ഇന്ത്യയുടെ ഷാര്‍പ് ഷൂട്ടര്‍, കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ ബിഹാറുകാരി. ഇന്ന് ബിഹാര്‍ സര്‍ക്കാരിലെ ക്യാബിനറ്റ് മിനിസ്റ്റര്‍. ഷൂട്ടിങ്ങിന് പിന്നാലെ രാഷ്ട്രീയത്തിലും ലക്ഷ്യം പിഴയ്ക്കാതെ മുന്നേറുകയാണ് 34-കാരി ശ്രേയസി സിങ്. ജാമുയി മണ്ഡലത്തെ ബിജെപിയുടെ കോട്ടയാക്കി തുടര്‍ച്ചയായ രണ്ടാംതവണയും വിജയിച്ചുകയറിയ ശ്രേയസി സിങ് സംസ്ഥാനരാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രമാവുകയാണ്. വ്യാഴാഴ്ച ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാറും ഉപമുഖ്യമന്ത്രിമാരായി സാമ്രാട്ട് ചൗധരിയും വിജയ്കുമാര്‍ സിന്‍ഹയും സത്യപ്രതിജ്ഞ ചെയ്തു.
ബിഹാറിലെ ജാമുയി മണ്ഡലത്തില്‍ നിന്നാണ് ശ്രേയസി സിങ് നിയമസഭയിലേക്കെത്തുന്നത്. ബിജെപിയുടെ സിറ്റിങ് എംഎല്‍എ ആയിരുന്ന ശ്രേയസിയെ മണ്ഡലത്തിലെ വോട്ടര്‍മാര്‍ ഒരിക്കല്‍ കൂടിവന്‍ഭൂരിപക്ഷത്തോടെതിരഞ്ഞെടുക്കുകയായിരുന്നു.എതിര്‍സ്ഥാനാര്‍ഥിയായ ആര്‍ജെഡിയുടെ മുഹമ്മദ് ഷംസാദ് ആലമിനെ 54,498 വോട്ടുകള്‍ക്കാണ് ശ്രേയസി പരാജയപ്പെടുത്തിയത്. മുന്‍ കേന്ദ്രമന്ത്രിയും മുന്‍ ദേശീയ റൈഫിള്‍ അസോസിയേഷന്‍ പ്രസിഡന്റുമായിരുന്ന ദിഗ്‌വിജയ് സിങ്ങിന്റെയും മുന്‍ എംപി പുതുള്‍ കുമാരിയുടെയും മകളാണ് ശ്രേയസി.
കായികമേഖലയില്‍ നിന്നാണ് ശ്രേയസി സിങ് രാഷ്ട്രീയ ഗോദയിലേക്കിറങ്ങുന്നത്. ഷൂട്ടിങ്ങാണ് തട്ടകം. ഇന്ത്യക്കായി ഷൂട്ടിങ്ങില്‍ സ്വര്‍ണമെഡലടക്കം നേടിയ താരം അര്‍ജുന അവാര്‍ഡും കരസ്ഥമാക്കിയിട്ടുണ്ട്. 2018 കോമണ്‍വെല്‍ത്ത് ഗെയിംസിലാണ് ശ്രേയസി രാജ്യത്തിനായി സ്വര്‍ണമണിഞ്ഞത്. വനിതകളുടെ ഡബിള്‍ ട്രാപ്പിലാണ് സ്വര്‍ണനേട്ടം. അന്ന് ടൈബ്രേക്കറിലെ കടുത്ത പോരാട്ടത്തില്‍ ഓസീസ് താരം എമ്മ കോക്‌സിനെ മറികടന്ന് ശ്രേയസി പൊന്നണിയുകയായിരുന്നു. 2014 ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി നേടിയ ശ്രേയസി നാലുവര്‍ഷങ്ങള്‍ക്കിപ്പുറം സ്വര്‍ണം വെടിവെച്ചിട്ടു. 2013 ല്‍ മെക്‌സിക്കോയില്‍വെച്ച് നടന്ന ട്രാപ് ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലിടം പിടിച്ചിരുന്നു.
രാജ്യത്തിനായി സ്വര്‍ണം നേടി രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം രാഷ്ട്രീയത്തിലും ഉന്നംവെച്ച ശ്രേയസി അവിടെയും കുതിപ്പ് തുടര്‍ന്നു. 2020 ല്‍ ബിജെപിയില്‍ ചേരുകയും ആ വര്‍ഷം നടന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തു. അന്ന് ജാമുയി മണ്ഡലത്തില്‍ നിന്ന് എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടു. കന്നിയങ്കത്തില്‍ എതിര്‍സ്ഥാനാര്‍ഥിയായ ആര്‍ജെഡിയിലെ വിജയ് പ്രകാശിനെ 41,000-ത്തിലധികം വോട്ടുകള്‍ക്കാണ് അന്ന് ശ്രേയസി തോല്‍പ്പിച്ചത്. മണ്ഡലത്തില്‍ അന്നുവരെ ജയിക്കാതിരുന്ന ബിജെപി ശ്രേയസിയിലൂടെ മേഖലയില്‍ വേരുറപ്പിക്കുന്നതിനാണ് പിന്നീട് സംസ്ഥാനരാഷ്ട്രീയം സാക്ഷ്യംവഹിച്ചത്.
ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ശ്രേയസിയുടെ പ്രചാരണത്തിനായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങുള്‍പ്പെടെയുള്ളവര്‍ മണ്ഡലത്തില്‍ എത്തിയിരുന്നു. അന്ന് ശ്രേയസിക്കായി വോട്ടുചോദിച്ച് രാജ്‌നാഥ് സിങ് പറഞ്ഞ വാക്കുകള്‍ ഇങ്ങനെ, രാജ്യത്തിനായി അവര്‍ സ്വര്‍ണം നേടിക്കഴിഞ്ഞു. ഇപ്പോള്‍ വികസനകാര്യത്തിലും മണ്ഡലത്തിലേക്ക് സ്വര്‍ണം കൊണ്ടുവരുകയാണ്. ശ്രേയസി ബിഹാറിന്റെ ശബ്ദമായി മാറും. രണ്ടാംതവണയും മണ്ഡലത്തില്‍ നിന്ന് എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രേയസി ബിഹാര്‍ ക്യാബിനറ്റിലേക്കുമെത്തുകയാണ്.
Content Highlights: Who is Shreyasi Singh? Sharpshooter-politician inducted into new Bihar cabinet?
Published: 20 Nov 2025, 09:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented