ഷിംല: ഹിമാചൽ പ്രദേശിലെ ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജിൽ ഡോക്ടർ രോഗിയെ മർദിച്ചതായി പരാതി. പരിശോധനകൾക്കായി ആശുപത്രിയിൽ എത്തിയ അർജുൻ പൻവാർ എന്ന രോഗിയാണ് മർദനത്തിന് ഇരയായത്. കട്ടിലിൽ കിടക്കുന്ന രോഗിയെ ഡോക്ടർ തുടർച്ചയായി മർദിക്കുന്ന ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

To advertise here,

ശ്വാസതടസ്സത്തെത്തുടർന്ന് ആശുപത്രിയിലെത്തിയ അർജുൻ വാർഡിലെ കിടക്കയിൽ വിശ്രമിക്കാൻ കിടന്നപ്പോൾ ഡോക്ടർ മോശമായി പെരുമാറിയെന്നാണ് ആരോപണം. ഇത് ചോദ്യം ചെയ്തപ്പോൾ ഡോക്ടർ മർദിക്കുകയായിരുന്നുവെന്നും അർജുൻ പറഞ്ഞു.

ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയപ്പോൾ ഓക്സിജൻ ആവശ്യപ്പെട്ടു. എന്നാൽ, താൻ അഡ്മിറ്റായതാണോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് ഡോക്ടർ ചോദിച്ചത്.  മര്യാദയോടെ സംസാരിക്കാൻ ആവശ്യപ്പെട്ടപ്പോൾ ‘നീ’ എന്നുവിളിച്ച് ഡോക്ടർ കയർത്തുസംസാരിച്ചു. ഇതോടെ തർക്കം രൂക്ഷമായി. വീട്ടുകാരോടും ഇത്തരത്തിലാണോ സംസാരിക്കുന്നത് എന്ന് ചോദിച്ചപ്പോൾ, വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടുന്നു എന്ന് ആരോപിച്ച് ഡോക്ടർ മർദനം തുടങ്ങുകയായിരുവെന്നും അർജുൻ പറഞ്ഞു. 

സംഭവത്തെത്തുടർന്ന് ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് വലിയ ജനക്കൂട്ടം ആശുപത്രിയിൽ പ്രതിഷേധവുമായെത്തി. വിഷയത്തിൽ അന്വേഷണം നടത്താൻ മൂന്നംഗസമിതിയെ ആശുപത്രി അധികൃതർ നിയോഗിച്ചിട്ടുണ്ട്. ഉടൻതന്നെ റിപ്പോർട്ട് സമർപ്പിക്കാൻ സമിതിയോട് ആവശ്യപ്പെട്ടതായും ഡോക്ടർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായും ഐജിഎംസി മെഡിക്കൽ സൂപ്പർവൈസർ ഡോ. രാഹുൽ റാവു അറിയിച്ചു.