ന്യൂഡൽഹി: ഫ്‌ളൈദുബായ് വിമാനത്തിൽവെച്ച് ഒമാനി കോ-പൈലറ്റിന്റെ ആക്രമണത്തെ ചെറുത്ത് വലിയൊരു ദുരന്തം തടഞ്ഞ് യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ സഹായിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചർ ലോകമെമ്പാടും ഒരു വീരനായകനായി പ്രശംസിക്കപ്പെടുകയാണ്. സ്മിത് മച്ചർ ശ്രദ്ധാകേന്ദ്രമായതോടെ അദ്ദേഹത്തിന്റെ കുടുംബപ്പേരിനെക്കുറിച്ചും ആളുകളിൽ കൗതുകമുണർന്നു. 'മച്ചർ, ഇത് ഏത് തരത്തിലുള്ള കുടുംബപ്പേരാണ്?' എന്ന ചോദ്യം ഇതിനോടകം സാമൂഹികമാധ്യമങ്ങളിൽ നമ്മളിൽ പലരും കണ്ടിട്ടുണ്ടാകും. ഈ കൗതുകം സ്വാഭാവികമാണ്. കാരണം ക്യാപ്റ്റൻ മച്ചറിന്റെ കുടുംബപ്പേര് കൊതുക് എന്നർത്ഥം വരുന്ന ഹിന്ദി വാക്കിന് (മച്ചർ-Machhhar) സമാനമായിട്ടാണ് ഉച്ചരിക്കുന്നത്.
ഗുജറാത്തിനും പടിഞ്ഞാറൻ ഇന്ത്യയ്ക്കും പുറത്തുള്ള പലരെയും ഈ പേര് പെട്ടെന്ന് ഓർമ്മിപ്പിച്ചത് 'കൊതുക്' എന്നർത്ഥം വരുന്ന ഹിന്ദി-ഗുജറാത്തി വാക്കിനെയായിരിക്കും. ക്യാപ്റ്റൻ സ്മിത്തിന്റെ കുടുംബപ്പേര് എന്തുകൊണ്ടാണ് 'മച്ചാർ' എന്നായതെന്ന് ആളുകൾ തന്നോട് ചോദിച്ചതായും, ഈ കൗതുകം തന്റെ വാട്ട്സ്ആപ്പ് ചാറ്റുകളിൽ പോലും എത്തിയതായും മാധ്യമപ്രവർത്തക ഷീല ഭട്ട് എക്‌സിൽ കുറിച്ചതോടെയാണ് വിഷയത്തിൽ കൂടുതൽ ചർച്ചകൾ ഉയർന്നുവന്നത്.
'ക്യാപ്റ്റൻ സ്മിത് മച്ചർ ഗുജറാത്തി ബ്രഹ്‌മക്ഷത്രിയ സമുദായത്തിലെ 'ഹലാരി' ശാഖയിൽ പെട്ടയാളാണ്. നാഗർ ബ്രാഹ്‌മണരുടെയും ക്ഷത്രിയരുടെയും സംയോജനമാണ് ഈ സമുദായമെന്നാണ് ഇവരുടെ ഐതിഹ്യപരമായ വിശ്വാസം'- ഷീല ഭട്ട് തന്റെ എക്‌സ് പോസ്റ്റിൽ വ്യക്തമാക്കി. സ്മിത് മച്ചറിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കാലങ്ങളായി അറിയാവുന്ന മുംബൈ മുൻ മുനിസിപ്പൽ കോർപ്പറേറ്ററും ബിജെപിയുടെ ഗുജറാത്തി സെൽ മുൻ അധ്യക്ഷനുമായ മംഗൾ ഭാനുശാലിയെ ഉദ്ധരിച്ചാണ് ഷീല ഭട്ട് ഇക്കാര്യം വ്യക്തമാക്കിയത്.
ഗുജറാത്തിലെ കുടുംബപ്പേരുകളുടെ രസകരമായ ലോകത്തിലേക്കാണ് ഷീലാ ഭട്ടിന്റെ ഈ വിശദീകരണം നമ്മെ എത്തിക്കുന്നത്. ആന എന്ന് അർത്ഥം വരുന്ന 'ഹാത്തി', കുതിര എന്നർത്ഥം വരുന്ന 'ഘോഡ', പ്രാണിയുമായി ബന്ധപ്പെട്ട 'മങ്കാദ്', തത്ത എന്നർത്ഥം വരുന്ന 'പോപ്പറ്റ്' എന്നിങ്ങനെയുള്ള പേരുകൾ പേറുന്ന കുടുംബങ്ങൾ അവിടെയുണ്ട്.
മച്ചർ എന്ന ഗുജറാത്തി കുടുംബപ്പേര്
വിശദമായി പരിശോധിച്ചാൽ, മച്ചർ എന്നത് പ്രശസ്തമായ ഒരു ഗുജറാത്തി കുടുംബപ്പേരാണെന്ന് മനസ്സിലാക്കാം. നാഗർ ബ്രാഹ്‌മണർ, സിന്ധിൽനിന്നും കച്ചിൽനിന്നുമുള്ള വ്യാപാരി സമൂഹമായ ലോഹാനകൾ തുടങ്ങിയ സമുദായങ്ങൾക്കിടയിൽ ഈ പേര് കാണുന്നുണ്ട്. മച്ചർ എന്ന കുടുംബപ്പേരിന്റെ കൃത്യമായ ഉത്ഭവം നിശ്ചയമില്ലെങ്കിലും, ഗുജറാത്തി കുടുംബപ്പേരുകളെക്കുറിച്ചുള്ള പഴയൊരു പഠനം പല സാധ്യതകളും ചൂണ്ടിക്കാണിക്കുന്നുണ്ട്. തലമുറകളിലൂടെ ഒരു വാക്കിനുണ്ടായ മാറ്റം, ഒരു കുടുംബം താമസിച്ചിരുന്ന സ്ഥലത്തുനിന്ന് ലഭിച്ച പേര്, അല്ലെങ്കിൽ കാലക്രമേണ സ്ഥിരപ്പെട്ടുപോയ ഒരു വിളിപ്പേര് എന്നിവയാണവ.
പ്രൊഫസർ വിനോദിനി നീലകണ്ഠ് അവരുടെ 1942-ൽ പുറത്തിറങ്ങിയ 'ഗുജറാത്തി കുടുംബപ്പേരുകളുടെ ചരിത്രം' എന്ന പുസ്തകത്തിൽ, തമാശയോ പരിഹാസമോ നിറഞ്ഞ വിളിപ്പേരുകളിൽനിന്ന് ഉടലെടുത്ത കുടുംബപ്പേരുകൾക്കായി ഒരു പ്രത്യേക ഭാഗം തന്നെ മാറ്റിവെച്ചിട്ടുണ്ട്. വ്യക്തിപരമായ സവിശേഷതകൾ എങ്ങനെയാണ് ഒരു കുടുംബത്തിന്റെ അടയാളമായി മാറിയതെന്ന് അവർ അതിൽ വിശദീകരിക്കുന്നുണ്ട്.
ഇത്തരം പേരുകളെക്കുറിച്ച് ചർച്ചചെയ്യുമ്പോൾ, ഒറ്റനോട്ടത്തിൽ ശരിയെന്നു തോന്നുന്ന വിശദീകരണങ്ങൾ പൂർണമായും ശരിയാകണമെന്നില്ലെന്ന് അവർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്. നാടോടിക്കഥകളെ ചരിത്രമായി അവതരിപ്പിക്കുന്നതിന് പകരം പല കുടുംബപ്പേരുകൾക്കും മറ്റുള്ള ഉത്ഭവ സാധ്യതകളും അവർ മുന്നോട്ട് വെക്കുന്നു.
അതിർത്തിക്കപ്പുറമുള്ള പാകിസ്താനിലും 'മച്ചർ' എന്ന കുടുംബപ്പേരുണ്ട്. കറാച്ചിയിൽ 'മച്ചർ കോളനി' എന്ന പേരിൽ വലിയൊരു പ്രദേശമുണ്ട്. എന്നാൽ, പാകിസ്താൻ പത്രമായ ഡോൺ റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഈ പേര് കൊതുകിൽനിന്നല്ല, മറിച്ച് മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ട ഒരു സിന്ധി വാക്കിൽ നിന്നാണ് ഉണ്ടായത്. ആ പ്രദേശത്തെ വലിയ മത്സ്യബന്ധന സമൂഹത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.
അപ്പോൾ, ഭൂരിഭാഗം ഇന്ത്യക്കാരും ഒരു പ്രാണിയുടെ പേരായി അറിയുന്ന ഒരു വാക്ക് എങ്ങനെയാണ് ഒരു കുടുംബപ്പേരായി മാറിയത്? മുംബൈയിൽനിന്നുള്ള മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സൗരഭ് ഷാ മറ്റൊരു വിശദീകരണമാണ് നൽകുന്നത്. 'മച്ചർ എന്ന വാക്കിന്റെ പല അർത്ഥങ്ങളിലൊന്ന് 'വീര്യം' അല്ലെങ്കിൽ 'ആവേശം' എന്നാണ്.' ഗുജറാത്തി നിഘണ്ടുവും വിജ്ഞാനകോശവുമായ 'ഭഗവദ് ഗോമണ്ഡൽ കോശി'ന്റെ വോളിയം-7, പേജ് 6873 ഉദ്ധരിച്ചുകൊണ്ട് ഷാ എക്‌സിൽ കുറിച്ചു. 'ക്യാപ്റ്റൻ സ്മിത് മച്ചാർ തന്റെ കുടുംബപ്പേര് ഏറെ അർത്ഥവത്തായ ഒന്നാണെന്ന് തെളിയിക്കുകയും അത് പൂർണ്ണമായും ഉൾക്കൊള്ളുകയും ചെയ്തിട്ടുണ്ട്.' എന്നും സൗരഭ് ഷാ എക്‌സിൽ കുറിച്ചു.
ഗുജറാത്തിലെ വ്യത്യസ്തമായ കുടുംബപ്പേരുകൾക്കുള്ള മറ്റൊരു വിശദീകരണം ഭൂമിശാസ്ത്രപരമായ പശ്ചാത്തലമാണ്. നാഗർ പാരമ്പര്യത്തെക്കുറിച്ചുള്ള Nagar.orgന്റെ വിവരണമനുസരിച്ച്, പല നാഗർ കുടുംബപ്പേരുകളും ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും പേരുകളിൽ നിന്നാണ് ഉടലെടുത്തത്. ഘോഡ എന്ന പേര് ഘോഡാദ്രയിൽ നിന്നും ഹാത്തി എന്നത് ഹതാപിൽ നിന്നും മങ്കാദ് അല്ലെങ്കിൽ മങ്കാർ എന്നത് മങ്കാദ്വാഡയിൽ നിന്നും മങ്കോഡി എന്നത് മങ്കോഡിവളയിൽനിന്നും വന്നതാണെന്ന് ഇത് ചൂണ്ടിക്കാണിക്കുന്നു.
വാഡ്‌നഗറിൽനിന്ന് വാഡ്‌നഗര, വിസ്‌നഗറിൽനിന്ന് വിസ്‌നഗര, സാതോദിൽനിന്ന് സാതോദ്ര, ചിത്തോഡിൽനിന്ന് ചിത്തോദ്ര എന്നിങ്ങനെ വലിയ നാഗർ വിഭാഗങ്ങളുടെ പേരുകളിലും ഇതേ രീതി കാണാം. ഇന്ന് ഒരു മൃഗത്തിന്റെയോ പ്രാണിയുടെയോ പേരിനോട് സാമ്യമുള്ള ഒരു കുടുംബപ്പേര്, ഒരു കുടുംബം എവിടെ നിന്നാണ് വന്നത് എന്ന് സൂചിപ്പിക്കുന്ന ഒന്നായി മാത്രമായിരിക്കാം ആരംഭിച്ചത് എന്നതിനാൽ ഇത് പ്രധാനമാണ്.
മച്ചർ എന്ന പേരിന് ഒരു പ്രത്യേക വിശദീകരണത്തിൽ മാത്രം ഉറച്ചുനിൽക്കാതെ നീലകണ്ഠ് സാധ്യമായ പല തരം വിശദീകരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു സിദ്ധാന്തം ഇതിനെ അസൂയ അല്ലെങ്കിൽ വിദ്വേഷം എന്നർത്ഥം വരുന്ന 'മത്സര' എന്ന ഗുജറാത്തി/ സംസ്‌കൃത വാക്കുമായി ബന്ധിപ്പിക്കുന്നു. തലമുറകളിലൂടെയുള്ള ഉച്ചാരണ വ്യതിയാനംമൂലം ഈ വാക്ക് മാറിയതാകാം എന്ന് ഇത് സൂചിപ്പിക്കുന്നു.
കൊതുകുകൾ കൂടുതലായി കാണപ്പെട്ടിരുന്ന ഒരു സ്ഥലത്ത് താമസിച്ചിരുന്ന കുടുംബങ്ങളുമായി ഈ കുടുംബപ്പേരിനെ ബന്ധിപ്പിക്കുന്നതാണ് മറ്റൊരു സാധ്യത. തുടർന്ന്, തമാശയിലധിഷ്ഠിതമായ ഗുജറാത്തി ശൈലിയിലുള്ള ഏറ്റവും സവിശേഷമായ ഒരു വിശദീകരണത്തിലേക്കാണ് നീലകണ്ഠ് എത്തുന്നത്.
ഒരാളുടെ ശരീരം, പെരുമാറ്റം, ശീലങ്ങൾ അല്ലെങ്കിൽ സാഹചര്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കളിയാക്കി വിളിക്കുന്ന പേരുകളിൽ നിന്ന് രൂപപ്പെട്ട വിപുലമായ കുടുംബപ്പേരുകളെക്കുറിച്ച് നീലകണ്ഠ് വിവരിക്കുന്നുണ്ട്. ഒരാളിൽ തുടങ്ങിയ തമാശ, ഒരു 'ഉപനാം' (വിളിപ്പേര്) എന്നത് 'അടക്' (കുടുംബപ്പേര്) ആയി മാറുന്നത് വരെ അദ്ദേഹത്തിന്റെ പിൻഗാമികളിലേക്ക് നീണ്ടുനിന്നേക്കാം.
എല്ലാ വിശദീകരണങ്ങളെയും സ്ഥിരീകരിച്ച ഭാഷാചരിത്രമായി കരുതുന്നതിനെതിരെ നീലകണ്ഠ് മുന്നറിയിപ്പ് നൽകി. പല കുടുംബപ്പേരുകൾക്കും പരസ്പരവിരുദ്ധമായ സാധ്യതകൾ നൽകുകയോ അല്ലെങ്കിൽ അവയുടെ യഥാർത്ഥ ഉത്ഭവം കണ്ടെത്താൻ കഴിയില്ലെന്ന് വ്യക്തമാക്കുകയോ ചെയ്തിട്ടുണ്ട്. മച്ചർ എന്ന കുടുംബപ്പേരിന്റെ അർത്ഥം തീർച്ചയായും കൊതുക് എന്നാകാമെങ്കിലും, ആ സമുദായത്തിന് ആ പ്രാണിയുമായി അത്തരം ബന്ധമുണ്ടെന്ന് അത് തെളിയിക്കുന്നില്ല എന്നും അവർ പറയുന്നു.
സമാനമായി, ഭരണനിർവഹണവുമായും വിദ്യാഭ്യാസവുമായും ദീർഘകാല ബന്ധമുള്ള, ചരിത്രപരമായി വിദ്യ അഭ്യസിച്ച ഒരു സമുദായമായിട്ടാണ് നാഗറുകളെ ഷീല ഭട്ട് വിവരിക്കുന്നത്. 'വൈഷ്ണവ ജന തോ' എന്ന ഭജനയുമായി ബന്ധപ്പെട്ട പതിനഞ്ചാം നൂറ്റാണ്ടിലെ പ്രശസ്ത ഗുജറാത്തി ഭക്തികവി നരസിംഹ മേത്തയെ ഈ സമുദായത്തിലെ ഏറ്റവും ആഘോഷിക്കപ്പെട്ട ചരിത്രപുരുഷനായി അവർ ചൂണ്ടിക്കാണിക്കുകയും ചെയ്തു.
'നിങ്ങളുടെ കുടുംബപ്പേര് മച്ചർ എന്നാണെങ്കിൽ, ഇന്ത്യയിലാണ് വളർന്നതെങ്കിൽ ജീവിതകാലം മുഴുവൻ കൊതുകിനെക്കുറിച്ചുള്ള തമാശകൾ നിങ്ങൾ കേട്ടിട്ടുണ്ടാകും.' എന്നാൽ ക്യാപ്റ്റൻ സ്മിത് മച്ചർ അതിനെ 'മുഴുവൻ രാജ്യത്തിനും അഭിമാനകരമായ ഒരു നിമിഷമാക്കി മാറ്റി.' മുംബൈ നിവാസിയായ അർജുൻ മോദി ഈ നിമിഷത്തെയും ആളുകളുടെ കൗതുകത്തെയും എക്‌സിൽ ഇപ്രകാരം ചുരുക്കി എഴുതി.
യഥാർത്ഥ ഉത്ഭവം അനിശ്ചിതമായി തുടരുന്ന ഒരു ഗുജറാത്തി കുടുംബപ്പേരിനെ, സ്മിത് മച്ചറിന്റെ ധീരതയും ശൗര്യവും ഇപ്പോൾ അത് നിലനിന്നിരുന്ന പ്രദേശത്തിന് അപ്പുറത്തേക്ക് എത്തിച്ചിരിക്കുന്നു. മച്ചർ എന്നാൽ വാച്യാർത്ഥത്തിൽ കൊതുക് എന്നായിരിക്കാം, എന്നാൽ ക്യാപ്റ്റൻ സ്മിത് മച്ചർ ഇപ്പോൾ ആ കുടുംബപ്പേരിന് ധീരതയുടെ പുതിയൊരു അർത്ഥം കൂടി നൽകിയിരിക്കുകയാണ്.
Content Highlights: Captain Smith Machhar, an Indian pilot, is celebrated globally for averting a disaster on a Flydubai flight by thwarting an Omani co-pilot's attack, sparking curiosity about his surname, which resembles the Hindi word for mosquito. The surname "Machhar" is a notable Gujarati family name, often linked to the Halari branch of the Gujarati Brahmakshatriya community, with various theories about its origin, including geographical and linguistic influences.
Published: 04 Oct 2026, 06:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented