
മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ അപ്രതീക്ഷിത മാറ്റങ്ങൾക്കിടയിൽ സുനേത്ര പവാർ സംസ്ഥാനത്തിന്റെ പുതിയ ഉപമുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഭർത്താവും എൻസിപി അധ്യക്ഷനുമായിരുന്ന അജിത് പവാർ ജനുവരി 28-ന് ബാരാമതിയിൽ നടന്ന വിമാനാപകടത്തിൽ മരണപ്പെട്ടതിനെത്തുടർന്നാണ് ഈ നിർണ്ണായക തീരുമാനം.
തുടക്കത്തിൽ ഈ പദവി ഏറ്റെടുക്കാൻ സുനേത്ര തയ്യാറായിരുന്നില്ലെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ അജിത് പവാറിന്റെ ദർശനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനും അദ്ദേഹം കഠിനാധ്വാനത്തിലൂടെ കെട്ടിപ്പടുത്ത പാർട്ടിയെ സംരക്ഷിക്കാനും ഒരു ഭാര്യയെന്ന നിലയിൽ തനിക്ക് ഉത്തരവാദിത്തമുണ്ടെന്ന് അവർ മനസ്സിലാക്കി. അജിത് പവാർ പക്ഷത്തെ നേതാക്കളുടെയും അനുയായികളുടെയും നിരന്തരമായ അഭ്യർത്ഥനയെത്തുടർന്ന് അവർ ഈ ദൗത്യം ഏറ്റെടുക്കാൻ സമ്മതിക്കുകയായിരുന്നു. തുടർന്ന് അജിത് പവാറിന്റെ പാതിവഴിയിൽ നിലച്ച സ്വപ്നങ്ങൾ പൂർത്തിയാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് അവർ പാർട്ടി നേതാക്കളെ അറിയിക്കുകയായിരുന്നുവെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.
നേരത്തെ ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാരിൽ ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായിരുന്ന അജിത് പവാർ എൻസിപിയിൽ പിളർപ്പുണ്ടാക്കിയാണ് ബിജെപി-സേന സഖ്യത്തിൽ ചേർന്നത്. അദ്ദേഹത്തിന്റെ മരണശേഷം മുംബൈയിൽ ചേർന്ന പാർട്ടിയുടെ നിയമസഭാ കക്ഷി യോഗം സുനേത്ര പവാറിനെ പുതിയ നേതാവായി ഐക്യകണ്ഠേന തിരഞ്ഞെടുത്തു. ബാരാമതിയിൽ നിന്ന് മുംബൈയിലെത്തിയ അവർ പ്രഫുൽ പട്ടേൽ, സുനിൽ തട്കറെ തുടങ്ങിയ മുതിർന്ന പാർട്ടി നേതാക്കളുമായി വിശദമായ ചർച്ചകൾ നടത്തി.
വൈകുന്നേരം മുംബൈയിലെ ലോക് ഭവനിൽ നടന്ന ചടങ്ങിൽ മഹാരാഷ്ട്രയുടെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയായി അവർ അധികാരമേറ്റു.
അജിത് പവാറിന്റെ വേർപാടിന് പിന്നാലെ എൻസിപിയുടെ രണ്ട് വിഭാഗങ്ങളും തമ്മിലുള്ള ലയനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളും ശക്തമാണ്. ഇരു വിഭാഗങ്ങളും ഒന്നിക്കണമെന്നത് അജിത് പവാറിന്റെ ദീർഘകാലമായുള്ള ആഗ്രഹമായിരുന്നുവെന്നും ഫെബ്രുവരി 12-ന് ലയനം പ്രഖ്യാപിക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നതായും ശരദ് പവാർ വെളിപ്പെടുത്തി. ലയനം സംബന്ധിച്ച ചർച്ചകൾ നടന്നിട്ടുണ്ടെന്നും അത് തീരുമാനിക്കേണ്ടത് ആ വിഭാഗത്തിന്റെ അവകാശമാണെന്നും ശരദ് പവാർ കൂട്ടിച്ചേർത്തു. ലയന ചർച്ചകൾക്ക് മുൻപ് പാർട്ടിയുടെ നേതൃത്വത്തിലും കെട്ടുറപ്പിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സുനേത്ര പവാറും കുടുംബവും നിലവിൽ തീരുമാനിച്ചിരിക്കുന്നത്. അതുകൊണ്ടാണ് സത്യപ്രതിജ്ഞാ ചടങ്ങുമായി ആദ്യം മുന്നോട്ട് പോകാൻ കുടുംബം തീരുമാനിച്ചത്. പാർട്ടിയുടെ ഭാവിയെക്കുറിച്ച് മറ്റ് രാഷ്ട്രീയ പാർട്ടികളുമായുള്ള ചർച്ചകൾ സത്യപ്രതിജ്ഞയ്ക്ക് ശേഷം മാത്രമേ ഉണ്ടാവുകയുള്ളൂവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേസമയം എൻസിപിയെ കൂടെനിർത്താനുള്ള നീക്കങ്ങളാണ് ബിജെപിയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. സഖ്യത്തിലെ ഏകനാഥ് ഷിന്ദെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്ക് കൂടുതൽ വിലപേശൽ ശേഷി കൈവരുന്നത് ബിജെപിയ്ക്ക് തലവേദനയാകും. അതേസമയം എൻസിപി ലയനം സംഭവിച്ചാൽ അവർ പ്രതിപക്ഷത്തു പോകുമോ അതോ മഹായുതിയുടെ ഭാഗമാകുമോയെന്നതാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
Published: 31 Jan 2026, 05:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented