വൈദ്യശാസ്ത്രരംഗത്ത് എഐ എങ്ങനെ മികച്ച രീതിയില്‍ വിന്യസിക്കാമെന്ന് വിലയിരുത്താന്‍ വിശദമായ ക്ലിനിക്കല്‍ ട്രയലുകളാണ് ഇനി ആവശ്യമെന്ന് ഗവേഷകര്‍.

രോഗനിർണയം അടക്കമുള്ളവയിൽ നിർമിതബുദ്ധി (എഐ) ഡോക്ടർമാരെ മറികടന്നുവെന്ന് ഗവേഷകർ. അടിയന്തര സാഹചര്യങ്ങളിൽ രോഗികളുടെ പരിചരണം അടക്കമുള്ള ക്ലിനിക്കൽ ജോലികളിൽ എഐ ഡോക്ടർമാരെക്കാൾ മുന്നിലെത്തിയെന്നാണ് ഹാർവാഡ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുള്ളത്. പഠനത്തിന്റെ വിശദാംശങ്ങൾ ഗവേഷകർ സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഓപ്പൺഎഐയുടെ '01 പ്രിവ്യൂ' ഉപയോഗിച്ചാണ് പഠനം നടത്തിയത്. അത്യാസന്ന നിലയിലുള്ള രോഗികളെ വേർതിരിച്ചറിയാനും, രോഗനിർണയത്തിനുള്ള പരിശോധനകൾ ശുപാർശ ചെയ്യാനും, രോഗികളുടെ പരിചരണകാര്യങ്ങൾ കൈകാര്യം ചെയ്യാനും പരിചയസമ്പന്നരായ ഡോക്ടർമാരെക്കാൾ മികച്ച രീതിയിൽ എഐയ്ക്ക് സാധിച്ചു.
ബോസ്റ്റണിലെ ഒരു ആശുപത്രിയിൽ അത്യാസന്ന നിലയിലുള്ള 76 രോഗികളിൽ ഗവേഷകർ ഈ മോഡൽ പരീക്ഷിച്ചു. രോഗി ആശുപത്രിയിലെത്തുന്ന ആദ്യഘട്ടം, ഡോക്ടറുമായുള്ള ആദ്യ സമ്പർക്കം, വാർഡിലേക്കോ തീവ്രപരിചരണ വിഭാഗത്തിലേക്കോ പ്രവേശിപ്പിക്കുന്ന ഘട്ടം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി വേർതിരിച്ച് എഐയുടെ പ്രകടനം വിലയിരുത്തി. രണ്ട് ഡോക്ടർമാർ ഈ ഘട്ടങ്ങളിലെയെല്ലാം പ്രവർത്തനങ്ങളുടെ കാര്യക്ഷമത നിരീക്ഷിച്ചു. നിർദേശങ്ങൾ ഡോക്ടർമാരിനിന്നുള്ളതാണോ എഐയിൽ നിന്നുള്ളതാണോ എന്ന് വേർതിരിച്ചറിയാതെ ആയിരുന്നു വിലയിരുത്തൽ. എഐയുടെ പ്രകടനം എല്ലാ ഘട്ടങ്ങളിലും വിദഗ്ധ ഡോക്ടർമാരുടെ പ്രകടനത്തിന് തുല്യമോ അതിൽ കൂടുതലോ ആണെന്ന് വിലയിരുത്തപ്പെട്ടു. രോഗിയെക്കുറിച്ചുള്ള ഏറ്റവും കുറഞ്ഞ വിവരങ്ങൾ ലഭ്യമായിരുന്ന ആദ്യ ഘട്ടത്തിൽ എഐയുടെ പ്രകടനം ശക്തമായിരുന്നുവെന്ന് തെളിയിക്കപ്പെട്ടു.
സങ്കീർണമായ രോഗങ്ങൾപോലും കണ്ടെത്തുന്നതിൽ എഐ കഴിവ് തെളിയിച്ചു. മസാച്യുസെറ്റ്‌സ് ജനറൽ ഹോസ്പിറ്റലിലെ കേസുകളിലും എഐ മികച്ച പ്രകടനം കാഴ്ചവെച്ചു. ആന്റിബയോട്ടിക്കുകൾ ശുപാർശ ചെയ്യുകയോ അവസാനഘട്ടത്തിലെ രോഗികളെ സംബന്ധിച്ചുള്ള സംഭാഷണങ്ങൾ നടത്തുകയോ പോലുള്ള ക്ലിനിക്കൽ മാനേജ്‌മെന്റ് ജോലികളിൽ മറ്റുപല എഐ മോഡലുകളെയും ഗൂഗിൾ സെർച്ച് പോലുള്ള സാധാരണ ടൂളുകൾ ഉപയോഗിക്കുന്ന മനുഷ്യരെയും അപേക്ഷിച്ച് എഐക്ക് ഗണ്യമായ മുന്നേറ്റം നടത്താൻ കഴിഞ്ഞു.
ഇത്ര ശ്രദ്ധേയമായ കണ്ടെത്തലുകൾ നടത്താൻ കഴിഞ്ഞുവെങ്കിലും ഡോക്ടർമാരെ മാറ്റിസ്ഥാപിക്കേണ്ട സാഹചര്യമില്ലെന്നാണ് ഗവേഷകർ പറയുന്നത്. എങ്കിലും വൈദ്യശാസ്ത്ര രംഗത്ത് വലിയ മാറ്റങ്ങൾവരാൻ ഇടയാക്കുന്ന സാങ്കേതികവിദ്യയിലെ മുന്നേറ്റത്തിന്റെ തെളിവാണിതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. വൈദ്യശാസ്ത്രരംഗത്ത് എഐ എങ്ങനെ മികച്ച രീതിയിൽ വിന്യസിക്കാമെന്ന് വിലയിരുത്താൻ വിശദമായ ക്ലിനിക്കൽ ട്രയലുകളാണ് ഇനി ആവശ്യമെന്നും ഗവേഷകർ പറയുന്നു.
(ഈ ലേഖനം സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. നിർമിതബുദ്ധി വൈദ്യോപദേശത്തിനോ രോഗനിർണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)
Content Highlights: OpenAI o1 model outperformed physicians in triage and complex case management., Study conducted on 76 real emergency room cases in Boston., AI excelled at diagnosing rare conditions compared to human benchmarks., Researchers emphasize AI as a supportive tool, not a replacement for clinicians., Future clinical trials are required to integrate AI into real-world medical practice.
Published: 02 May 2026, 09:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented