മുംബൈ: എൻസിപി നേതാവും അജിത് പവാറിന്റെ ഭാര്യയുമായ സുനേത്ര പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്‌തേക്കും. അജിത് പവാറിന്റെ വിയോഗത്തെത്തുടർന്ന് എൻ.സി.പി. നേതൃത്വം ആവശ്യപ്പെട്ടതിനെ തുടർന്നാണ് സുനേത്ര ഉപമുഖ്യ മന്ത്രി പദം ഏറ്റെടുക്കുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് എൻസിപി എംഎൽഎമാരുടെ യോഗം വിളിച്ചിട്ടുണ്ട്. നിയമസഭാ മന്ദിരത്തിൽ ചേരുന്ന യോഗത്തിൽ സുനേത്ര പവാറിന്റെ പേര് എൻസിപി ഔദ്യോഗികമായി പ്രഖ്യാപിക്കും. തുടർന്ന് വൈകുന്നേരത്തോടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്നാണ് എൻസിപി വൃത്തങ്ങൾ നൽകുന്ന സൂചന. ഇതോടെ സുനേത്ര പവാർ മഹാരാഷ്ട്രയിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയാകും.

To advertise here,

നിലവിൽ അവർ രാജ്യസഭാംഗമാണ്. അജിത് പവാറിന്റെ മണ്ഡലമായ ബാരാമതിയിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ സുനേത്രാ പവാർ സ്ഥാനാർഥിയായേക്കും. എൻസിപി വിഭാഗങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ച സമയത്താണ് അജിത് പവാർ വിടപറഞ്ഞത്.

പുണെയിലെയും പിംപ്രി -ചിഞ്ച്വാഡിലെയും മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പുകൾക്കായി ഇരുപാർട്ടികളും കൈകോർത്തിരുന്നു. നിരാശാജനകമായ ഫലങ്ങൾ ഉണ്ടായിരുന്നിട്ടും ഒരുമിച്ചു പ്രവർത്തിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടന്നുവരുകയായിരുന്നു. അജിത് പവാറിന്റെ മരണത്തിന് ശേഷവും ലയനസാധ്യത സംസ്ഥാന രാഷ്ട്രീയത്തിൽ സജീവ ചർച്ചയാണ്.

സുനേത്രാ പവാർ വർഷങ്ങളോളം സജീവരാഷ്ട്രീയത്തിൽനിന്ന് വിട്ടുനിന്നിരുന്നു. 2024-ൽ ശരദ്പവാറിന്റെ മകളായ സുപ്രിയാ സുലെയ്‌ക്കെതിരേ ബാരാമതി ലോക്സഭാ സീറ്റിൽ മത്സരിച്ചപ്പോഴാണ് അവരുടെ ഔപചാരിക രാഷ്ട്രീയപ്രവേശം നടന്നത്. അന്ന് അവർ പരാജയപ്പെട്ടെങ്കിലും മത്സരം അവർക്ക് സംസ്ഥാനവ്യാപകമായി നേതാവിന്റെ പരിവേഷം നൽകി. പിന്നീട് 2024-ൽ മഹായുതി സ്ഥാനാർഥിയായി രാജ്യസഭയിലേക്ക് എതിരില്ലാതെ അവർ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

ബാരാമതിയുമായുള്ള ബന്ധമാണ് അവരുടെ ശക്തി. അജിത് പവാറിന്റെ മകൻ പാർഥ് മാവലിൽനിന്ന് മത്സരിച്ചപ്പോൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ അവകാശിയായി ഉയർത്തിക്കാട്ടപ്പെട്ടു.

അദ്ദേഹത്തിന്റെ തോൽവിയും തുടർന്ന് സജീവരാഷ്ട്രീയത്തിൽ നിന്നുള്ള പിൻവാങ്ങലും ആ പദ്ധതിയെ തടസ്സപ്പെടുത്തിയിരുന്നു. കുടുംബപ്പേര് അദ്ദേഹത്തെ രാഷ്ട്രീയമായി പ്രസക്തനാക്കുന്നുണ്ടെങ്കിലും പാർഥിന് ശക്തമായ ഒരു നിയോജകമണ്ഡല സ്വാധീനമോ പാർട്ടി അനുയായികളോ ഇല്ല. പാർട്ടിപ്രവർത്തകരെയും എം.എൽ.എ.മാരെയും സുനേത്രാ പവാറിലൂടെ ഒന്നിപ്പിച്ചുനിർത്താൻ കഴിയുമെന്നാണ് നേതാക്കൾ കരുതുന്നത്.