ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ ഡൽഹിയിൽ പ്രതിഷേധം തുടരുന്നതിനിടെ, രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ഗായിക സോന മൊഹാപത്ര. ജനാധിപത്യം നന്നാക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നതിന് മുമ്പ് കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശിന്റെ അവസ്ഥ മെച്ചപ്പെടുത്താനാണ് രാഹുൽ ശ്രമിക്കേണ്ടതെന്ന് സോന ആവശ്യപ്പെട്ടു.

To advertise here,

‘ഗ്യാനേഷ് കുമാർ സ്ഥാനമൊഴിയും. ഈ സർക്കാരും പോകും. അതിനുശേഷം ജനാധിപത്യം നന്നാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും’ എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ എക്സിലെ പുതിയ പോസ്റ്റ്. ഇതോടൊപ്പം അദ്ദേഹം ഒരു വീഡിയോയും പങ്കുവച്ചിരുന്നു. പോസ്റ്റ് റീപോസ്റ്റ് ചെയ്തുകൊണ്ടാണ് സോന മൊഹാപത്ര രാഹുൽ ഗാന്ധിയെ വിമർശിച്ചത്.

ഒൻപത് വർഷത്തിനുശേഷം അടുത്തിടെ ഹിമാചൽ പ്രദേശ് സന്ദർശിച്ചപ്പോൾ അവിടുത്തെ സാഹചര്യങ്ങൾ കണ്ട് ഞെട്ടിപ്പോയെന്ന് അവർ കുറിച്ചു. മാലിന്യം നിറഞ്ഞ കുന്നുകളും മലിനീകരണം മൂലം ശ്വാസംമുട്ടുന്ന നദികളുമാണ് അവിടെ കണ്ടതെന്നും സോന പറഞ്ഞു.

‘പ്രിയപ്പെട്ട രാഹുൽ ഗാന്ധി, ജനാധിപത്യം നന്നാക്കുന്നതിന് മുമ്പ് ഹിമാചൽ പ്രദേശിനെ നന്നാക്കുന്നതിൽനിന്ന് തുടങ്ങിക്കൂടേ? ഒൻപത് വർഷത്തിനുശേഷം തിരിച്ചെത്തിയപ്പോൾ മാലിന്യം നിറഞ്ഞ കുന്നുകളും മലിനീകരണം മൂലം ശ്വാസംമുട്ടുന്ന നദികളും കണ്ട് ഞെട്ടിപ്പോയി. കോൺഗ്രസ് ഭരിക്കുന്ന ഈ സംസ്ഥാനത്തെ മികച്ച ഭരണത്തിന്റെ മാതൃകയാക്കൂ. ജനങ്ങളുടെ പിന്തുണ ആവശ്യപ്പെടുക മാത്രമല്ല, അത് നേടിയെടുക്കുകയും വേണം’ എന്നായിരുന്നു സോനയുടെ കുറിപ്പ്.

മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖുവിന്റെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസാണ് ഹിമാചൽ പ്രദേശ് ഭരിക്കുന്നത്. പാർട്ടി പ്രചാരണങ്ങൾക്കും റാലികൾക്കും സംഘടനാ യോഗങ്ങൾക്കുമായി രാഹുൽ ഗാന്ധി പതിവായി സംസ്ഥാനം സന്ദർശിക്കാറുണ്ട്.

ഇതിനിടെ, കർണാടകയിൽ പ്രതിഷേധിച്ചവർക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചതിനെയും സോന വിമർശിച്ചിരുന്നു. ഡൽഹിയിൽ പ്രതിഷേധിക്കാനുള്ള അവകാശത്തിനായി വാദിക്കുന്ന കോൺഗ്രസ്, ബെംഗളൂരുവിൽ അതേ അവകാശം നിഷേധിക്കുന്നത് ഇരട്ടത്താപ്പാണെന്നായിരുന്നു അവരുടെ വിമർശനം.

എന്നാൽ, ഇക്കാര്യം പരിശോധിക്കാമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചതിനെത്തുടർന്ന് സോന ആ പോസ്റ്റ് നീക്കംചെയ്തു. ‘ഡൽഹിയിൽ പ്രതിഷേധിക്കാനുള്ള അവകാശം ആവശ്യപ്പെടുകയും ബെംഗളൂരുവിൽ അത് നിഷേധിക്കുകയുമില്ല. ഇരട്ടത്താപ്പ് ഉണ്ടാകില്ല’ എന്നായിരുന്നു ശിവകുമാറിന്റെ പ്രതികരണം.