എടത്വാ: ഭരണസമതി ക്ലബ്ബുമായി ഉണ്ടാക്കിയ കരാർ പാലിക്കാത്തതിനെ തുടർന്ന് സെൻ്റ് ജോർജ് വള്ളവും സ്വത്തുക്കളും കോടതി ഉത്തരവു പ്രകാരം ജപ്തി ചെയ്തു. ചങ്ങങ്കരി നടുഭാഗം കൃസ്ത്യൻ യൂണിയൻ്റെ ഉടമസ്ഥയിലുള്ള സെൻ്റ് ജോർജ് ചുണ്ടൻ വള്ള ഭരണസമതി എടത്വാ ബ്രദേഴ്സ് ബോട്ട് ക്ലബുമായി ഉണ്ടാക്കിയ കരാർ പാലിക്കാത്തതിനെ തുടർന്നാണ് വള്ളവും വള്ളപ്പുരയും ഓഫീസ് കെട്ടിടവും ആലപ്പുഴ സിവിൽ കോടതി ഉത്തരവിൻ്റെ പശ്ചാത്തലത്തിൽ പോലീസ് അകമ്പടിയോടെ ജപ്തി ചെയ്തത്. 

To advertise here,

വള്ളം മാലിപ്പുരയിൽ നിന്ന് മാറ്റിയെങ്കിലും ഉദ്യോഗസ്ഥർ വള്ളം തിരികെ മാലിപ്പുരയിൽ എത്തിച്ചാണ് ജപ്തി നടപടി സ്വീകരിച്ചത്. മാലിപ്പുരയുടെ കവാനത്തിൽ കോടതി ഉത്തരവ് ഫ്ലക്സ് ബോർഡിൽ പതിപ്പിച്ചു. വള്ളവും സ്ഥാവര ജംഗമ വസ്തുക്കളും കോടതിയുടെ അധീനതയിലാണെന്നും അതിക്രമിച്ച് കടന്നാൽ നിയമ നടപടിക്ക് വിധേയമാകുമെന്നാണ് ബോർഡിൽ സൂചിപ്പിച്ചിരിക്കുന്നത്.

2019 ൽ ആലപ്പുഴ നെഹ്രുട്രോഫി ജലോത്സവത്തിൽ പങ്കെടുക്കുന്നതിൻ്റെ ഭാഗമായി ചങ്ങങ്കരി നടുഭാഗം ക്രിസ്ത്യൻ യൂണിയൻ ക്ലബുമായി ഉണ്ടാക്കിയ കരാറാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. ചെക്ക് നൽകി കബളിപ്പിച്ചെന്നാണ് ക്ലബ്ബിൻ്റെ ആരോപണം. അതേസമയം യൂണിയൻ ഭാരവാഹികളുടെ കള്ള ഒപ്പിട്ട് ചെക്ക് മാറാൻ ശ്രമിച്ചെന്ന് മറുവിഭാഗവും ആരോപണം ഉന്നയിക്കുന്നുണ്ട്. വർഷങ്ങളായി ഇരുവിഭാഗങ്ങളും നിയമ പോരാട്ടത്തിലായിരുന്നു. ഒരു മാസത്തിന് മുൻപാണ് ക്ലബ്ബിന് അനുകൂലമായ വിധി സമ്പാദിച്ചത്.