ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിലെ ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും പരിസ്ഥിതി പ്രവർത്തകനുമായ സോനം വാങ്ചുക് നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം 14-ാം ദിവസത്തിലേക്ക് കടന്നു. തന്നെ ആധുനിക ഗാന്ധി എന്നോ ഹീറോ എന്നോ വിശേഷിപ്പിക്കരുതെന്നും, ഓരോ പൗരനും സ്വന്തം ജീവിതത്തിലെ ഹീറോയായി ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.

To advertise here,

നിരാഹാര സമരം രണ്ടാഴ്ച പിന്നിടുമ്പോൾ വാങ്ചുക്കിന്റെ ആരോഗ്യനിലയിൽ വലിയ മാറ്റങ്ങളുണ്ട്. സമരത്തിനിടെ അദ്ദേഹത്തിന് 7.5 കിലോ ഭാരം കുറഞ്ഞു. രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു. മുൻ ദിവസങ്ങളെ അപേക്ഷിച്ച് താൻ ക്ഷീണിതനാണെങ്കിലും പ്രതിഷേധത്തിൽ ഉറച്ചുനിൽക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജൂൺ 28-നാണ് വാങ്ചുക് കോക്രോച്ച് ജനതാ പാർട്ടി ( സിജെപി) പരീക്ഷാ ക്രമക്കേടുകൾക്കെതിരെ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായത്. പിന്നാലെ നിരാഹാര സമരത്തിലേക്ക് കടക്കുകയായിരുന്നു. സിജെപിയുടെ സമരം 22-ാം ദിവസത്തിലേക്ക് കടന്നു.

വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി, പരീക്ഷാ ക്രമക്കേടുകളെത്തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് 1 കോടി രൂപ വീതം നഷ്ടപരിഹാരം നൽകുക എന്നിവയാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങൾ. ലഡാക്കുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വേഗത്തിലുള്ള പരിഹാരവും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.

പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കുന്ന ജൂലൈ 20-ന് പ്രതിഷേധക്കാർ പാർലമെന്റിലേക്ക് സമാധാനപരമായി മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാർച്ചിൽ കക്ഷിഭേദമന്യേ എല്ലാ പൗരന്മാരും അണിനിരക്കണമെന്ന് വാങ്ചുക് അഭ്യർത്ഥിച്ചു. താൻ സാധാരണക്കാരനായ ഒരു പൗരൻ മാത്രമാണെന്നും പൗരധർമ്മം നിറവേറ്റാൻ മാത്രമാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമാധാനപരമായി പ്രതിഷേധിക്കാനുള്ള തന്റെ ഭരണഘടനാപരമായ അവകാശത്തെ തടയാൻ ശ്രമിച്ചാൽ അത് നിയമലംഘനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.