ന്യൂഡൽഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ പാർലമെന്റിൽ സർക്കാർ ചർച്ചയ്ക്ക് സന്നദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ചർച്ചയിൽ നിന്ന് സർക്കാർ ഒളിച്ചോടുകയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. ‘കാണാനില്ല’, ‘ഓടിപ്പോയി’ തുടങ്ങിയ പദപ്രയോഗങ്ങൾ ഇന്ത്യയുടെ പാർലമെന്ററിൽ വർദ്ധിച്ചുവരുന്നത് ഖേദകരമാണെന്ന് അദ്ദേഹം പറഞ്ഞു.

To advertise here,

പാർലമെന്റ് സമ്മേളനം ആരംഭിച്ചതുമുതൽ താൻ കൃത്യമായി സഭയിൽ എത്തുന്നുണ്ടെന്നും എന്നാൽ പ്രതിപക്ഷം ഇരുസഭകളും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നീറ്റ് വിഷയത്തിൽ ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു നേരത്തെതന്നെ വ്യക്തമാക്കിയതാണ്. പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരം ചർച്ചയ്ക്കായി സമയം നിശ്ചയിക്കാൻ സർക്കാർ തയ്യാറാണ്. പക്ഷേ, അവർ ചർച്ചയിൽ നിന്ന് പിന്തിരിയുകയാണെന്നും അമിത് ഷാ ആരോപിച്ചു.

ചർച്ച വേണമെന്നുണ്ടെങ്കിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് മുൻപായി സ്പീക്കർക്ക് കത്ത് നൽകാൻ അദ്ദേഹം പ്രതിപക്ഷത്തെ വെല്ലുവിളിച്ചു. അങ്ങനെയാണെങ്കിൽ ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് തന്നെ ചർച്ച ആരംഭിക്കാം. നാളെ ഉച്ചയ്ക്ക് മൂന്നുമണി വരെ ചർച്ച നീട്ടാൻ സർക്കാർ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ആവശ്യമാണെങ്കിൽ സ്പീക്കറുടെ അനുമതിയോടെ ചോദ്യോത്തര വേള റദ്ദാക്കി ചർച്ച നടത്താനും സർക്കാർ സന്നദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഞാൻ സഭയിൽ തന്നെ ഇരിക്കും. എല്ലാവരും പറയുന്നത് കേൾക്കുകയും ഓരോ പോയിന്റിനും മറുപടി നൽകുകയും ചെയ്യും. സർക്കാരിന് ഒന്നും ഒളിക്കാനില്ല.’- അമിത് ഷാ പറഞ്ഞു. ഗൗരവകരമായ ഒരു വിഷയം വെറുമൊരു പ്രസ്താവനയിലൂടെ ഒതുക്കിത്തീർക്കാൻ കഴിയില്ലെന്നും പാർലമെന്ററി ചട്ടങ്ങൾ അനുസരിച്ചുള്ള വിശദമായ ചർച്ചയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സത്യം രാജ്യത്തെ ജനങ്ങൾക്ക് മുന്നിൽ വെളിപ്പെടണമെന്നും ചർച്ച വേണോ അതോ ബഹളം വെക്കണോ എന്ന് പ്രതിപക്ഷം തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. മോദി സർക്കാരിന് ഏത് വിഷയത്തിലും ചർച്ചയ്ക്ക് മടിയില്ലെന്നും എന്നാൽ അതിനായി പാർലമെന്റ് പ്രവർത്തിക്കാൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.