ന്യൂഡൽഹി: ചോദ്യച്ചോർച്ചയിൽ പ്രതിഷേധിച്ചുള്ള സമരം താത്കാലികമായി നിർത്തിവെച്ച് സർക്കാരുമായി ചർച്ചയ്ക്കുതയ്യാറാവണമെന്ന് നിരാഹാരം നടത്തുന്ന സോനം വാങ്ചുക്ക്. എന്നാൽ, ആവശ്യത്തോട് യോജിക്കാതെ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.). മന്ത്രിയുടെ രാജിയടക്കം തങ്ങളുന്നയിച്ച ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുംവരെ പ്രതിഷേധം തുടരുമെന്ന് സി.ജെ.പി. ആവർത്തിച്ചു.

To advertise here,

ജന്തർമന്തറിൽ സി.ജെ.പി. നടത്തുന്ന പ്രതിഷേധത്തിനൊപ്പം ചേർന്ന് 25 ദിവസമായി നിരാഹാരത്തിലാണ് വാങ്ചുക്ക്. പ്രതിഷേധക്കാരുടെപേരിൽ കേസോ മറ്റു നടപടികളോയെടുക്കില്ലെന്ന കേന്ദ്രത്തിന്റെ ഉറപ്പുലഭിച്ചാൽ താൻ നിരാഹാരം അവസാനിപ്പിക്കാമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.

അങ്ങനെയെങ്കിൽ സമരം തത്‌കാലത്തേക്ക് നിർത്തി സർക്കാരുമായി ചർച്ച നടത്താൻ പ്രതിഷേധിക്കുന്നവരോട് അഭ്യർഥിക്കുന്നെന്നും കൂട്ടിച്ചേർത്തു. കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡയ്ക്കും ജിതേന്ദ്ര സിങ്ങിനുമയച്ച കത്ത് വാങ്ചുക്ക് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടതിനു പിന്നാലെയാണ് ആവശ്യങ്ങൾ അംഗീകരിക്കുംവരെ പ്രതിഷേധം തുടരുമെന്ന് സി.ജെ.പി. ആവർത്തിച്ചത്.

വാങ്ചുക്കിന്റെ നിരാഹാര സമരവും വിദ്യാർഥികൾ ക്രൂരമായ അതിക്രമം നേരിടേണ്ടിവന്നതും പാഴായിപ്പോകാൻ അനുവദിക്കില്ലെന്ന് സി.ജെ.പി. സ്ഥാപകൻ അഭിജീത് ദീപ്കെ പറഞ്ഞു. വാങ്ചുക്കിന്റെ കത്തുകിട്ടിയെന്ന് സ്ഥിരീകരിച്ച നഡ്ഡ ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചു. എന്നാൽ, കൂടുതൽ വിശദീകരിക്കാൻ മന്ത്രി തയ്യാറായില്ല.

നാല് ആവശ്യങ്ങളാണ് സി.ജെ.പി. മുന്നോട്ടുവെച്ചിരിക്കുന്നത്. മന്ത്രി രാജി വെക്കണമെന്നതും ജീവനൊടുക്കിയ നീറ്റ് വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരുകോടി രൂപ വീതം അനുവദിക്കണമെന്നതുമാണ് ആദ്യ രണ്ടാവശ്യങ്ങൾ.

വാങ്ചുക്കിനെ വിട്ടയക്കണമെന്നത് തിങ്കളാഴ്ച സർക്കാരുമായുള്ള ആദ്യ ചർച്ചയിൽ ഉന്നയിച്ചിരുന്നെങ്കിലും ഈയാവശ്യം ബുധനാഴ്ച ഒഴിവാക്കി. പകരം, സമാധാനപരമായി പ്രതിഷേധിക്കുന്നവർക്കെതിരേ നിയമനടപടി പാടില്ലെന്നും അതിക്രമം കാണിച്ച പോലീസുകാർക്കെതിരേ നടപടിയെടുക്കണമെന്നുമുള്ള രണ്ടാവശ്യങ്ങൾ കൂട്ടിച്ചേർത്തു.

ചർച്ചയ്ക്ക് തയ്യാറെന്ന് ആവർത്തിച്ച് സി.ജെ.പി.

സർക്കാരുമായി ചർച്ചകൾക്ക് തയ്യാറാണെന്ന് സി.ജെ.പി. നേതൃത്വം അറിയിച്ചു. കഴിഞ്ഞ ദിവസം ചർച്ചയ്ക്കായി മന്ത്രി നഡ്ഡയുടെ വസതിയിൽ വിളിച്ചുവരുത്തിയശേഷം പുറത്ത് സമരക്കാരെ പോലീസ് ആക്രമിക്കുകയാണുണ്ടായത്. അതിനാൽ ഇനിയുള്ള ചർച്ചകൾക്ക് ജന്തർമന്തർ വിട്ടുപോകില്ലെന്ന് സി.ജെ.പി. വക്താവ് സൗരവ് ദാസ് പറഞ്ഞു.

ജനങ്ങളുടെ കോടതിയാണ് ജന്തർമന്തറിലുള്ളത്. മന്ത്രിമാർ ചർച്ചയ്ക്ക് ജന്തർമന്തറിലേക്ക് വരണം. സുരക്ഷാ ആശങ്കകളുണ്ടെങ്കിൽ അടുത്തുള്ള മറ്റേതെങ്കിലും നിഷ്പക്ഷ വേദിയിലാകാം. സമയം വിലപ്പെട്ടതാണെന്നും വക്താവ് പറഞ്ഞു.