മുംബൈ: മഹാരാഷ്ട്രയിൽ വനിതാ ഡോക്ടറെയും ആശുപത്രിജീവനക്കാരെയും കയ്യേറ്റംചെയ്ത സംഭവത്തിൽ ശിവസേനാ നേതാവിന്റെ അനുയായികളായ മൂന്നുപേർ അറസ്റ്റിൽ. താനെ ജില്ലയിലെ കല്യാൺ ഡോംബിവാലി മുൻസിപ്പൽ കോർപറേഷൻ (കെഡിഎംസി) ആശുപത്രിയിൽ തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. അക്ഷയ് കരാൻഡെ, രമേഷ് പവാർ, ഷൈലേഷ് നികം എന്നിവരാണ് അറസ്റ്റിലായത്. ശിവസേനയുടെ കോർപറേഷൻ അംഗമായ രമേഷ് സുക്ര്യ മഹാത്രേയുടെ അനുയായികളാണ് ഇവരെന്നാണ് വിവരം. അക്രമത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

To advertise here,

നിയോനേറ്റൽ ഇന്റൻസീവ് കെയർ യൂണിറ്റിൽ കിടക്ക ഒഴിവില്ലാത്തതിനാൽ കുഞ്ഞിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ ബന്ധുക്കളോട് ഡോക്ടർമാർ ആവശ്യപ്പെട്ടതാണ് സംഘർഷത്തിന് കാരണമായതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഡോക്ടർമാരായ സൃഷ്ടി ബവിസികർ, വൈഭവ് സലുൻഖെ എന്നിവരായിരുന്നു ഇക്കാര്യം കുട്ടിയുടെ ബന്ധുക്കളോട് ആവശ്യപ്പെട്ടത്. തുടർന്ന് കുഞ്ഞിന്റെ ബന്ധുക്കൾ കോർപറേഷൻ അംഗമായ രമേഷിനെ ബന്ധപ്പെടുകയും പിന്നാലെ ഇദ്ദേഹം അനുയായികൾക്കൊപ്പം ആശുപത്രിയിലെത്തുകയുമായിരുന്നു. ഇവർ ഇരു ഡോക്ടർമാരെയും ആക്രമിക്കുകയും അസഭ്യംപറയുകയും ചെയ്തു. ഡോക്ടർ വൈഭവിന് ആക്രമണത്തിൽ പരിക്കേറ്റിട്ടുമുണ്ട്.

സംഭവത്തിന് പിന്നാലെ കെഡിഎംസി മെഡിക്കൽ ഹെൽത്ത് ഓഫീസർ ഡോ. ദീപാ ശുക്ല മറ്റ് ആശുപത്രി ജീവനക്കാർക്കൊപ്പം തിങ്കളാഴ്ച രാത്രി പോലീസിൽ പരാതി നൽകിയെങ്കിലും എഫ്‌ഐആർ അടിയന്തരമായി രജിസ്റ്റർ ചെയ്തില്ലെന്നും പിടിഐ റിപ്പോർട്ട് ചെയ്യുന്നു. പരാതി രജിസ്റ്റർ ചെയ്യുന്നതിലുണ്ടായ കാലതാമസം ആശുപത്രി ജീവനക്കാരിൽ വലിയ പ്രതിഷേധത്തിന് വഴിതെളിച്ചു.

അതേസമയം, വനിതാ ഡോക്ടർമാരെയോ നഴ്‌സുമാരെയോ ആക്രമിച്ചെന്ന ആരോപണം രമേഷ് നിഷേധിച്ചു. പുറത്തെത്തിയ സിസിടിവി ദൃശ്യങ്ങൾ തെറ്റിദ്ധാരണജനകമാണെന്നും അദ്ദേഹം പറഞ്ഞു.

ഉണ്ടായ ആക്രമണത്തിൽ ഖേദം രേഖപ്പെടുത്തുന്നു. ‘വനിതാ ഡോക്ടർക്ക് നേരെ കയ്യുയർത്തിയിട്ടില്ലെന്ന് പൂർണ ആത്മവിശ്വാസത്തോടെ പറയാനാകും. ക്യാമറാ ആംഗിൾ കൊണ്ടാകാം സിസിടിവി ദൃശ്യങ്ങൾ ആ വിധത്തിൽ കാണപ്പെടുന്നത്, അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു. നീ എന്ന് വനിതാ ഡോക്ടറെ അഭിസംബോധന ചെയ്തതിന് കാരണം അവരെ മകളെ പോലെ കാണുന്നതിനാലാണ്. അവർ വിവാഹിതയാണോ എന്നുപോലും തനിക്കറിയില്ല, അദ്ദേഹം കൂട്ടിച്ചേർത്തു.

‘സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ വനിതാ ഡോക്ടർ ഫോണിൽ സംസാരിച്ചുകൊണ്ടിരുന്നു. ഞങ്ങളുടെ പരാതിക്ക് ചെവിതന്നില്ല. അതുകൊണ്ട് താൻ ഡോക്ടറുടെ കയ്യിൽ മെല്ലെ തട്ടി. ബാലാസാഹേബിന്റെ ശിക്ഷണമാണ് തങ്ങളുടെ മാർഗദർശകങ്ങൾ. ഞങ്ങൾ സ്ത്രീകൾക്കെതിരേ കൈ ഉയർത്തിയിട്ടില്ല. ഭാവിയിലും അങ്ങനെ ചെയ്യില്ല’, രമേഷ് പറഞ്ഞു.