ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് മുന്‍ രാജ്യസഭാംഗവും ബി.ജെ.പി. നേതാവുമായ സുബ്രഹ്‌മണ്യന്‍ സ്വാമി. 'വ്യക്തിജീവിതത്തില്‍ മോദി ഒരിക്കലും ഭഗവാന്‍ രാമനെ പിന്തുടര്‍ന്നിട്ടില്ല, പ്രത്യേകിച്ച് ഭാര്യയോടുള്ള പെരുമാറ്റത്തില്‍. പ്രാണപ്രതിഷ്ഠാ പൂജയില്‍ പ്രധാനമന്ത്രിയുടെ സ്ഥാനം പൂജ്യമാണ്. കഴിഞ്ഞ ദശകത്തില്‍ രാമരാജ്യത്തിനനുസരിച്ച് മോദി പ്രവര്‍ത്തിച്ചിട്ടില്ല' - എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ സ്വാമി വിമര്‍ശനം ഉന്നയിച്ചു.

To advertise here,

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് മുമ്പും നരേന്ദ്രമോദിക്കെതിരെ സുബ്രഹ്‌മണ്യന്‍ സ്വാമി രംഗത്തെത്തിയിരുന്നു. ഭാര്യയെ ഉപേക്ഷിച്ച മോദിക്ക്, ഭാര്യയെ രക്ഷിക്കാന്‍ യുദ്ധംചെയ്ത രാമന്റെ പേരിലുള്ള ക്ഷേത്രത്തില്‍ എങ്ങനെ പൂജ ചെയ്യാനാകും എന്നായിരുന്നു അദ്ദേഹം അന്ന് കുറിച്ചത്. 

'അയോധ്യയിലെ രാംലല്ലാ മൂര്‍ത്തിയുടെ പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നത് രാമ ഭക്തരായ നമുക്ക് എങ്ങനെ അനുവദിക്കാനാവും. ഏകദേശം ഒന്നര പതിറ്റാണ്ടോളം തന്റെ ഭാര്യയായ സീതയെ രക്ഷിക്കാനാണ് രാമന്‍ യുദ്ധം ചെയ്തത്. എന്നാല്‍ സ്വന്തം ഭാര്യയെ ഉപേക്ഷിച്ചതിന്റെ പേരിലാണ് മോദി അറിയപ്പെടുന്നത്. അതിനാല്‍ മോദിക്ക് പൂജ നടത്താനാകുമോ', എന്നായിരുന്നു സുബ്രഹ്‌മണ്യം സ്വാമിയുടെ ചോദ്യം.