ഛണ്ഡീഗഢ്: തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടിട്ടും പഞ്ചാബ് കോണ്‍ഗ്രസിനുള്ളിലെ ചേരിപ്പോര് അടങ്ങിയിട്ടില്ല. മുന്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയേയും അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയ കോണ്‍ഗ്രസ് തീരുമാനത്തേയും പരിഹസിച്ച് മുതിര്‍ന്ന നേതാവ് സുനില്‍ ജാക്കര്‍ രംഗത്തെത്തി.

To advertise here,

തിരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താനായി കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ചന്നി പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാണെന്ന് വിശേഷിപ്പിച്ച നേതാക്കള്‍ക്കെതിരെ ജാഖര്‍ ആഞ്ഞടിച്ചു. 'ഒരു ആസ്തി, നിങ്ങള്‍ തമാശ പറയുകയാണോ..? അദ്ദേഹത്തെ  (ചന്നിയെ) മുഖ്യമന്ത്രിയാക്കാന്‍ ആദ്യമായി നിര്‍ദേശം വച്ച ആ പഞ്ചാബി വനിത, പ്രവര്‍ത്തക സമിതി യോഗത്തില്‍ അദ്ദേഹത്തെ രാജ്യത്തിന്റെ നിധിയായി പ്രഖ്യാപിക്കാതിരുന്നതിന് ദൈവത്തിന് സ്തുതി-ജാക്കര്‍ പരിഹസിച്ചു. 

. അവര്‍ക്ക് അദ്ദേഹം മുതല്‍ക്കൂട്ടായിരിക്കാം. എന്നാല്‍ പാര്‍ട്ടിക്ക് അദ്ദേഹം ഒരു ബാധ്യതമാത്രമായിരുന്നു. ഉന്നത നേതാക്കളല്ല, അദ്ദേഹത്തിന്റെ ആര്‍ത്തിയാണ് പാര്‍ട്ടിയേയും അദ്ദേഹത്തേയും താഴെ ഇറക്കിയത്' ജാഖര്‍ ട്വീറ്റ് ചെയ്തു.

ചന്നിയുടെ മരുമകനില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പത്ത് കോടി രൂപ പിടിച്ചെടുത്തതിന്റെ വാര്‍ത്തയുടെ തലക്കെട്ടും അദ്ദേഹം തന്റെ ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

തന്റെ ട്വീറ്റ്  ആരേയും കുറ്റപ്പെടുത്താനല്ലെന്ന് പിന്നീട് വാര്‍ത്ത ഏജന്‍സിയായ എ.എന്‍ഐയോട് ജാഖര്‍ വിശദീകരിച്ചു. 'കഴിഞ്ഞ ദിവസം നടന്ന പ്രവര്‍ത്തക സമിതി യോഗത്തിലെ ചില മുഖസ്തുതികള്‍ നിരാശപ്പെടുത്തി. 30 വര്‍ഷമായി രാജ്യസഭാ എംപിമാരായി, പ്രവര്‍ത്തക സമിതിയില്‍ പഞ്ചാബിന്റെ ശബ്ദമാണെന്ന് അവകാശപ്പെടുന്ന ചില നേതാക്കള്‍ പാര്‍ട്ടി ഹൈക്കമാന്‍ഡിനെ തെറ്റിദ്ധരിപ്പിക്കുന്നു' അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശുപാര്‍ശ നടത്തിയ ഇക്കൂട്ടര്‍  ആ തെറ്റ് അംഗീകരിക്കുന്നതിന് പകരം തോല്‍വിഭാരം രാഹുല്‍ ഗാന്ധിയുടെ തലയില്‍ കെട്ടിവെക്കാനാണ് ശ്രമിക്കുന്നത്. രോഗത്തേക്കാള്‍ മോശമായ രീതിയിലാണ് പ്രതിവിധിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം അംബികാ സോണിയെ ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു ജാഖറിന്റെ പ്രതികരണം. അമരീന്ദര്‍ സിങ് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ മുഖ്യമന്ത്രി പദത്തിലേക്കുള്ള ജാഖറിന്റെ സാധ്യതകള്‍ തടഞ്ഞത് അംബികാ സോണിയാണെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. ഒരു സിഖുകാരന് മാത്രമേ പഞ്ചാബിന്റെ മുഖ്യമന്ത്രിയാകാന്‍ സാധിക്കൂവെന്ന് അംബികാ സോണി പ്രസ്താവന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സിദ്ദുവിന്റെയും ചന്നിയുടേയും പേര് പരിഗണിച്ച് ഒടുവില്‍ ചന്നിയെ നിശ്ചയിച്ചത്‌.