ന്യൂഡല്‍ഹി: സര്‍ക്കാരിനെതിരേ വിധി പുറപ്പെടുവിക്കാത്തപക്ഷം ജഡ്ജി നിഷ്പക്ഷനല്ലെന്ന പൊതുധാരണ ശരിയല്ലെന്ന് സ്ഥാനമൊഴിയുന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്. ആ ധാരണ തെറ്റായ സമീപനമാണെന്നും വിരമിക്കല്‍ ദിനമായ ഞായറാഴ്ച ഔദ്യോഗികവസതിയില്‍ മാധ്യമങ്ങളോടു സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

To advertise here,

സര്‍ക്കാരിനെതിരേ തീരുമാനം കൈക്കൊണ്ടില്ലെങ്കില്‍, നിങ്ങളൊരു നിഷ്പക്ഷനായ ജഡ്ജ് അല്ല... അത് ശരിയല്ല. പരാതിക്കാരന്‍ സര്‍ക്കാരാണോ അതോ സ്വകാര്യവ്യക്തിയാണോ എന്ന് നോക്കിയല്ല തീരുമാനമെടുക്കുന്നത്. മുന്‍പാകെ എത്തുന്ന രേഖകള്‍ക്ക് അനുസരിച്ചാണ് തീരുമാനമെടുക്കുന്നത്, ചീഫ് ജസ്റ്റിസ് പറഞ്ഞു.

കേന്ദ്രസര്‍ക്കാരുമായുള്ള സഹകരണത്തേക്കുറിച്ചും ചീഫ് ജസ്റ്റിസ് പരാമര്‍ശിച്ചു. തന്റെ സേവനകാലയളവില്‍ കൊളീജിയം ശുപാര്‍ശചെയ്ത മിക്കവാറും മുഴുവന്‍ പേരുകളും സര്‍ക്കാര്‍ അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു. വിവിധ ഹൈക്കോടതികളിലായി 107 ജഡ്ജിമാര്‍ നിയമിതരായി. 12 ജഡ്ജിമാരെ ബോംബെ ഹൈക്കോടതിക്കും 12 പേരെ മധ്യപ്രദേശിനും നല്‍കി, ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.

സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി സൂര്യകാന്ത് തിങ്കളാഴ്ച സത്യപ്രതിജ്ഞചെയ്ത് സ്ഥാനമേൽക്കും. രാഷ്ട്രപതിഭവനിൽ നടക്കുന്ന ചടങ്ങിൽ ഭൂട്ടാൻ, കെനിയ, മലേഷ്യ, ബ്രസീൽ, മൗറീഷ്യസ്, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിലെ ന്യായാധിപന്മാർ അതിഥികളായെത്തും. 2019 മുതൽ സുപ്രീംകോടതിയിലുള്ള ജസ്റ്റിസ് സൂര്യകാന്ത് രാജ്യത്തിന്റെ 53-ാമത് ചീഫ് ജസ്റ്റിസായാണ് സ്ഥാനമേൽക്കുന്നത്. നേരത്തേ ഹിമാചൽപ്രദേശ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായിരുന്നു.