ന്യൂഡൽഹി: 2002-ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസിൽ തീസ്ത സെതൽവാദിന് ഇടക്കാല ജാമ്യം. തീസ്തയുടെ ജാമ്യം റദ്ദാക്കിയ ഗുജറാത്ത് ഹൈക്കോടതിയുടെ വിധി സ്റ്റേ ചെയ്തു.ഒരാഴ്ചത്തേക്കാണ് വിധി സ്റ്റേ ചെയ്തത്. ജസ്റ്റിസ് ബി.ആർ ഗവായ് അധ്യക്ഷനായ മൂന്നംഗ  ബെഞ്ചിൻ്റേതാണ് ഉത്തരവ്. ജാമ്യം നൽകുന്നതിൽ സുപ്രീം കോടതിയുടെ രണ്ട് അംഗ ബെഞ്ചിൽ ഭിന്നതയുണ്ടായതിനെ തുടർന്നാണ് ഹർജി ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, എ.എസ്. ബൊപ്പണ്ണ, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചിനു നൽകിയത്.

To advertise here,

 ശനിയാഴ്ച രാത്രി 9.29-നാണ്‌ സുപ്രീംകോടതിയിൽ അസാധാരണവാദം ആരംഭിച്ചത്. 10.02 വരെ വാദം നീണ്ടു. ഹർജിക്കാരിയെ അടിയന്തരമായി അറസ്റ്റുചെയ്യേണ്ട എന്ത് സാഹചര്യമാണ് നിലവിലുള്ളതെന്ന് സുപ്രീംകോടതി ആരാഞ്ഞു. തീസ്തയെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴുമോ എന്ന് ചോദിച്ച കോടതി കൊടുംകുറ്റവാളികൾക്കുവരെ ഇടക്കാലജാമ്യം നൽകുന്നുണ്ടെന്നും നിരീക്ഷിച്ചു.

കേസിൽ സാധാരണക്കാരന് നൽകുന്ന പരിഗണന മാത്രമേ ഹർജിക്കാരിക്കും നൽകാവൂ എന്ന് ഗുജറാത്തിനായി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടെങ്കിലും തത്‌കാലം കേസിന്റെ മെറിറ്റിലേക്ക് പോകുന്നില്ലെന്ന് സുപ്രീംകോടതി ബെഞ്ച് നിരീക്ഷിച്ചു.

തീസ്തയ്ക്ക് ജാമ്യം നൽകണമെന്ന് ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് അഭയ് എസ് ഓക നിലപാട് സ്വീകരിച്ചിരുന്നു. എന്നാൽ ബെഞ്ചിലെ രണ്ടാമത്തെ അംഗമായ ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര ഇതിനോട് വിയോജിച്ചു. ഇതോടെയാണ് ജാമ്യം തേടിയുള്ള തീസ്തയുടെ ഹർജി മൂന്നം​ഗ ബെഞ്ചിന് വിട്ടത്.

തീസ്തയ്ക്ക് കീഴടങ്ങാൻ ചൊവ്വാഴ്ച്ച വരെയെങ്കിലും സമയം നൽകണമായിരുന്നുവെന്നായിരുന്നു ഹർജി പരിഗണിച്ച സുപ്രീം കോടതി ബെഞ്ചിലെ ജസ്റ്റിസ് അഭയ് എസ് ഓക വാക്കാൽ നിരീക്ഷിച്ചത്. സെപ്റ്റംബർ മുതൽ തീസ്ത ഇടക്കാല ജാമ്യത്തിലായിരുന്നു. അതിനാൽ കീഴടങ്ങാൻ രണ്ടോ മൂന്നോ ദിവസം കൂടി അനുവദിച്ചിരുന്നുവെങ്കിൽ ആകാശം ഇടിഞ്ഞു വീഴില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ  ജാമ്യം നൽകുന്ന കാര്യത്തിൽ തനിക്കും ജസ്റ്റിസ് പി.കെ മിശ്രയ്‌ക്കും ഏകാഭിപ്രായം ഇല്ലാത്തതിനാൽ ഹർജി ഉയർന്ന ബെഞ്ചിലേക്ക് വിടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 

സ്ഥിരം ജാമ്യത്തിനായുള്ള തീസ്ത സെതൽവാദിന്റെ ജാമ്യാപേക്ഷ  ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. തീസ്ത എത്രയും വേഗം കീഴടങ്ങണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു.തീസ്തയ്ക്ക് ജാമ്യംനൽകിയാൽ തെളിവു നശിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് ഗുജറാത്ത് സർക്കാർ ഹൈക്കോടതിയിൽ വാദിച്ചത്. അന്നത്തെ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രധാനമന്ത്രിയുമായ നരേന്ദ്രമോദിയുടെ പ്രതിച്ഛായ നശിപ്പിക്കാനും അദ്ദേഹത്തെ ജയിലിലേക്കയക്കാനും നീക്കം നടത്തി. തീസ്തയെ മഹത്ത്വവത്കരിക്കുന്നത്, ഒന്നിനോടും മർക്കടമുഷ്ടി പുലർത്താത്ത ഒരു ജനാധിപത്യരാജ്യത്ത് തെറ്റായ സന്ദേശമാണ് നൽകുകയെന്നും കോടതി നിരീക്ഷിച്ചു. ഈ സാഹചര്യത്തിലാണ് തീസ്ത അടിയന്തിരമായി സുപ്രീം കോടതിയെ സമീപിച്ചത്.