് തിരക്ക് നിയന്ത്രിക്കാനെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു. നമസ്‌കാര മണ്ഡപത്തില്‍ നടന്നിരുന്ന ഇല്ലം നിറ പൂജ.. കൊടിമര ചുവട്ടിലേക്ക്മാറ്റിയതും തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ്. ഈ രണ്ട് തീരുമാനങ്ങള്‍ക്കും ഗുരുവായൂര്‍ ക്ഷേത്ര തന്ത്രിയുടെ അനുമതി ഉണ്ടായിരുന്നുവെന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്. എന്നാല്‍ തന്ത്രിയുടെ കുടുംബമായ പുഴക്കര ചേന്നാസ് ഇല്ലത്തെ അംഗങ്ങളാണ് ദേവസ്വം ബോര്‍ഡ് തീരുമാനം ആചാര ലംഘനം ആണെന്ന് ആരോപിച്ച് കോടതികളെ സമീപിച്ചത്.
Content Highlights: Supreme Court questions same judge hearing Guruvayur temple puja cases
Published: 25 Aug 2025, 06:33 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented