ഷിക്കാഗോ: ഇന്ത്യൻ ജനാധിപത്യം കോൺഗ്രസ് പാർട്ടിക്ക് 'സേക്രട്' (പവിത്രം) ആണെന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയിൽ വിമർശനവുമായി ബിജെപി. രാഹുൽ ഗാന്ധി ജനാധിപത്യത്തെ 'സിക്ക്' (രോഗാതുരം) എന്ന് വിശേഷിപ്പിച്ചതായി ആരോപിച്ചാണ് ബിജെപിയുടെ വിമർശനം. അമേരിക്കൻ സന്ദർശനത്തിനിടെ ഷിക്കാഗോ സർവകലാശാലയിൽ പ്രൊഫസർ റോബർട്ട് പേപ്പുമായുള്ള  സംവാദത്തിനിടെയായിരുന്നു രാഹുലിൻ്റെ പ്രസ്താവന.

To advertise here,

തിരഞ്ഞെടുപ്പുകളിൽ ക്രമക്കേട് നടക്കുന്നുവെന്ന് വിശ്വസിക്കുന്നുവെങ്കിൽ പ്രതിപക്ഷം എന്തുകൊണ്ട് തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നില്ല എന്ന ചോദ്യത്തിന് മറുപടിയായാണ് രാഹുൽ ഗാന്ധി പ്രതികരിച്ചത്. ഇന്ത്യൻ ജനാധിപത്യം തങ്ങൾക്ക് പവിത്രമാണെന്നും(സേക്രട്)  തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചാൽ ആ നിമിഷം ഇന്ത്യൻ ജനാധിപത്യത്തിന്റെ ചട്ടക്കൂട് തകരുമെന്നും രാഹുൽ പറഞ്ഞു. അതിനാൽ സിസ്റ്റത്തിലെ വീഴ്ചകൾ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടി പോരാട്ടം തുടരുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, രാഹുൽ ഗാന്ധി വിദേശത്തുവെച്ച് ഇന്ത്യൻ ജനാധിപത്യത്തെ 'സിക്ക്’ എന്ന് വിശേഷിപ്പിച്ചുവെന്ന് ആരോപിച്ച് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി രംഗത്തെത്തി. രാഹുൽ ഗാന്ധിയുടെ പ്രസംഗ വിഡിയോ എക്‌സിൽ പങ്കുവെച്ചുകൊണ്ടായിരുന്നു വിമർശനം.

മുൻപും രാഹുൽ ഗാന്ധി വിദേശമണ്ണിൽ രാജ്യവിരുദ്ധ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുകയാണെന്ന് ബിജെപി വാദിച്ചിരുന്നു.