ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് പ്രത്യേക സ്മാരകം വേണമെന്ന കോൺ​ഗ്രസ് ആവശ്യത്തിൽ രൂക്ഷവിമർശനം ഉന്നയിച്ച് മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൾ ശർമിഷ്ഠ മുഖർജി. തന്റെ പിതാവ് മരിച്ചപ്പോൾ കോൺ​ഗ്രസ് വർക്കിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു അനുശോചന യോ​ഗം വിളിക്കാൻ പോലും നേതൃത്വം തയ്യാറായില്ല. ഈ വിഷയത്തിൽ കോൺ​ഗ്രസ് നേതൃത്വം തന്നെ തെറ്റിദ്ധരിപ്പിച്ചതായും ശർമിഷ്ഠ ആരോപിച്ചു. 

To advertise here,

'ബാബ(പിതാവ്) മരിച്ചപ്പോൾ ഒരു അനുശോചന യോ​ഗം വിളിക്കാൻ പോലും കോൺ​ഗ്രസ് തയ്യാറായില്ല. അന്തരിച്ച രാഷ്ട്രപതിമാർക്ക് അനുശോചനം അർപ്പിക്കുന്നത് പതിവുള്ളതല്ലെന്ന് ഒരു മുതിർന്ന കോൺ​ഗ്രസ് നേതാവ് എന്നോട് പറഞ്ഞു. എന്നാൽ, കെ.ആർ നാരായണന്റെ മരണത്തിൽ കോൺ​ഗ്രസ് വർക്കിങ് കമ്മിറ്റി അനുശോചനയോ​ഗം വിളിച്ചതായി അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകളിൽ നിന്ന് മനസ്സിലായി. അന്ന് അനുശോചന സന്ദേശം തയ്യാറാക്കിയതും ബാബയായിരുന്നു', ശർമിഷ്ഠ എക്സിൽ കുറിച്ചു. 

വ്യാഴാഴ്ച രാത്രി 9.51-നായിരുന്നു ധനകാര്യവിദഗ്ധനും കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ ഡോ. മൻമോഹൻ സിങ്ങിന്റെ അന്ത്യം. 92 വയസ്സായിരുന്നു. രണ്ട് വർഷമായി ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന അദ്ദേഹത്തെ ശ്വാസകോശ രോഗം മൂർച്ഛിച്ചതിനെത്തുടർന്നായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2004 മുതൽ 2014 വരെ രണ്ടുവട്ടം പ്രധാനമന്ത്രിപദം വഹിച്ചു മൻമോഹൻ സിങ്‌.