
ന്യൂഡൽഹി: ഏഷ്യയിലെ പ്രധാന വ്യോമയാന സമ്മേളനമായ റൂട്ട്സ് ഏഷ്യ 2027, മാർച്ച് 16 മുതൽ 18 വരെ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കും. പരിപാടിയുടെ മുന്നോടിയായുള്ള ചടങ്ങ് കേന്ദ്ര വ്യോമയാന മന്ത്രി രാംമോഹൻ ഉദ്ഘാടനം ചെയ്തു. ഏഷ്യയിൽ 115-ലേറെ പ്രമുഖ വിമാനക്കമ്പനികൾ, 55-ലേറെ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ, വിമാനത്താവള അധികൃതർ, വിനോദസഞ്ചാര മേഖലാ പ്രതിനിധികൾ, വ്യോമയാന രംഗത്തെ മറ്റ് പങ്കാളികൾ എന്നിങ്ങനെ രണ്ടായിരലേറെ പ്രതിനിധികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
28 രാജ്യങ്ങളുടെ എംബസി പ്രതിനിധികളും വ്യോമയാന മേഖലയിലെ പ്രമുഖരും ചൊവ്വാഴ്ചത്തെ ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ വ്യോമയാന വിപണിയായി മാറുന്നതിനുള്ള മുന്നേറ്റത്തിലാണെന്ന് രാംമോഹൻ നായിഡു ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഇന്ത്യയിൽ നിലവിൽ 166-ലേറെ വിമാനത്താവളങ്ങളുണ്ട്. അടുത്ത 10 വർഷത്തിനുള്ളിൽ 100 പുതിയ വിമാനത്താവളങ്ങൾ കൂടി വികസിപ്പിക്കാനാണ് പദ്ധതി.
കൂടുതൽ നഗരങ്ങളെയും ജനങ്ങളെയും വളർന്നുവരുന്ന വിപണികളുമായി ബന്ധിപ്പിക്കുന്ന 'ഹബ് ആൻഡ് സ്പോക്ക്' മാതൃകയ്ക്ക് രാജ്യത്ത് വലിയ പ്രാധാന്യമുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത് വിമാനക്കമ്പനികൾക്കും വിനോദസഞ്ചാര മേഖലയ്ക്കും സാമ്പത്തിക വളർച്ചയ്ക്കും പുതിയ അവസരങ്ങൾ സൃഷ്ടിക്കും. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായി ഇന്ത്യ സജീവമായ ഉഭയകക്ഷി വ്യോമയാന സഹകരണം തുടരുകയാണ്. അന്താരാഷ്ട്ര വിമാനയാത്രയും തുടർച്ചയായി വളരുന്നു. യാത്രക്കാരുടെ എണ്ണത്തിൽ 4.6 ശതമാനം സംയുക്ത വാർഷിക വളർച്ചാനിരക്ക് രേഖപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.
ഇന്ത്യയിലെ രണ്ടാംനിര നഗരങ്ങളെ കൂടുതൽ വിമാന സർവീസുകളിലൂടെ ബന്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രി ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ ശേഷി വർധിപ്പിക്കുകയും പുതിയ വിമാന സർവീസ് റൂട്ടുകൾ ആരംഭിക്കുകയും ചെയ്യുന്നത് ഇന്ത്യയുടെ വ്യോമയാന വളർച്ചയുടെ അടുത്ത ഘട്ടത്തിന് നിർണായകമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വ്യോമയാന മേഖല ജനങ്ങളെ ബന്ധിപ്പിക്കുന്നതിനും വ്യാപാരം സുഗമമാക്കുന്നതിനും സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കുന്നതിനും നിർണായക പങ്ക് വഹിക്കുന്നുവെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം സെക്രട്ടറി സമീർ കുമാർ സിൻഹ പറഞ്ഞു. പുതിയ വിമാന സർവീസ് റൂട്ടുകൾ വികസിപ്പിക്കുന്നതിനും വ്യോമയാന മേഖലയിലെ വിവിധ പങ്കാളികൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും റൂട്ട്സ് ഏഷ്യ വേദിയാകുമെന്നും അദ്ദേഹം പറഞ്ഞു.
ചൈനയിലെ ഷിയാനിൽ നടന്ന റൂട്ട്സ് ഏഷ്യ 2026-ന്റെ സമാപനച്ചടങ്ങിലാണ് റൂട്ട്സ് ഏഷ്യ 2027-ന്റെ ആതിഥേയത്വം ഇന്ത്യ ഏറ്റെടുത്തത്. ചൈന വെസ്റ്റ് എയർപോർട്ട് ഗ്രൂപ്പിൽനിന്ന് എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ആതിഥേയത്വത്തിന്റെ ചുമതല ഏറ്റുവാങ്ങിയിരുന്നു. 100 വിമാനത്താവളങ്ങൾ വികസിപ്പിക്കുന്ന പരിപാടിയിൽ കേരളവുമായും ധാരണാപത്രം ഒപ്പിടുമെന്ന് വ്യോമയാന മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.
Content Highlights: New Delhi to host Routes Asia 2027 from March 16-18 at Bharat Mandapam., India plans to develop 100 new airports over the next 10 years., India is currently the world's third-largest aviation market with over 166 airports., An MoU will be signed with Kerala as part of the 100 new airports development project.
Published: 30 Sept 2026, 11:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented