
ന്യൂഡൽഹി: നിരാഹാര സമരമനുഷ്ഠിക്കുന്ന സോനം വാങ്ചുകിന്റെ ആരോഗ്യനില വഷളായതിനെത്തുടർന്ന് അടിയന്തരവാദം കേൾക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ സമീപിച്ച് ഭാര്യ ഗീതാഞ്ജലി ആങ്‌മോ. സഫ്ദർജങ് ആശുപത്രിയിൽ വാങ്ചുക് തടങ്കലിലാണെന്നും അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ അനുവദിക്കണമെന്നും കോടതിയോട് അഭ്യർഥിച്ചു. എന്നാൽ ഡിസ്ചാർജ് ചെയ്ത് ജീവൻ അപകടത്തിൽപ്പെടുത്താൻ അനുവദിക്കില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
വാങ്ചുകിനെ ചികിത്സിച്ചിരുന്ന ഡോക്ടർമാർക്കും അഭിഭാഷകർക്കും അദ്ദേഹത്തെ കാണാൻ അനുമതി നൽകണമെന്നും ഗീതാഞ്ജലി ആവശ്യപ്പെട്ടു. ആശുപത്രിയിലും അദ്ദേഹം നിരാഹാരസമരം തുടരുകയാണ്. ചികിത്സയിൽ സുതാര്യതയില്ല. അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യണമെന്നും കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. അദ്ദേഹം ചികിത്സ നിരസിക്കുകയാണെന്നും ആരോപിച്ചു.
വാങ്ചുകിന്റെ പൊട്ടാസ്യത്തിന്റെ അളവ് 2.9 ആയി കുറഞ്ഞുവെന്നും ഇത് ജീവന് ഭീഷണിയാണെന്നും ആശുപത്രി അധികൃതർ തങ്ങളോട് പറഞ്ഞിരുന്നുവെന്നും ഗീതാഞ്ജലി അറിയിച്ചു. എന്നാൽ, പൊതുജനാരോഗ്യ ബുള്ളറ്റിനിൽ യഥാർഥ കണക്കുകൾ മറച്ചുവെച്ച് പൊട്ടാസ്യത്തിന്റെ അളവ് കുറയുന്നു എന്ന് മാത്രമാണ് അവർ വ്യക്തമാക്കിയത്. എന്നാൽ മറ്റൊരു സ്വതന്ത്ര ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ പൊട്ടാസ്യത്തിന്റെ അളവ് സാധാരണ നിലയിലുള്ള 3.5 ആണെന്ന് കണ്ടെത്തിയതായും അവർ സാമൂഹികമാധ്യമ പോസ്റ്റിൽ കുറിച്ചു.
ആശുപത്രി പരിസരത്ത് കനത്ത നിയന്ത്രണങ്ങളേർപ്പെടുത്തിയത് ചൂണ്ടിക്കാണിച്ച്, അദ്ദേഹത്തെ തടങ്കലിലാക്കിയിരിക്കുകയാണെന്നും ഗീതാഞ്ജലി വിമർശിച്ചു. നൂറിലേറെ പോലീസുകാരെയാണ് ആശുപത്രിയിൽ വിന്യസിച്ചിരിക്കുന്നത്. ഇത് വൈദ്യസഹായമല്ല, മറിച്ച് നിയമവിരുദ്ധമായ തടങ്കലാണ്. പ്രിയപ്പെട്ടവർക്ക് എവിടെ ചികിത്സ നൽകണമെന്ന് തീരുമാനിക്കാൻ പോലും കുടുംബത്തിന് കഴിയുന്നില്ലെന്നുവരുന്നത് വലിയ കഷ്ടമാണെന്നും അവർ കൂട്ടിച്ചേർത്തു.
പരീക്ഷാ ക്രമക്കേട് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് 21 ദിവസമായി ഡൽഹിയിലെ ജന്തർമന്ദറിൽ നിരാഹാരമനുഷ്ഠിച്ചുവരുന്നതിനിടെ, കഴിഞ്ഞദിവസമാണ് പോലീസ് ബലം പ്രയോഗിച്ച് അദ്ദേഹത്തെ സഫ്ദർജങ് സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയത്. കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) സ്ഥാപകൻ അഭിജിത് ദീപ്കെയുടെ നേതൃത്വത്തിലാണ് സമരം.
Published: 19 Jul 2026, 03:42 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented